[1] ഭരണാധികാരികൾക്കും മേധാവികൾക്കും വിധേയരും അനുസരണശീലമുള്ളവരുമായി നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹം കാണിക്കാൻ വിശ്വാസികളെ നീ അനുസ്മരിപ്പിക്കുക.
[2] ആരെക്കുറിച്ചും അപവാദം പറയാതെയും തർക്കങ്ങൾ ഒഴിവാക്കിയും സൗമ്യശീലരായി എല്ലാവരോടും വിനയത്തോടെ പെരുമാറുവാനും നീ ഓർമിപ്പിക്കുക.
[3] കാരണം, നാമും ഒരുകാലത്ത് അജ്ഞരും അനുസരണകെട്ടവരും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടവരും പലതരം പാപമോഹങ്ങൾക്കും സുഖഭോഗങ്ങൾക്കും അടിമകളും വെറുപ്പിലും അസൂയയിലും ജീവിച്ചവരും പരസ്പരം ഏറ്റവും വെറുക്കുന്നവരും ആയിരുന്നു.
[4] എന്നാൽ, നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും സ്നേഹനിർഭരതയും പ്രത്യക്ഷമായപ്പോൾ,
[5] നാം ചെയ്ത നീതികർമങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു.
[6] നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിഞ്ഞത്.
[7] യേശുവിന്റെ കൃപയാൽ നാം നീതീകരിക്കപ്പെടാനും പ്രത്യാശയായ നിത്യജീവന്റെ അവകാശികൾ ആകാനും ആണ് ഇങ്ങനെ ചെയ്തത്.
[8] ഇത് വിശ്വാസയോഗ്യമായ വചനമാണ്. ദൈവത്തിൽ വിശ്വസിച്ചവർ ഊർജസ്വലതയോടെ സൽപ്രവൃത്തികളിൽ വ്യാപൃതരാകാനായി ഇക്കാര്യങ്ങൾക്കെല്ലാം നീ പ്രാമുഖ്യം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് നല്ലതും മനുഷ്യർക്കെല്ലാം ഉപകാരപ്രദവുമാണ്.
[9] നേരേമറിച്ച്, അർഥശൂന്യമായ തർക്കങ്ങൾ, ആഭിജാത്യത്തെപ്പറ്റിയുള്ള സംസാരം, ലഹളകൾ, ന്യായപ്രമാണസംബന്ധമായ തർക്കവിതർക്കങ്ങൾ എന്നിവയിൽനിന്ന് പിന്മാറുക. ഇവ വ്യർഥവും നിഷ്ഫലവുമാണ്.
[10] അന്തച്ഛിദ്രം ഉണ്ടാക്കുന്ന വ്യക്തിയെ ഒന്നുരണ്ടുതവണ ഗുണദോഷിച്ചശേഷം ഒഴിവാക്കുക.
[11] വഴിതെറ്റിക്കുന്നവനും പാപത്തിൽ ആണ്ടുപോയവനും എന്ന് അയാൾ സ്വയം വിധിച്ചിരിക്കുന്നതായി നിനക്ക് അറിയാമല്ലോ.
[12] ഞാൻ അർത്തേമാസിനെയോ തിഹിക്കൊസിനെയോ നിന്റെ അടുത്തേക്ക് അയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്ന് എന്നെ കാണാൻ പരമാവധി പരിശ്രമിക്കുക. ശീതകാലത്ത് അവിടെ താമസിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു,
[13] നിയമജ്ഞനായ സേനാസിനെയും അപ്പൊല്ലോസിനെയും ഒരു കുറവുംകൂടാതെ ഉത്സാഹത്തോടെ നീ യാത്രയാക്കുക.
[14] നമ്മുടെ ജനങ്ങൾ സൽപ്രവൃത്തികളിൽ വ്യാപൃതരായി അത്യാവശ്യക്കാരെ സഹായിക്കാൻ പഠിക്കട്ടെ. അപ്പോൾ അവർ പ്രയോജനമില്ലാത്തവർ ആകുകയില്ല.
[15] എന്നോടുകൂടെയുള്ളവരുടെ അഭിവാദനം അറിയിക്കുന്നു. വിശ്വാസത്തിൽ ഞങ്ങളെ സ്നേഹിക്കുന്നവരെ ഞങ്ങളുടെ അഭിവാദനം അറിയിക്കുക. നിങ്ങൾക്കെല്ലാവർക്കും കൃപ ഉണ്ടാകട്ടെ.