Skip to content
Opens in a new window

[1] അപ്പോൾ ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു:

[2] “അയ്യോ! എന്റെ ദുഃഖം ഒന്നു തൂക്കിനോക്കിയെങ്കിൽ, എന്റെ ദുരിതങ്ങളെല്ലാം ഒരു തുലാസിൽ വെച്ചിരുന്നെങ്കിൽ!

[3] അതു സമുദ്രതീരത്തെ മണൽത്തരികളെക്കാൾ ഘനമേറിയതായിരിക്കും, നിശ്ചയം. അതുകൊണ്ടാണ് എന്റെ വാക്കുകൾ വീണ്ടുവിചാരമില്ലാത്ത ഒന്നായിപ്പോയത്.

[4] സർവശക്തന്റെ അസ്ത്രങ്ങൾ എന്റെമേൽ തറച്ചു, അവയുടെ വിഷം എന്റെ ആത്മാവു പാനംചെയ്തു; ദൈവത്തിന്റെ ഘോരത്വങ്ങൾ എനിക്കെതിരേ അണിനിരന്നിരിക്കുന്നു.

[5] തിന്നുന്നതിനു പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? തീറ്റി മുമ്പിലിരിക്കെ കാള മുക്കുറയിടുമോ?

[6] രുചിയില്ലാത്ത ആഹാരം ഉപ്പു ചേർക്കാതെ കഴിക്കാൻ കഴിയുമോ? മുട്ടയുടെ വെള്ളയ്ക്ക് എന്ത് രുചിയാണുള്ളത്?

[7] അതു കൈകൊണ്ട് തൊടാൻപോലും ഞാൻ ഇഷ്ടപ്പെടുന്നില്ല; അത്തരം ഭക്ഷണം എനിക്ക് മനംപിരട്ടൽ ഉണ്ടാക്കുന്നു.

[8] “ഞാൻ ആശിച്ചവ എനിക്കു കിട്ടിയിരുന്നെങ്കിൽ! എന്റെ പ്രതീക്ഷകൾ ദൈവം സാധിപ്പിച്ചുതന്നിരുന്നെങ്കിൽ!

[9] എന്നെ തകർത്തുകളയാൻ ദൈവത്തിന് ഇഷ്ടംതോന്നിയെങ്കിൽ! അവിടന്നു തന്റെ കൈനീട്ടി എന്നെ സംഹരിച്ചെങ്കിൽ നന്നായിരുന്നു.

[10] അതെനിക്ക് എത്രയോ ആശ്വാസമാകുമായിരുന്നു— പരിശുദ്ധനായവന്റെ വചനം ഞാൻ നിരസിച്ചുകളഞ്ഞില്ല എന്നോർത്ത് വിട്ടുമാറാത്ത വേദനയിൽ ഞാൻ ആനന്ദിക്കുമായിരുന്നു.

[11] “കാത്തിരിക്കേണ്ടതിന് എനിക്കു ശക്തിയെവിടെ? എന്തിനുവേണ്ടിയാണു ഞാൻ എന്റെ ജീവിതം നീട്ടിക്കൊണ്ടുപോകേണ്ടത്?

[12] എനിക്ക് കരിങ്കല്ലിന്റെ കരുത്താണോ ഉള്ളത്? എന്റെ ശരീരം വെങ്കലംകൊണ്ടുള്ള നിർമിതിയോ?

[13] എന്നെ സഹായിക്കാൻ തക്ക ശേഷി എനിക്കുണ്ടോ? വിജയം എന്നിൽനിന്ന് ഓടിമറഞ്ഞില്ലേ?

[14] “സ്നേഹിതരോട് ദയ കാട്ടാതിരിക്കുന്ന ആൾ സർവശക്തനോടുള്ള ഭയമാണ് ഉപേക്ഷിച്ചുകളയുന്നത്.

