Skip to content
Opens in a new window
Listen to this chapter • 8:17

[1] കുറെ നാളുകൾക്കുശേഷം യേശു തിബെര്യാസ് എന്നും പേരുള്ള ഗലീലാതടാകത്തിന്റെ അക്കരയ്ക്കു യാത്രയായി.

[2] രോഗികളിൽ അദ്ദേഹം പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങൾ കണ്ടിരുന്നതിനാൽ ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ അനുഗമിച്ചു.

[3] യേശു ഒരു മലയിൽ കയറി ശിഷ്യന്മാരുമൊത്ത് അവിടെ ഉപവിഷ്ടനായി.

[4] യെഹൂദരുടെ പെസഹാപ്പെരുന്നാൾ അടുത്തിരുന്നു.

[5] യേശു തല ഉയർത്തി നോക്കി; ഒരു വലിയ ജനക്കൂട്ടം തന്റെ അടുത്തേക്കു വരുന്നതുകണ്ടിട്ട് ഫിലിപ്പൊസിനോട്, “ഇവർക്ക് ഭക്ഷിക്കാൻ നാം എവിടെനിന്ന് അപ്പം വാങ്ങും?” എന്ന് ചോദിച്ചു.

[6] അയാളെ പരീക്ഷിക്കുന്നതിനായിരുന്നു ഇത് ചോദിച്ചത്; കാരണം, താൻ ചെയ്യാൻപോകുന്നത് എന്തെന്ന് അദ്ദേഹത്തിനു നേരത്തേ അറിയാമായിരുന്നു.

[7] “ഓരോരുത്തനും ഒരു ചെറിയ കഷണമെങ്കിലും കിട്ടണമെങ്കിൽ ഇരുനൂറു ദിനാറിന് അപ്പം മതിയാകുകയില്ല,” എന്ന് ഫിലിപ്പൊസ് പറഞ്ഞു.

[8] മറ്റൊരു ശിഷ്യൻ, ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ് പറഞ്ഞു,

[9] “ഇവിടെ ഒരു ബാലന്റെ കൈവശം യവംകൊണ്ടുള്ള അഞ്ച് അപ്പവും രണ്ട് മീനും ഉണ്ട്; എന്നാൽ ഇത്രയധികം ആളുകൾക്ക് അത് എന്തുള്ളൂ?”

[10] “ജനത്തെ ഇരുത്തുക,” എന്ന് യേശു പറഞ്ഞു. അവിടെ ധാരാളം പുല്ലുണ്ടായിരുന്നു; അവരിൽ പുരുഷന്മാർമാത്രം അയ്യായിരത്തോളം ഉണ്ടായിരുന്നു.

[11] തുടർന്ന് യേശു, അപ്പം എടുത്തു ദൈവത്തിന് സ്തോത്രംചെയ്ത് പന്തിയിലിരുന്നവർക്കു വിളമ്പിക്കൊടുത്തു, അതുപോലെതന്നെ മീനും വേണ്ടുവോളം കൊടുത്തു.

[12] എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോൾ യേശു ശിഷ്യന്മാരോട്; “ശേഷിച്ച കഷണങ്ങൾ ശേഖരിക്കുക, ഒന്നും നഷ്ടപ്പെടുത്തരുത്” എന്ന് പറഞ്ഞു.

[13] അവർ അവ ശേഖരിച്ചു; അഞ്ചു യവത്തപ്പത്തിൽനിന്നു ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കുട്ട നിറച്ചെടുത്തു.

[14] യേശു ചെയ്ത അടയാളം കണ്ടിട്ടു ജനങ്ങൾ, “വാസ്തവമായി, ലോകത്തിലേക്കു വരാനുള്ള പ്രവാചകൻ ഇദ്ദേഹം ആകുന്നു” എന്ന് പറഞ്ഞു.

[15] അവർ വന്നു തന്നെ പിടിച്ചു രാജാവാക്കാൻ ഉദ്ദേശിക്കുന്നു എന്നറിഞ്ഞ് യേശു ഏകനായി വീണ്ടും മലയിലേക്കു മടങ്ങി.

[16] സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യന്മാർ തടാകത്തിന്റെ തീരത്തേക്ക് ഇറങ്ങി.

