Skip to content
Opens in a new window

[1] ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലിനോടും യോശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ഇവരാണ്: സെരായാവ്, യിരെമ്യാവ്, എസ്രാ,

[2] അമര്യാവ്, മല്ലൂക്ക്, ഹത്തൂശ്,

[3] ശെഖന്യാവ്, രെഹൂം, മെരേമോത്ത്,

[4] ഇദ്ദോ, ഗിന്നെഥോയി, അബീയാവ്,

[5] മിയാമീൻ, മയദ്യാവ്, ബിൽഗാ,

[6] ശെമയ്യാവ്, യൊയാരീബ്, യെദായാവ്,

[7] സല്ലൂ, ആമോക്ക്, ഹിൽക്കിയാവ്, യെദായാവ്. യോശുവയുടെകാലത്ത്, പുരോഹിതന്മാരുടെയും അവരുടെ കൂട്ടാളികളുടെയും തലവന്മാർ ഇവരായിരുന്നു.

[8] ലേവ്യരായ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവ്, യെഹൂദാ എന്നിവരും തന്റെ കൂട്ടാളികളോടു ചേർന്ന് സ്തോത്രഗാനങ്ങളുടെ ചുമതല വഹിച്ചിരുന്ന മത്ഥന്യാവും

[9] അവരുടെ കൂട്ടാളികളായ ബക്ക്ബൂക്ക്യാവും ഉന്നോവും ശുശ്രൂഷാവേളയിൽ അവർക്ക് അഭിമുഖമായി നിന്നു.

[10] യോശുവ യോയാക്കീമിന്റെ പിതാവായിരുന്നു; യോയാക്കീം എല്യാശീബിന്റെ പിതാവ്; എല്യാശീബ് യോയാദയുടെ പിതാവ്;

[11] യോയാദാ യോനാഥാന്റെ പിതാവ്; യോനാഥാൻ യദ്ദൂവയുടെ പിതാവ്.

[12] യോയാക്കീമിന്റെകാലത്ത്, പുരോഹിതന്മാരിൽ പിതൃഭവനത്തലവന്മാർ ഇവരായിരുന്നു: സെരായാകുലത്തിനു മെരാര്യാവ്; യിരെമ്യാകുലത്തിനു ഹനന്യാവ്;

[13] എസ്രാകുലത്തിന് മെശുല്ലാം; അമര്യാകുലത്തിനു യെഹോഹാനാൻ;

[14] മല്ലൂക്ക് കുലത്തിനു യോനാഥാൻ; ശെഖന്യാകുലത്തിനു യോസേഫ്;

[15] ഹാരീം കുലത്തിന് അദ്നാ; മെരായോത്ത് കുലത്തിനു ഹെൽക്കായി;

[16] ഇദ്ദോ കുലത്തിനു സെഖര്യാവ്; ഗിന്നെഥോൻ കുലത്തിനു മെശുല്ലാം;

[17] അബീയാവ് കുലത്തിനു സിക്രി; മിന്യാമീൻ, മോവദ്യാകുലങ്ങൾക്കു പിൽതായി;

[18] ബിൽഗാ കുലത്തിനു ശമ്മൂവാ; ശെമയ്യാകുലത്തിനു യെഹോനാഥാൻ;

[19] യൊയാരീബ് കുലത്തിനു മത്ഥെനായി; യെദായാ കുലത്തിന് ഉസ്സി;

[20] സല്ലായി കുലത്തിനു കല്ലായി; ആമോക്ക് കുലത്തിന് ഏബെർ;

[21] ഹിൽക്കിയാ കുലത്തിനു ഹശബ്യാവ്; യെദായാ കുലത്തിനു നെഥനയേൽ.

[22] എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്തെ ലേവ്യരുടെ പിതൃഭവനത്തലവന്മാരെക്കുറിച്ചും പുരോഹിതന്മാരെക്കുറിച്ചും പാർസിരാജാവായ ദാര്യാവേശിന്റെ ഭരണകാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

[23] എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെയുള്ള ലേവ്യരായ പിതൃഭവനത്തലവന്മാരെക്കുറിച്ചുള്ള വിവരങ്ങളും ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

[24] ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവർക്ക് അഭിമുഖമായി നിന്ന സഹകാരികളും ആയിരുന്നു ലേവ്യരുടെ തലവന്മാർ. ദൈവപുരുഷനായ ദാവീദ് നിയമിച്ചിരുന്നപ്രകാരം ഇവർ വചനപ്രതിവചനമായി സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുവന്നു.

