[1] ജനനായകന്മാർ ജെറുശലേമിൽ താമസിച്ചു; ശേഷംജനം, പത്തിലൊരാൾവീതം വിശുദ്ധനഗരമായ ജെറുശലേമിൽ പാർക്കേണ്ടതു തീരുമാനിക്കാൻ നറുക്കിട്ടു; മറ്റുള്ള ഒൻപതുപേരും അവരവരുടെ പട്ടണത്തിൽ താമസിച്ചു.
[2] ജെറുശലേമിൽ താമസിക്കാൻ സന്നദ്ധത കാട്ടിയവരെ ജനം പുകഴ്ത്തി.
[3] ജെറുശലേമിൽ താമസമുറപ്പിച്ച പ്രവിശ്യയുടെ അധിപന്മാർ ഇവരായിരുന്നു (ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസരും ശലോമോന്റെ ദാസന്മാരുടെ പിൻതുടർച്ചക്കാരും യെഹൂദാനഗരങ്ങളിലെ വ്യത്യസ്ത പട്ടണങ്ങളിൽ അവരവരുടെ സ്ഥലത്ത് താമസിച്ചു.
[4] എന്നാൽ യെഹൂദരും ബെന്യാമീന്യരുമായ മറ്റുചിലർ ജെറുശലേമിൽ താമസിച്ചു): യെഹൂദയുടെ പിൻഗാമികളിൽനിന്നും: ഫേരെസിന്റെ പുത്രന്മാരിൽ, മഹലലേലിന്റെ മകനായ ശെഫത്യാവിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവ്;
[5] ശേലഹ്യന്റെ പിൻതലമുറയിൽ സെഖര്യാവിന്റെ മകനായ യൊയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽ-ഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവ്.
[6] ഫേരെസിന്റെ പിൻഗാമികളായി ആകെ 468 പരാക്രമശാലികൾ ആയിരുന്നു ജെറുശലേമിൽ താമസിച്ചിരുന്നത്.
[7] ബെന്യാമീന്റെ പിൻഗാമികളിൽനിന്ന്: യെശയ്യാവിന്റെ മകനായ ഇഥീയേലിന്റെ മകനായ മയസേയാവിന്റെ മകനായ കോലായാവിന്റെ മകനായ പെദായാവിന്റെ മകനായ യോവേദിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂ;
[8] അദ്ദേഹത്തിന്റെ പിൻഗാമിയായ ഗബ്ബായിയും സല്ലായിയും ഇവർ എല്ലാവരുംകൂടി 928 പേരായിരുന്നു.
[9] സിക്രിയുടെ മകനായ യോവേൽ അവരുടെ അധിപതിയും, പട്ടണത്തിന്റെ പുതിയഭാഗത്തിന്റെ ചുമതല ഹസ്സെനൂവയുടെ മകനായ യെഹൂദയ്ക്കും ആയിരുന്നു.
[10] പുരോഹിതന്മാരിൽനിന്ന്: യൊയാരീബിന്റെ മകനായ യെദായാവ്; യാഖീൻ;
[11] അഹീതൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹിൽക്കിയാവിന്റെ മകൻ, ദൈവാലയപ്രമാണിയായ സെരായാവും
[12] ആലയത്തിൽ അദ്ദേഹത്തോടു ചേർന്നു പ്രവർത്തിച്ച കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 822 പേർ; മൽക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും
[13] പിതൃഭവനത്തലവന്മാരായ അദ്ദേഹത്തിന്റെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 242 പേർ; ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരെയേലിന്റെ മകൻ അമശെസായിയും
[14] അദ്ദേഹത്തോടൊപ്പം പരാക്രമശാലികളായ കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 128 പേർ. ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ അവരുടെ അധിപതിയായിരുന്നു
[15] ലേവ്യരിൽനിന്ന്: ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകൻ ശെമയ്യാവ്;
[16] ലേവ്യരുടെ തലവന്മാരും ദൈവാലയത്തിന്റെ പുറമേയുള്ള വേലയ്ക്കു ചുമതലപ്പെട്ടവരുമായ ശബ്ബെഥായിയും യോസാബാദും;
[17] ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖായുടെ മകനായ മത്ഥന്യാവ്, പ്രാർഥനയ്ക്കും സ്തോത്രാർപ്പണത്തിനും നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമാണ്; ഇദ്ദേഹത്തിന്റെ കൂട്ടാളികളിൽ രണ്ടാമനായ ബക്ക്ബൂക്ക്യാവ്; യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവായുടെ മകൻ അബ്ദ.