[17] അവർ ഒരു വള്ളത്തിൽ കയറി തടാകത്തിന് അക്കരെയുള്ള കഫാർനഹൂമിലേക്കു യാത്രതിരിച്ചു; അപ്പോൾ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. യേശു അവരുടെയടുക്കൽ എത്തിയിരുന്നതുമില്ല.

[18] പെട്ടെന്ന് കൊടുങ്കാറ്റടിച്ചു തടാകം വളരെ ക്ഷോഭിച്ചു.

[19] അവർ അഞ്ചോ ആറോ കിലോമീറ്റർ തുഴഞ്ഞുകഴിഞ്ഞപ്പോൾ യേശു വെള്ളത്തിനുമീതേ നടന്ന് വള്ളത്തിനടുത്തേക്കു വരുന്നത് കണ്ടു; അവർ വളരെ ഭയപ്പെട്ടു.

[20] യേശു അവരോടു “ഞാനാകുന്നു, ഭയപ്പെടേണ്ട,” എന്നു പറഞ്ഞു.

[21] അപ്പോൾ അദ്ദേഹത്തെ വള്ളത്തിൽ കയറ്റാൻ അവർ സന്നദ്ധരായി; വള്ളം പെട്ടെന്ന് അവർക്ക് എത്തേണ്ട തീരത്ത് എത്തിച്ചേർന്നു.

[22] ഒരു വള്ളം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും യേശു അതിൽ കയറിയിരുന്നില്ല, ശിഷ്യന്മാർ തനിച്ചാണു പോയതെന്നും തടാകത്തിന്റെ അക്കരെ ഉണ്ടായിരുന്ന ജനക്കൂട്ടം പിറ്റേന്നാൾ മനസ്സിലാക്കി.

[23] തിബെര്യാസിൽനിന്ന്, ചില വള്ളങ്ങൾ കർത്താവ് സ്തോത്രംചെയ്തു നൽകിയ അപ്പം ജനങ്ങൾ ഭക്ഷിച്ച സ്ഥലത്തേക്കു വന്നുചേർന്നു.

[24] യേശുവോ ശിഷ്യന്മാരോ അവിടെ ഇല്ലെന്നു മനസ്സിലാക്കിയ ജനസമൂഹം യേശുവിനെ അന്വേഷിച്ചു വള്ളങ്ങളിൽ കയറി കഫാർനഹൂമിലേക്കു യാത്രയായി.

[25] തടാകത്തിന്റെ അക്കരെ യേശുവിനെ കണ്ടപ്പോൾ അവർ അദ്ദേഹത്തോട്, “റബ്ബീ, അങ്ങ് എപ്പോൾ ഇവിടെ എത്തി?” എന്ന് ചോദിച്ചു.

[26] അതിന് ഉത്തരമായി യേശു ഇങ്ങനെ പറഞ്ഞു: “സത്യം, സത്യമായി ഞാൻ നിങ്ങളോട് പറയട്ടെ: നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അടയാളങ്ങൾ കണ്ടിട്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ്.

[27] നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടിത്തന്നെ പ്രവർത്തിക്കുക; അത് മനുഷ്യപുത്രൻ നിങ്ങൾക്കു നൽകും. അവന്റെമേൽ പിതാവായ ദൈവം അവിടത്തെ അംഗീകാരമുദ്ര പതിപ്പിച്ചിരിക്കുന്നു.”

[28] അപ്പോൾ അവർ അദ്ദേഹത്തോട്, “ദൈവത്തിനു ഹിതകരമായി ഞങ്ങൾ ചെയ്യേണ്ടുന്ന പ്രവൃത്തികൾ എന്തെല്ലാമാണ്?” എന്ന് ചോദിച്ചു.

[29] “ദൈവം അയച്ചവനിൽ വിശ്വസിക്കുക; ഇതാണ് ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി,” യേശു ഉത്തരം പറഞ്ഞു.

[30] അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയിൽ വിശ്വസിക്കേണ്ടതിന് എന്ത് അത്ഭുതചിഹ്നമാണ് അങ്ങു ചെയ്യുന്നത്?

