Skip to content
Opens in a new window

[1] “എന്നാൽ ഇയ്യോബേ, ഇപ്പോൾ എന്റെ വാക്കുകൾ കേൾക്കുക; എന്റെ എല്ലാ വാക്കുകളും ശ്രദ്ധിക്കുക.

[2] ഇതാ, ഞാൻ എന്റെ വായ് തുറക്കുന്നു; എന്റെ നാവിൻതുമ്പിൽ വാക്കുകൾ തയ്യാറായിരിക്കുന്നു.

[3] എന്റെ ഹൃദയപരമാർഥതയിൽനിന്ന് ഉള്ളവയാണ് എന്റെ വാക്കുകൾ; എന്റെ അധരങ്ങൾ ആത്മാർഥതയോടെ പരിജ്ഞാനം സംസാരിക്കുന്നു.

[4] ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; സർവശക്തന്റെ ശ്വാസം എനിക്കു ജീവൻ നൽകുന്നു.

[5] നിനക്കു കഴിയുമെങ്കിൽ, എനിക്ക് ഉത്തരം നൽകുക; എന്റെമുമ്പാകെ നിന്റെ വാദങ്ങൾ നിരത്തിവെക്കാൻ തയ്യാറായിക്കൊള്ളുക.

[6] നോക്കൂ, ദൈവസന്നിധിയിൽ ഞാനും നിന്നെപ്പോലെതന്നെ; ഞാനും ഒരു കളിമൺകഷണമല്ലേ.

[7] എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല, എന്റെ കൈ നിനക്കു ഭാരമായിരിക്കുകയുമില്ല.

[8] “തീർച്ചയായും ഞാൻ കേൾക്കെയാണ് താങ്കൾ സംസാരിച്ചത്— ഞാൻ ആ വാക്കുകളെല്ലാം കേട്ടിരിക്കുന്നു—

[9] ‘ഞാൻ നിർമലൻ, ഒരുതെറ്റും ചെയ്തിട്ടില്ല; ഞാൻ നിഷ്കളങ്കൻ, എന്നിൽ ഒരു കുറ്റവുമില്ല.

[10] കണ്ടാലും! ദൈവം എന്നിൽ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു; എന്നെ അവിടത്തെ ശത്രുവായി പരിഗണിക്കുന്നു.

[11] അവിടന്ന് ചങ്ങലകൊണ്ട് എന്റെ കാലുകൾ ബന്ധിക്കുന്നു; എന്റെ വഴികളെല്ലാം അവിടന്ന് നിരീക്ഷിക്കുന്നു.’

[12] “എന്നാൽ ഞാൻ താങ്കളോടു പറയുന്നു: ഇതിൽ താങ്കൾ നീതിമാനല്ല, കാരണം ഏതു മനുഷ്യനെക്കാളും ദൈവം ശ്രേഷ്ഠനല്ലോ.

[13] അവിടന്ന് ആരുടെയും വാക്കുകൾക്ക് പ്രതികരിക്കുന്നില്ല, എന്നു താങ്കളെന്തിന് ദൈവത്തോടു പരാതിപ്പെടണം?

[14] ദൈവം ഇപ്പോൾ ഒരുവിധത്തിലും പിന്നീട് മറ്റൊരുവിധത്തിലും സംസാരിക്കുന്നു; മനുഷ്യർ അതു തിരിച്ചറിയുന്നില്ലതാനും.

[15] സ്വപ്നത്തിൽ, രാത്രി ദർശനത്തിൽ മനുഷ്യർ ഗാഢനിദ്രയിൽ ലയിച്ചിരിക്കെ, അവർ തന്റെ കിടക്കയിൽ ഉറങ്ങിക്കിടക്കുമ്പോൾത്തന്നെ,

[16] അവിടന്ന് അവരുടെ കാതുകളിൽ മന്ത്രിക്കുകയും ഭീതിജനകമായ മുന്നറിയിപ്പുകൾ നൽകുകയുംചെയ്യുന്നു.

[17] മനുഷ്യരെ അവരുടെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്നതിനും അവരെ തങ്ങളുടെ അഹന്തയിൽനിന്ന് അകറ്റിനിർത്തുന്നതിനും

[18] അവരുടെ പ്രാണനെ കുഴിയിൽനിന്നു സംരക്ഷിക്കുന്നതിനും അവരുടെ ജീവനെ വാളിന്റെ വായ്ത്തലയിൽ നശിക്കുന്നതിൽനിന്നുംതന്നെ.