[25] മത്ഥന്യാവ്, ബക്ക്ബൂക്ക്യാവ്, ഓബദ്യാവ്, മെശുല്ലാം, തല്മോൻ, അക്കൂബ് എന്നിവർ കവാടങ്ങൾക്കരികെയുള്ള സംഭരണശാലകൾ സൂക്ഷിക്കുന്ന ദ്വാരപാലകർ ആയിരുന്നു.

[26] യോസാദാക്കിന്റെ മകനായ യോശുവയുടെ മകൻ യോയാക്കീമിന്റെയും ദേശാധിപതിയായ നെഹെമ്യാവിന്റെയും ന്യായപ്രമാണോപദേഷ്ടാവായ എസ്രാപുരോഹിതന്റെയും കാലത്ത് ഇവർ സേവനമനുഷ്ഠിച്ചു.

[27] ജെറുശലേമിന്റെ മതിൽ പ്രതിഷ്ഠിക്കുന്ന സമയത്ത്, സ്തോത്രത്തോടും സംഗീതത്തോടും ഇലത്താളങ്ങളും കിന്നരങ്ങളും വീണകളുംകൊണ്ട് ആഹ്ലാദപൂർവം ആഘോഷിക്കുന്നതിനായി ലേവ്യരെ അവരുടെ വാസസ്ഥലങ്ങളിൽനിന്നു ജെറുശലേമിലേക്ക് വിളിച്ചുവരുത്തി.

[28] സംഗീതജ്ഞരെയെല്ലാം ജെറുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും

[29] ബേത്-ഗിൽഗാലിൽനിന്നും ഗേബായുടെയും അസ്മാവെത്തിന്റെയും പ്രദേശങ്ങളിൽനിന്നും കൂട്ടിവരുത്തി; സംഗീതജ്ഞരെല്ലാം ജെറുശലേമിനുചുറ്റും തങ്ങൾക്കായി ഗ്രാമങ്ങൾ നിർമിച്ചിരുന്നു.

[30] പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ആചാരപരമായി ശുദ്ധീകരിച്ചശേഷം ജനത്തെയും കവാടങ്ങളെയും മതിലിനെയും ശുദ്ധീകരിച്ചു.

[31] തുടർന്ന് ഞാൻ യെഹൂദനേതാക്കന്മാരെ മതിലിന്റെ മുകളിലേക്കു വരുത്തി. സ്തോത്രഗാനം പാടിക്കൊണ്ട് പ്രദക്ഷിണംചെയ്യുന്ന രണ്ടു വലിയ സംഘങ്ങളെ നിയോഗിച്ചു. അവയിൽ ഒന്നു മതിലിനു മുകളിലൂടെ വലതു ഭാഗത്തേക്കു നീങ്ങി കുപ്പക്കവാടംവരെ ചെന്നു.

[32] അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദനേതാക്കന്മാരിൽ പകുതിപ്പേരും നടന്നു.

[33] അവരോടൊപ്പം അസര്യാവ്, എസ്രാ, മെശുല്ലാം,

[34] യെഹൂദാ, ബെന്യാമീൻ, ശെമയ്യാവ്, യിരെമ്യാവ് എന്നിവരും

[35] കാഹളമേന്തിയ ചില പുരോഹിതന്മാരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും

[36] അദ്ദേഹത്തിന്റെ കൂട്ടാളികളായ ശെമയ്യാവ്, അസരെയേൽ, മീലലായി, ഗീലലായി, മായായി, നെഥനയേൽ, യെഹൂദ, ഹനാനി എന്നിവരും ദൈവപുരുഷനായ ദാവീദ് നിയമിച്ചപ്രകാരമുള്ള വാദ്യങ്ങളോടുകൂടെ നടന്നു. ന്യായപ്രമാണോപദേഷ്ടാവായ എസ്രാ അവരെ നയിച്ചുകൊണ്ടു നടന്നു.

[37] ഉറവുകവാടം കടന്ന് അവർ ദാവീദിന്റെ നഗരത്തിന്റെ പടവുകയറി മതിലിന്റെ കയറ്റത്തിൽ എത്തി; ദാവീദിന്റെ അരമനയ്ക്കപ്പുറം കിഴക്കുള്ള ജലകവാടംവരെ ചെന്നു.