[15] എന്റെ സഹോദരന്മാർ ഇടയ്ക്കിടെ ഒഴുകുന്ന അരുവിപോലെയാണ്, അവർ ആശ്രയിക്കാൻ കൊള്ളാവുന്നവരല്ല. ഉരുകുന്ന ഹിമത്താൽ കലങ്ങുമ്പോൾ അലിയുന്ന മഞ്ഞിനാൽ കവിയുമ്പോൾ കരകവിഞ്ഞൊഴുകുന്ന നീരൊഴുക്കുപോലെയാണ് അവർ;

[17] എന്നാൽ വേനൽക്കാലത്ത് ഒഴുക്കു നിലച്ച്, ഉഷ്ണത്തിൽ അവയുടെ ചാലുകളിൽനിന്ന് അവ അദൃശ്യമായിപ്പോകുന്നു.

[18] വ്യാപാരസംഘങ്ങൾ അവയുടെ സഞ്ചാരപഥം വിട്ടു തിരിയുന്നു; അവർ ഊഷരഭൂമിയിലേക്കു തിരിഞ്ഞ് നശിച്ചുപോകുന്നു.

[19] തേമായിലെ വ്യാപാരസംഘങ്ങൾ ഈ വെള്ളം തേടിച്ചെല്ലുന്നു; ശേബയിലെ വ്യാപാരികൾ അവയ്ക്കായി പ്രതീക്ഷയോടെ നോക്കുന്നു.

[20] തങ്ങൾ വിശ്വാസമർപ്പിച്ചവയെപ്പറ്റി അവർക്കു നിരാശതോന്നുന്നു; അവർ അവിടെയെത്തി ലജ്ജിതരാകുന്നു.

[21] ഇപ്പോൾ നിങ്ങൾ ഒന്നിനും ഉപകരിക്കാത്തവരെന്നു തെളിയിച്ചിരിക്കുന്നു; ഭീകരമായതെന്തോ കണ്ട് നിങ്ങൾ ഭ്രമിച്ചിരിക്കുന്നു.

[22] ‘എനിക്ക് എന്തെങ്കിലും നൽകൂ എന്നോ നിങ്ങളുടെ ധനത്തിൽനിന്ന് എനിക്കുവേണ്ടി മോചനദ്രവ്യം അടയ്‌ക്കൂ എന്നോ ഞാൻ പറഞ്ഞുവോ?

[23] ശത്രുവിന്റെ കൈയിൽനിന്ന് എന്നെ വിടുവിക്കണമെന്നോ മർദകരുടെ ഇടയിൽനിന്ന് എന്നെ മോചിപ്പിക്കണമെന്നോ ഞാൻ ആവശ്യപ്പെട്ടോ?’

[24] “എന്നെ ഉപദേശിക്കുക; ഞാൻ മിണ്ടാതിരിക്കാം; എവിടെയാണ് എനിക്കു വീഴ്ചപറ്റിയതെന്ന് ചൂണ്ടിക്കാണിക്കുക.

[25] സത്യസന്ധമായ വാക്കുകൾ എത്ര വേദനാജനകം! എന്നാൽ നിങ്ങൾ എന്താണ് വാദിച്ചു തെളിയിക്കാൻ തുനിയുന്നത്?

[26] എന്റെ വാക്കുകളെ തിരുത്താനാണോ നിങ്ങൾ തുനിയുന്നത്? നിസ്സഹായന്റെ വാക്കുകളെ കാറ്റിനു തുല്യമാണോ പരിഗണിക്കുന്നത്.

[27] അനാഥരെപ്പോലും നിങ്ങൾ നറുക്കിട്ടു വിൽക്കുന്നു; നിങ്ങളുടെ സ്നേഹിതരെപ്പോലും നിങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു.

[28] “ഇപ്പോൾ എന്നെ കരുണയോടെ നോക്കുക; നിങ്ങളുടെ മുഖത്തുനോക്കി ഞാൻ വ്യാജം പറയുമോ?

[29] മതിയാക്കുക, അന്യായം പ്രവർത്തിക്കരുതേ; പുനർവിചിന്തനം ചെയ്താലും, എന്റെ സത്യസന്ധതയാണ് ചോദ്യംചെയ്യപ്പെടുന്നത്.

[30] എന്റെ നാവിൽ ഏതെങ്കിലും ദുഷ്ടത കാണുന്നുണ്ടോ? എന്റെ വായ്ക്കു വിപത്തിനെ തിരിച്ചറിയാൻ കഴിവില്ലേ?

ഇയ്യോബ് — Chapters