[19] “തങ്ങളുടെ കിടക്കമേൽ വേദനയാലും തങ്ങളുടെ അസ്ഥികളുടെ നിരന്തരമായ വ്യഥയാലും മനുഷ്യർ നന്മയ്ക്കായി ശിക്ഷിക്കപ്പെടുന്നു.

[20] അവരുടെ ശരീരം ആഹാരത്തെയും പ്രാണൻ രുചികരമായ ഭക്ഷണത്തെയും വെറുക്കുന്നു.

[21] അവരുടെ മാംസം ക്ഷയിച്ച് ഇല്ലാതാകുന്നു, മറഞ്ഞിരുന്ന അസ്ഥികൾ ഇപ്പോൾ പുറത്തേക്കു തള്ളിവരുന്നു.

[22] അവർ ശവക്കുഴിയിലേക്കും അവരുടെ ജീവൻ മരണദൂതന്മാരോടും സമീപിക്കുന്നു.

[23] അവരുടെ സമീപത്ത് ഒരു ദൂതൻ ഉണ്ടായിരുന്നെങ്കിൽ, പരസഹസ്രം ദൂതന്മാരിൽ ഒരാളെ മനുഷ്യർ പരമാർഥിയാകുന്നത് എങ്ങനെ എന്നറിയിക്കാൻ അയച്ചിരുന്നെങ്കിൽ,

[24] ആ ദൂതൻ മനുഷ്യരോടു കരുണ തോന്നിയിട്ട്, ‘ഇതാ ഞാൻ ഒരു മറുവില കണ്ടെത്തിയിരിക്കുന്നു; കുഴിയിലിറങ്ങാതെ അവനെ സംരക്ഷിക്കണമേ.

[25] അവർ യൗവനത്തിലെപ്പോലെ വീണ്ടും ആയിത്തീരട്ടെ; അവരുടെ ശരീരം ഒരു ശിശുവിന്റെ ശരീരംപോലെ നവ്യമായിത്തീരട്ടെ,’ എന്ന് അവൻ പറയട്ടെ.

[26] അപ്പോൾ അവർ ദൈവത്തോടു പ്രാർഥിക്കുകയും അവിടന്ന് അവരെ സ്വീകരിക്കുകയും ചെയ്യും. അവർ ദൈവത്തിന്റെ മുഖം കാണുകയും ആനന്ദത്താൽ ആർപ്പിടുകയും ചെയ്യും; അവിടന്ന് അവരെ ആരോഗ്യപൂർണരായി പുനഃസ്ഥാപിക്കും.

[27] അപ്പോൾ അവർ മറ്റുള്ളവരുടെമുമ്പിൽ പാട്ടുപാടിക്കൊണ്ട് ഇപ്രകാരം പറയും: ‘ഞാൻ പാപംചെയ്തു നീതിയെ തകിടംമറിച്ചു, എന്നാൽ എനിക്ക് അർഹമായ ശിക്ഷ ലഭിച്ചില്ല.

[28] ദൈവം എന്നെ ശവക്കുഴിയിലേക്കു പോകുന്നതിൽനിന്ന് വിടുവിച്ചു; ജീവന്റെ പ്രകാശം ആസ്വദിക്കുന്നതിനു ഞാൻ ജീവിച്ചിരിക്കും.’

[29] “മനുഷ്യരെ ശവക്കുഴിയിൽനിന്ന് മടക്കിവരുത്താനും അവരിൽ ജീവന്റെ പ്രകാശം ശോഭിക്കുന്നതിനുംവേണ്ടി ദൈവം രണ്ടോ മൂന്നോ പ്രാവശ്യം ഇതെല്ലാം അവരോടു പ്രവർത്തിക്കുന്നു.

[31] “ഇയ്യോബേ, ശ്രദ്ധിക്കുക, ഞാൻ പറയുന്നതു കേൾക്കുക, മിണ്ടാതിരിക്കുക, ഞാൻ സംസാരിക്കട്ടെ.

[32] താങ്കൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ എന്നോടു പറയുക. താങ്കളെ നീതീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുകൊണ്ട്, സംസാരിക്കുക.

[33] അല്ലാത്തപക്ഷം, ഞാൻ പറയുന്നതു കേൾക്കുക; മിണ്ടാതിരിക്കുക; ഞാൻ താങ്കൾക്കു ജ്ഞാനം ഉപദേശിച്ചുതരാം.”

ഇയ്യോബ് — Chapters