[38] സ്തോത്രഗാനം ആലപിക്കുന്ന രണ്ടാമത്തെ സംഘം എതിർഭാഗത്തുനിന്നും പുറപ്പെട്ടു. ജനത്തിൽ പകുതിയുമായി ഞാനും മതിലിന്മേൽക്കൂടി ചൂളഗോപുരത്തിനപ്പുറം വിശാലമതിൽവരെ അവരെ പിൻചെന്നു,

[39] എഫ്രയീം കവാടത്തിനപ്പുറം പഴയ നഗരകവാടം, മീൻകവാടം, ഹനനേലിന്റെ ഗോപുരം, ശതഗോപുരം എന്നിവ കടന്ന് ആട്ടിൻകവാടംവരെ എത്തി. അതിനുശേഷം കാവൽക്കവാടത്തിൽ വന്ന് അവർ നിന്നു.

[40] സ്തോത്രഗാനം ആലപിക്കുന്ന രണ്ടു സംഘങ്ങളും ദൈവാലയത്തിൽ അവരുടെ സ്ഥാനത്ത് നിന്നു; ഞാനും പ്രമാണികളിൽ പകുതിപ്പേരും അവരോടൊപ്പം നിന്നു.

[41] പുരോഹിതന്മാരിൽ എല്യാക്കീം, മയസേയാവ്, മിന്യാമീൻ, മീഖായാവ്, എല്യോവേനായി, സെഖര്യാവ്, ഹനന്യാവ് എന്നിവർ കാഹളങ്ങളുമായും,

[42] അവരോടൊപ്പം മയസേയാവ്, ശെമയ്യാവ്, എലെയാസാർ, ഉസ്സി, യെഹോഹാനാൻ, മൽക്കീയാവ്, ഏലാം, ഏസെർ എന്നിവരും ഉണ്ടായിരുന്നു. സംഗീതജ്ഞർ ഉറക്കെ പാടി; യിസ്രഹ്യാവ് സംഗീതജ്ഞർക്കു നേതൃത്വം നൽകി.

[43] ആ ദിവസം അവർ വലിയ യാഗങ്ങൾ അർപ്പിച്ചുകൊണ്ട്, ദൈവം അവർക്കു മഹാസന്തോഷം നൽകിയതിൽ ആഹ്ലാദിച്ചു. സ്ത്രീകളും കുട്ടികളും ആനന്ദിച്ചു. ജെറുശലേമിലെ ആനന്ദഘോഷം ബഹുദൂരം കേൾക്കാമായിരുന്നു.

[44] സംഭാവനകൾ, ആദ്യഫലങ്ങൾ, ദശാംശങ്ങൾ എന്നിവയ്ക്കുള്ള സംഭരണശാലകളുടെ മേൽനോട്ടം വഹിക്കേണ്ടതിനു ചില പുരുഷന്മാരെ ആ കാലത്തു നിയമിച്ചു. ന്യായപ്രമാണപ്രകാരം പുരോഹിതന്മാർക്കും ലേവ്യർക്കും നിയമിക്കപ്പെട്ട ഓഹരികൾ പട്ടണത്തിനു ചുറ്റുമുള്ള നിലങ്ങളിൽനിന്നു ശേഖരിക്കാൻ അവർ ചുമതലപ്പെട്ടു; ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരെയും ലേവ്യരെയുംകുറിച്ച് യെഹൂദർ സംതൃപ്തരായിരുന്നു.

[45] അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നിർവഹിച്ചു; ദാവീദിന്റെയും അദ്ദേഹത്തിന്റെ മകൻ ശലോമോന്റെയും കൽപ്പനപ്രകാരംതന്നെ സംഗീതജ്ഞരും വാതിൽക്കാവൽക്കാരും അവരുടെ ശുശ്രൂഷചെയ്തു.

[46] പൂർവകാലംമുതൽതന്നെ—ദാവീദിന്റെയും ആസാഫിന്റെയും നാളുകൾമുതൽതന്നെ—ദൈവത്തിനു സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ സംഗീതസംവിധായകരുടെ നേതൃത്വത്തിൽ ആലപിക്കുക പതിവായിരുന്നു.

[47] അതിനാൽ, സെരൂബ്ബാബേലിന്റെയും നെഹെമ്യാവിന്റെയും കാലങ്ങളിൽ എല്ലാ ഇസ്രായേല്യരും സംഗീതജ്ഞർക്കും വാതിൽക്കാവൽക്കാർക്കും ദിവസേന ആവശ്യമായ വിഹിതം നൽകിവന്നു. മറ്റു ലേവ്യർക്കും അവർ വിഹിതം കൊടുത്തു; ലേവ്യരാണ് അഹരോന്യവംശജർക്കുള്ള വിഹിതം വേർതിരിച്ചുനൽകിയത്.

നെഹെമ്യാവ് — Chapters