[18] വിശുദ്ധനഗരത്തിൽ ആകെ 284 ലേവ്യർ ഉണ്ടായിരുന്നു.
[19] വാതിൽകാവൽക്കാർ: അക്കൂബും തല്മോനും കവാടങ്ങൾക്കു കാവൽനിൽക്കുന്ന അവരുടെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 172 പേർ.
[20] ശേഷം ഇസ്രായേല്യർ ഓരോരുത്തരും പുരോഹിതന്മാരോടും ലേവ്യരോടുംചേർന്ന് യെഹൂദ്യയിലെ അവരവരുടെ അവകാശഭൂമിയിലെ ഓരോ പട്ടണത്തിലും താമസിച്ചു.
[21] ദൈവാലയദാസന്മാർ ഓഫേലിൽക്കുന്നിൽ താമസിച്ചു; സീഹയും ഗിശ്പയും അവർക്കു മേൽനോട്ടം വഹിച്ചു.
[22] ദൈവത്തിന്റെ ആലയത്തിൽ സംഗീതശുശ്രൂഷയുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന ആസാഫിന്റെ പിൻതലമുറയിൽപ്പെട്ട ഒരുവനും മീഖായുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു ജെറുശലേമിൽ ലേവ്യരുടെ അധിപതി.
[23] രാജകൽപ്പന അനുസരിച്ചായിരുന്നു സംഗീതജ്ഞരുടെ ദിനംതോറുമുള്ള ശുശ്രൂഷകൾ ക്രമീകരിച്ചിരുന്നത്.
[24] യെഹൂദയുടെ മകനായ സേരഹിന്റെ പിൻഗാമികളിൽ ഒരാളായ മെശേസബെലിന്റെ മകനായ പെഥഹ്യാവ് ജനങ്ങളെ സംബന്ധിച്ച എല്ലാ കാര്യത്തിലും രാജാവിന്റെ പ്രതിനിധിയായിരുന്നു.
[25] വയലുകളോടു കൂടിയ ഗ്രാമങ്ങളുടെ വിവരം ഇപ്രകാരമാണ്: യെഹൂദ്യരിൽ ചിലർ കിര്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും
[26] യേശുവ, മോലാദാ, ബേത്-പേലെത്,
[27] ഹസർ-ശൂവാൽ എന്നിവിടങ്ങളിലും ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും
[28] സിക്ലാഗിലും, മെഖോനയിലും അതിന്റെ ഗ്രാമങ്ങളിലും
[29] ഏൻ-രിമ്മോൻ, സോരാ, യർമൂത്ത്,
[30] സനോഹ, അദുല്ലാം എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും താമസിച്ചു. അങ്ങനെ അവർ ബേർ-ശേബമുതൽ ഹിന്നോം താഴ്വരവരെ താമസിച്ചുവന്നു.
[31] ബെന്യാമീന്യരുടെ പിൻഗാമികൾ ഗേബാമുതൽ മിക്-മാസ്, അയ്യ എന്നിവിടങ്ങളിലും ബേഥേലിലും അതിന്റെ ഗ്രാമങ്ങളിലും
[32] അനാഥോത്ത്, നോബ്, അനന്യാവ്,
[33] ഹാസോർ, രാമാ, ഗിത്ഥായീം,
[34] ഹദീദ്, സെബോയീം, നെബല്ലാത്ത്,
[35] ലോദ്, ശില്പികളുടെ താഴ്വരയായ ഓനോ എന്നിവിടങ്ങളിലും താമസിച്ചു.
[36] യെഹൂദ്യയിൽ താമസിച്ചിരുന്ന ലേവ്യരിൽ ചില ഗണങ്ങൾ ബെന്യാമീൻഗോത്രക്കാരോടൊപ്പം താമസിച്ചു.