[1] നെബാത്തിന്റെ മകൻ യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബിയാം യെഹൂദയിൽ രാജാവായി.
[2] അവൻ മൂന്ന് സംവത്സരം യെരൂശലേമിൽ വാണു; അബീശാലോമിന്റെ പൗത്രി ആയ അവന്റെ അമ്മയുടെ പേര് മയഖാ എന്നായിരുന്നു.
[3] തന്റെ അപ്പൻ മുമ്പ് ചെയ്തിരുന്ന സകലപാപങ്ങളും അവൻ ചെയ്തു; അവന്റെ ഹൃദയം, തന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.
[4] എങ്കിലും ദാവീദിനെ ഓർത്ത് അവന്റെ ദൈവമായ യഹോവ അവന് യെരുശലേമിൽ ഒരു ദീപം നൽകുവാൻ തക്കവണ്ണം ഒരു അനന്തരാവകാശിയെ നൽകുകയും യെരൂശലേമിനെ നിലനിർത്തുകയും ചെയ്തു.
[5] ദാവീദ് തന്റെ ആയുഷ്ക്കാലത്തൊക്കെയും യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തിൽ ഒഴികെ യഹോവയുടെ കല്പനകളിൽ ഒന്നുപോലും താൻ പാലിക്കാതിരുന്നിട്ടില്ല.
[6] രെഹബെയാമും യൊരോബെയാമും തമ്മിൽ ഉണ്ടായിരുന്ന യുദ്ധം അബീയാമിന്റെ കാലത്തും തുടർന്നുകൊണ്ടിരുന്നു.
[7] അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.
[8] അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകൻ ആസാ അവന് പകരം രാജാവായി.
[9] യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി.
[10] അവൻ നാല്പത്തൊന്ന് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ പിതാമഹിക്ക് മയഖാ എന്ന് പേർ; അവൾ അബിശാലോമിന്റെ പൗത്രി ആയിരുന്നു.
[11] ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു.
[12] അവൻ പുരുഷവേശ്യകളെ ദേശത്തുനിന്ന് പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.
[13] തന്റെ പിതാമഹിയായ മയഖ അശേരെക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവൻ അവളെ രാജ്ഞിസ്ഥാനത്ത് നിന്ന് നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ച് കിദ്രോൻ തോട്ടിന്നരികെവെച്ച് ചുട്ടുകളഞ്ഞു.
[14] എന്നാൽ പൂജാഗിരികൾക്ക് നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിൽ ഏകാഗ്രമായിരുന്നു.
[15] വെള്ളി, പൊന്ന്, മറ്റ് ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ സ്വയം നിവേദിച്ചതുമായ വസ്തുക്കൾ, അവൻ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവന്നു.
[16] ആസയും യിസ്രായേൽ രാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
[17] യിസ്രായേൽ രാജാവായ ബയെശാ യെഹൂദയുടെനേരെ വന്ന്, രാമയെ പണിത് ഉറപ്പിച്ചു; യെഹൂദാ രാജാവായ ആസയുടെ അടുക്കലേക്കുള്ള പോക്കുവരവ് തടയുകയായിരുന്നു അവന്റെ ലക്ഷ്യം.
[18] അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരത്തിലെ വെള്ളിയും പൊന്നും എടുത്ത് തന്റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു; അവൻ ദമാസ്കസിൽ പാർത്തിരുന്ന ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന് അവയെ കൊടുത്തയച്ചു:
[19] “എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ ഉണ്ടായിരുന്ന സഖ്യത പോലെ നമുക്ക് തമ്മിലും ഒരു സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്ക് സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെവിട്ടു പോകേണ്ടതിന് നീ ചെന്ന് അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം” എന്ന് പറയിച്ചു.
[20] ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ കേട്ട്, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്ക് നേരെ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മയഖയും കിന്നേരെത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.
[21] ബയെശാ അത് കേട്ടപ്പോൾ രാമാ പണിയുന്നത് നിർത്തലാക്കി, തിർസ്സയിൽ തന്നേ പാർത്തു.
[22] ആസാ രാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്ന് ബയെശാ പണിത് ഉറപ്പിച്ചിരുന്ന രാമയുടെ കല്ലും മരവും എടുത്ത് കൊണ്ടുവന്നു; ആസാ രാജാവ് അവ കൊണ്ട് ബെന്യാമീനിലെ ഗിബയും മിസ്പയും പണിത് ഉറപ്പിച്ചു.
[23] ആസയുടെ മറ്റുള്ള സകല ചരിത്രങ്ങളും അവന്റെ വീര്യപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും, പട്ടണങ്ങൾ പണിതതും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർദ്ധക്യകാലത്ത് അവന്റെ കാലുകൾക്ക് രോഗം ബാധിച്ചു.
[24] ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന് പകരം രാജാവായി.
[25] യെഹൂദാ രാജാവായ ആസയുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകൻ നാദാബ് യിസ്രായേലിൽ രാജാവായി; അവൻ രണ്ട് സംവത്സരം യിസ്രായേലിൽ വാണു.
[26] അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത് തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപത്തിലും നടന്നു.
[27] എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹിയാവിന്റെ മകൻ ബയെശാ അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; നാദാബും എല്ലാ യിസ്രായേലും ഫെലിസ്ത്യരുടെ ഗിബ്ബെഥോനെ ഉപരോധിച്ചിരുന്നപ്പോൾ ബയെശാ അവിടെവച്ച് അവനെ കൊന്നു.
[28] ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടിൽ കൊന്ന് അവന് പകരം രാജാവായി.
[29] അവൻ രാജാവായ ഉടൻ തന്നെ യൊരോബെയാം ഗൃഹത്തെ മുഴുവനും കൊന്നൊടുക്കി; യഹോവ ശീലോന്യനായ അഹിയാവ് എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിന്റെ കുടുംബത്തിൽ ജീവനുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ നശിപ്പിച്ചുകളഞ്ഞു.
[30] യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ചതുമായ പാപങ്ങൾ നിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതു നിമിത്തവും ഇപ്രകാരം സംഭവിച്ചു.
[31] നാദാബിന്റെ മറ്റുള്ള പ്രവൃത്തികളും അവൻ ചെയ്തതൊക്കെയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
[32] ആസയും യിസ്രായേൽ രാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
[33] യെഹൂദാ രാജാവായ ആസയുടെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകൻ ബയെശാ എല്ലാ യിസ്രായേലിനും രാജാവായി തിർസ്സയിൽ ഇരുപത്തിനാല് സംവത്സരം വാണു.
[34] അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്ത് യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപത്തിലും നടന്നു.