[1] ഇതിനുശേഷം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിനത്തെ ശപിച്ചു.
[2] ഇയ്യോബ് ഇപ്രകാരം പ്രതികരിച്ചു:
[3] “ഞാൻ ജനിച്ച ദിവസം നശിച്ചുപോകട്ടെ, ‘ഒരു ആൺകുട്ടി പിറന്നു!’ എന്നു പറഞ്ഞ രാത്രിയും.
[4] ആ ദിവസം അന്ധകാരപൂരിതമാകട്ടെ; ഉയരത്തിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ; അതിന്മേൽ വെളിച്ചം പ്രകാശിക്കാതിരിക്കട്ടെ.
[5] ഇരുട്ടും അന്ധതമസ്സും അതിനെ അധീനമാക്കട്ടെ; ഒരു മേഘം അതിനെ ആവരണംചെയ്യട്ടെ. കൂരിരുട്ട് അതിനെ ഭയപ്പെടുത്തട്ടെ.
[6] ആ രാത്രിയെ ഇരുട്ടു പിടികൂടട്ടെ; സംവത്സരത്തിലെ ദിനങ്ങളുടെ കൂട്ടത്തിൽ അതുൾപ്പെടാതെയും ഏതെങ്കിലും മാസങ്ങളിൽ അത് രേഖപ്പെടുത്താതെയും പോകട്ടെ.
[7] ആ രാത്രി വന്ധ്യയായിത്തീരട്ടെ; ആനന്ദഘോഷം അന്ന് കേൾക്കാതിരിക്കട്ടെ.
[8] ശപിക്കാൻ വിദഗ്ദ്ധരായവർ, തങ്ങളുടെ ശാപംകൊണ്ട് ലിവ്യാഥാനെപ്പോലും ഉണർത്താൻ കഴിവുള്ളവർ, അവർ ആ ദിവസത്തെ ശപിക്കട്ടെ.
[9] ആ ദിവസത്തെ ഉദയനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ. പകൽവെളിച്ചത്തിനായുള്ള കാത്തിരുപ്പ് വ്യർഥമാകട്ടെ; ആ ദിവസം അരുണോദയകിരണങ്ങൾ കാണാതിരിക്കട്ടെ.
[10] കാരണം അത് എന്റെ അമ്മയുടെ ഗർഭദ്വാരം അടച്ചുകളഞ്ഞില്ലല്ലോ എന്റെ കണ്ണിൽനിന്നു ദുരിതം മറയ്ക്കുകയും ചെയ്തില്ലല്ലോ.
[11] “ജനനത്തിങ്കൽത്തന്നെ ഞാൻ മരിച്ചുപോകാഞ്ഞതെന്തുകൊണ്ട്? ഗർഭപാത്രത്തിൽനിന്നു പുറപ്പെട്ടപ്പോൾത്തന്നെ അന്ത്യശ്വാസം വലിക്കാഞ്ഞതെന്തുകൊണ്ട്?
[12] കാൽമുട്ടുകൾ എന്നെ സ്വാഗതം ചെയ്തതെന്തിന്? എന്നെ മുലയൂട്ടി വളർത്തിയതെന്തിന്?
[13] ജനനദിവസംതന്നെ ഞാൻ മരിച്ചിരുന്നെങ്കിൽ, ഇപ്പോൾ ഞാൻ ഉറങ്ങി വിശ്രമിക്കുകയായിരുന്നേനേ; ഞാൻ ഉറങ്ങി ആശ്വസിക്കുകയായിരുന്നേനേ.
[14] തങ്ങൾക്കുവേണ്ടി പടുത്തുയർത്തിയ കീർത്തിസ്തംഭങ്ങൾ ഭൂമിയിലെ രാജാക്കന്മാരോടും ഭരണാധിപന്മാരോടുമൊപ്പം നിശ്ശൂന്യമായിക്കിടക്കുന്നതുപോലെതന്നെ.
[15] സ്വർണശേഖരമുള്ള പ്രഭുക്കന്മാരോടൊപ്പമോ തങ്ങളുടെ ഭവനങ്ങൾ വെള്ളികൊണ്ടു നിറച്ചവരോടൊപ്പമോ ഞാൻ വിശ്രമിക്കുമായിരുന്നേനേ.
[16] അഥവാ, ഗർഭമലസിപ്പോയ ചാപിള്ളപോലെ; വെളിച്ചം കാണാതിരിക്കുന്ന ശിശുവിനെപ്പോലെതന്നെ എന്നെ ഭൂമിയിൽ എന്തുകൊണ്ട് മറവുചെയ്തില്ല?
[17] അവിടെ ദുഷ്ടർ കലഹമുണ്ടാക്കുന്നില്ല; ക്ഷീണിതർ വിശ്രാന്തി അനുഭവിക്കുന്നു.
[18] അവിടെ ബന്ദിതരെല്ലാം ആശ്വസിക്കുന്നു; പീഡകരുടെ ശബ്ദം അവർ ശ്രവിക്കുന്നില്ല.
[19] ചെറിയവരും വലിയവരും അവിടെയുണ്ട്; അവിടെ അടിമകൾ യജമാനരിൽനിന്ന് മോചിതരായിക്കഴിയുന്നു.
[20] “ദുരിതമനുഭവിക്കുന്നവർക്കു പ്രകാശവും ഹൃദയവ്യഥ അനുഭവിക്കുന്നവർക്കു ജീവനും നൽകുന്നതെന്തിന്?
[21] അവർ മരിക്കുന്നതിനായി ആഗ്രഹിക്കുന്നു. എന്നാൽ മരണം അവർക്കു ലഭിക്കാതെപോകുന്നു; നിഗൂഢനിധികളെക്കാൾ അവർ അതിനുവേണ്ടി തെരച്ചിൽ നടത്തുന്നു.
[22] കുഴിമാടത്തിലെത്തുമ്പോൾ അവർ ആനന്ദിക്കുന്നു; അത്യന്തം സന്തുഷ്ടരായി ആഹ്ലാദിക്കുന്നു.
[23] അടുത്ത ചുവട് കാണാതെ തന്റെ വഴി മറവായിരിക്കുന്ന മനുഷ്യന്, നാലുപാടും കഷ്ടതകൊണ്ട് ദൈവം നിറച്ചിരിക്കുന്ന മനുഷ്യന്, ദൈവമേ, എന്തിന് ഈ ജീവിതം തന്നു?
[24] ഭക്ഷണം കാണുമ്പോൾ എനിക്കു നെടുവീർപ്പുണ്ടാകുന്നു. എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
[25] ഞാൻ പേടിച്ചിരുന്നത് എനിക്കു സംഭവിച്ചിരിക്കുന്നു. ഞാൻ ഭയന്നിരുന്നത് എനിക്കു വന്നുഭവിച്ചിരിക്കുന്നു.
[26] ഞാൻ അസ്വസ്ഥനും ആശ്വാസരഹിതനുമാണ്. എനിക്കു വിശ്രമമില്ല, ദുരിതങ്ങൾമാത്രമേ അവശേഷിക്കുന്നുള്ളൂ.”