Skip to content
Opens in a new window
Listen to this chapter • 5:44

[1] അങ്ങനെ ശലോമോൻ രാജാവ് എല്ലാ യിസ്രായേലിനും രാജാവായി.

[2] അവന്റെ ഉദ്യോഗസ്ഥന്മാർ: സാദോക്കിന്റെ മകൻ അസര്യാവ് പുരോഹിതൻ.

[3] ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും പകർപ്പെഴുത്തുകാർ; അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രി;

[4] യെഹോയാദയുടെ മകൻ ബെനായാവ് സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;

[5] നാഥാന്റെ മകൻ അസര്യാവ് കാര്യവിചാരകന്മാരുടെ മേധാവി; നാഥാന്റെ മകൻ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;

[6] അഹീശാർ കൊട്ടാരംവിചാരകൻ; അബ്ദയുടെ മകൻ അദോനീരാം കഠിനവേല ചെയ്യുന്നവരുടെ മേധാവി.

[7] രാജാവിനും കുടുംബത്തിനും ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന് യിസ്രായേലിലൊക്കെയും പന്ത്രണ്ട് അധിപന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസം വീതം വേണ്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുത്തിരുന്നു.

[8] അവരുടെ പേരുകൾ: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ;

[9] മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ;

[10] അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ അധീനതയിൽ ആയിരുന്നു;

[11] നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; ശലോമോന്റെ മകൾ താഫത്ത് അവന്റെ ഭാര്യയായിരുന്നു;

[12] താനാക്ക്, മെഗിദ്ദോവ്, ബേത്ത് - ശെയാൻ ദേശം മുഴുവനും ‌അഹീലൂദിന്റെ മകൻ ബാനയുടെ അധീനതയിൽ ആയിരുന്നു; ബേത്ത്ശെയാൻ, യിസ്രായേലിന് താഴെ സാരെഥാന് അരികെ യൊക്ക്മെയാമിന്റെ അപ്പുറത്തുള്ള ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെ വ്യാപിച്ചുകിടന്നു;

[13] ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ അധീനതയിൽ, ഗിലെയാദിൽ മനശ്ശെയുടെ മകൻ യായീരിന്റെ പട്ടണങ്ങളും, മതിലുകളും താമ്രഓടാമ്പലുകളും ഉള്ള അറുപത് വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ് ദേശവും ആയിരുന്നു,

[14] മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;

[15] നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകൾ ബാശെമത്തിനെ ഭാര്യയായി സ്വീകരിച്ചു;

[16] ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ;

[17] യിസ്സാഖാരിൽ പാരൂഹിന്റെ മകൻ യെഹോശാഫാത്ത്;

[18] ബെന്യാമീനിൽ ഏലയുടെ മകൻ ശിമെയി; അമോര്യ രാജാവായ സീഹോന്റെയും

[19] ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയാദ്‌ദേശത്ത് ഹൂരിന്റെ മകൻ ഗേബെർ; ആ ദേശത്ത് ഒരു അധിപതി മാത്രമേ ഉണ്ടായിരുന്നുള്ളു.

[20] യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നും കുടിച്ചും ആഹ്ളാദിച്ചും പോന്നിരുന്നു.

[21] നദിമുതൽ, ഫെലിസ്ത്യനാടും ഈജിപ്റ്റിന്റെ അതിർത്തിയും വരെയുള്ള സകലരാജ്യങ്ങളിലും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്ന്, ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.

[22] ശലോമോന്റെ നിത്യച്ചെലവ് മുപ്പത് പറ നേരിയ മാവ്, അറുപത് പറ സാധാരണമാവ്

[23] മാൻ, ഇളമാൻ, മ്ലാവ്, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്ത് കാളകൾ, മേച്ചൽപുറത്തെ ഇരുപത് കാളകൾ, നൂറ് ആടുകൾ എന്നിവ ആയിരുന്നു.

[24] നദിക്ക് ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകല ദേശത്തെയും സകല രാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന് സമാധാനം ഉണ്ടായിരുന്നു.

[25] ശലോമോന്റെ കാലത്ത് ദാൻ മുതൽ ബേർ-ശേബവരെയുള്ള യെഹൂദയും യിസ്രായേലും സുരക്ഷിതരായിരുന്നു; അവർ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ നിർഭയം വസിച്ചിരുന്നു.

[26] ശലോമോന് തന്റെ രഥങ്ങൾക്ക് നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.

[27] അധിപന്മാർ ഓരോരുത്തരും തങ്ങളുടെ തവണ അനുസരിച്ച് അതാത് മാസങ്ങളിൽ ശലോമോൻരാജാവിനും തന്റെ പന്തിഭോജനത്തിന് കൂടുന്ന എല്ലാവർക്കും വേണ്ടിയുള്ള ഭക്ഷ്യവിഭവങ്ങൾ കുറവു കൂടാതെ എത്തിച്ചുകൊടുക്കുമായിരിന്നു.

[28] അവർ കുതിരകൾക്കും പടക്കുതിരകൾക്കും യവവും വയ്ക്കോലും അവരവരുടെ മുറപ്രകാരം, ആവശ്യമായ സ്ഥലങ്ങളിൽ എത്തിച്ചുകൊടുത്തിരുന്നു.

[29] ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും അതിമഹത്തായ വിവേകവും കടല്ക്കരയിലെ മണൽപോലെ അളവറ്റ ഹൃദയവിശാലതയും കൊടുത്തു.

[30] കിഴക്കുനിന്നുള്ള സകലരുടെയും ജ്ഞാനത്തെക്കാളും, ഈജിപ്റ്റിന്റെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.

[31] സകലമനുഷ്യരെക്കാളും, എസ്രാഹ്യനായ ഏഥാന്‍, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽകോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകലരാജ്യങ്ങളിലും പരന്നു.

[32] അവൻ മൂവായിരം സദൃശവാക്യങ്ങളും ആയിരത്തഞ്ച് ഗീതങ്ങളും രചിച്ചു

[33] ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷലതാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.

[34] ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കൽനിന്ന്, അനേകർ അവന്റെ ജ്ഞാനം കേൾക്കുവാൻ വന്നു.

1 രാജാക്കന്മാർ — Chapters