[31] ഞങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ ഭക്ഷിച്ചു; ‘അവർക്കു ഭക്ഷിക്കാൻ സ്വർഗത്തിൽനിന്ന് അപ്പം കൊടുത്തു,’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നല്ലോ.”

[32] യേശു അവരോട്, “സത്യം, സത്യമായി ഞാൻ നിങ്ങളോട് പറയട്ടെ: മോശയല്ല നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം നിങ്ങൾക്കു തരുന്നത് എന്റെ പിതാവാണ്.

[33] ദൈവത്തിന്റ അപ്പമോ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ നൽകുന്നവൻ ആകുന്നു” എന്ന് പറഞ്ഞു.

[34] “കർത്താവേ, ഈ അപ്പം എല്ലായ്പ്പോഴും ഞങ്ങൾക്കു തരേണമേ,” അവർ അദ്ദേഹത്തോട് അപേക്ഷിച്ചു.

[35] അപ്പോൾ യേശു പറഞ്ഞത്: “ഞാൻ ആകുന്നു ജീവന്റെ അപ്പം. എന്റെ അടുക്കൽ വരുന്നവന് ഒരുനാളും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല.

[36] എന്നാൽ, നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞല്ലോ.

[37] പിതാവ് എനിക്കു തരുന്നവരെല്ലാം എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവരെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല.

[38] ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യാനാണ്.

[39] എന്നെ അയച്ചവന്റെ ഇഷ്ടമോ, അവിടന്ന് എനിക്കു തന്നിട്ടുള്ളവരിൽ ആരും നഷ്ടമാകാതെ എല്ലാവരെയും ഞാൻ അന്ത്യനാളിൽ ഉയിർത്തെഴുന്നേൽപ്പിക്കണം എന്നാകുന്നു.

[40] പുത്രനെ നോക്കി, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ടാകണമെന്നാണ് എന്റെ പിതാവിന്റെ അഭീഷ്ടം; അന്ത്യനാളിൽ ഞാൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കും.”

[41] “ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം,” എന്ന് യേശു പറഞ്ഞതുകൊണ്ടു യെഹൂദർ അദ്ദേഹത്തെക്കുറിച്ചു പിറുപിറുത്ത്,

[42] “ഇയാൾ യോസഫിന്റെ മകനായ യേശു അല്ലേ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്ക് അറിയാമല്ലോ. പിന്നെ, ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു,’ എന്ന് ഇയാൾ പറയുന്നത് എന്ത്?” എന്ന് അവർ പറഞ്ഞു.

[43] യേശു പറഞ്ഞു: “നിങ്ങൾ പരസ്പരം പിറുപിറുക്കേണ്ടാ.

[44] എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല; അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും.

[45] ‘എല്ലാവരും ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരായിത്തീരും,’ ” എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിന്റെ വാക്കുകൾ കേട്ടുപഠിച്ചവരെല്ലാം എന്റെ അടുക്കൽ വരും.

[46] ദൈവത്തിൽനിന്നുള്ളവൻ അല്ലാതെ മറ്റാരും പിതാവിനെ കണ്ടിട്ടില്ല; അയാൾമാത്രം പിതാവിനെ കണ്ടിരിക്കുന്നു.

[47] “സത്യം, സത്യമായി ഞാൻ നിങ്ങളോട് പറയട്ടെ: എന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്.

[48] ഞാൻ ആകുന്നു ജീവന്റെ അപ്പം.

[49] നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവെച്ചു മന്നാ ഭക്ഷിച്ചിട്ടും മരിച്ചു.

[50] എന്നാൽ, ഭക്ഷിക്കുന്നവർ മരിക്കാതിരിക്കേണ്ടതിനു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പം ഇതാ!

[51] ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം; ഈ അപ്പം തിന്നുന്നവർ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന അപ്പമോ, എന്റെ മാംസം ആകുന്നു.”

[52] അപ്പോൾ യെഹൂദന്മാർതമ്മിൽ രൂക്ഷമായി തർക്കിച്ചുതുടങ്ങി: “നമുക്കു ഭക്ഷിക്കാൻ തന്റെ മാംസം തരാൻ ഇദ്ദേഹത്തിന് എങ്ങനെ കഴിയും?”

[53] യേശു അവരോട്, “സത്യം, സത്യമായി ഞാൻ നിങ്ങളോട് പറയട്ടെ: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കാതെയും അവന്റെ രക്തം പാനംചെയ്യാതെയും ഇരുന്നാൽ നിങ്ങളിൽ ജീവൻ ഇല്ല.

[54] എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർക്ക് നിത്യജീവൻ ഉണ്ട്. ഞാൻ അന്ത്യനാളിൽ അവരെ ഉയിർപ്പിക്കും.

[55] എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.

[56] എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവർ എന്നിലും ഞാൻ അവരിലും വസിക്കും.

[57] ജീവിക്കുന്ന പിതാവ് എന്നെ അയച്ചിട്ടു ഞാൻ പിതാവിനാൽ ജീവിക്കുന്നതുപോലെ, എന്നെ ഭക്ഷിക്കുന്നവർ ഞാൻമൂലം ജീവിക്കും.

[58] ഇതാകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം. നിങ്ങളുടെ പിതാക്കന്മാർ മന്നാ ഭക്ഷിക്കുകയും മരിക്കുകയുംചെയ്തു. എന്നാൽ, ഈ അപ്പം ഭക്ഷിക്കുന്നവർ എന്നേക്കും ജീവിക്കും.”

[59] കഫാർനഹൂമിലെ യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഈ പ്രസ്താവന ചെയ്തത്.

[60] ഇതുകേട്ട് തന്റെ ശിഷ്യന്മാരിൽ പലരും, “ഇത് കഠിനമായ ഉപദേശം; ഇത് അംഗീകരിക്കാൻ ആർക്കു കഴിയും?” എന്ന് പറഞ്ഞു.

[61] ശിഷ്യന്മാർ ഇതേക്കുറിച്ചു പിറുപിറുക്കുന്നെന്ന് മനസ്സിലാക്കിയിട്ടു യേശു അവരോട് പറഞ്ഞത്: “ഇത് നിങ്ങൾക്ക് ഇടർച്ചയുണ്ടാക്കുന്നോ?

[62] മനുഷ്യപുത്രൻ മുമ്പ് ആയിരുന്നേടത്തേക്കു കയറിപ്പോകുന്നത് നിങ്ങൾക്ക് കാണാൻ കഴിഞ്ഞെങ്കിലോ?

[63] ജീവിപ്പിക്കുന്നത് ആത്മാവാകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല. ഞാൻ സംസാരിച്ചിട്ടുള്ള വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.

[64] എങ്കിലും വിശ്വസിക്കാത്ത ചിലർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്.” അവരിൽ ആരാണു വിശ്വസിക്കാത്തതെന്നും, തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരെന്നും ആദ്യംമുതൽ യേശു അറിഞ്ഞിരുന്നു.

[65] അവിടന്ന് തുടർന്നു: “ഇതുകൊണ്ടാണ് പിതാവ് വരം നൽകിയിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ സാധ്യമല്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞത്.”

[66] അപ്പോൾമുതൽ ശിഷ്യന്മാരിൽ പലരും അദ്ദേഹത്തെ വിട്ടുപോയി. അവർ പിന്നെ ഒരിക്കലും അദ്ദേഹത്തെ അനുഗമിച്ചില്ല.

[67] “നിങ്ങളും വിട്ടുപോകാൻ ആഗ്രഹിക്കുന്നോ?” യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോട് ചോദിച്ചു.

[68] അതിനു ശിമോൻ പത്രോസ് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കൽ ഉണ്ടല്ലോ.

[69] അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയുംചെയ്യുന്നു.”

[70] അപ്പോൾ യേശു, “നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തെരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുവൻ പിശാചാണ്” എന്ന് പറഞ്ഞു.

[71] ശിമോൻ ഈസ്കര്യോത്തിന്റെ മകനായ യൂദായെ ഉദ്ദേശിച്ചാണ് അദ്ദേഹമിതു പറഞ്ഞത്. അയാൾ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ എങ്കിലും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനുള്ളവനായിരുന്നു.

യോഹന്നാൻ എഴുതിയ സുവിശേഷം — Chapters