Skip to content
Opens in a new window
Listen to this chapter • 5:20

[1] “സത്യം സത്യമായി ഞാൻ നിങ്ങളോട് പറയട്ടെ: വാതിലിലൂടെ അല്ലാതെ വേറെ വഴിയായി ആട്ടിൻ തൊഴുത്തിൽ കടക്കുന്നവൻ കള്ളനും കൊള്ളക്കാരനും ആകുന്നു.

[2] വാതിലിലൂടെ പ്രവേശിക്കുന്നവൻ ആടുകളുടെ ഇടയനാണ്.

[3] കാവൽക്കാരൻ അയാൾക്ക് വാതിൽ തുറന്നുകൊടുക്കുന്നു. ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു. അവൻ സ്വന്തം ആടുകളെ അവയുടെ പേരുവിളിച്ചു പുറത്തു കൊണ്ടുപോകുന്നു.

[4] അയാളുടെ സ്വന്തം ആടുകളെയെല്ലാം പുറത്തുകൊണ്ടുവന്നശേഷം അയാൾ അവയ്ക്കുമുമ്പേ നടക്കുന്നു. ആടുകൾ അവന്റെ ശബ്ദം തിരിച്ചറിഞ്ഞ് അവനെ അനുഗമിക്കുന്നു.

[5] എന്നാൽ, ഒരു അപരിചിതനെ അവ ഒരിക്കലും അനുഗമിക്കുകയില്ല. ശബ്ദം തിരിച്ചറിയാത്തതുകൊണ്ട് അവ അയാളെ വിട്ട് ഓടിപ്പോകും.”

[6] യേശു ഇത് ആലങ്കാരികമായിട്ടാണ് പറഞ്ഞത്; എങ്കിലും അദ്ദേഹം പറഞ്ഞതിന്റെ അർഥം എന്തെന്ന് അവർ ഗ്രഹിച്ചില്ല.

[7] യേശു വീണ്ടും പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോട് പറയട്ടെ: ഞാൻ ആകുന്നു ആടുകളുടെ വാതിൽ.

[8] എനിക്കുമുമ്പ് വന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരും ആയിരുന്നു; ആടുകൾ അവരെ ശ്രദ്ധിച്ചുമില്ല.

[9] ഞാൻ ആകുന്നു വാതിൽ. എന്നിലൂടെ പ്രവേശിക്കുന്ന ആടുകൾ സുരക്ഷിതരായിരിക്കും അവ അകത്തു വരികയും പുറത്തുപോകുകയും മേച്ചിൽ കണ്ടെത്തുകയുംചെയ്യും.

[10] മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. എന്നാൽ, ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവൻ ലഭിക്കാൻ; സമൃദ്ധമായ ജീവൻ ലഭിക്കാനാണ്.

[11] “ഞാൻ ആകുന്നു നല്ല ഇടയൻ; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവൻ അർപ്പിക്കുന്നു.

[12] എന്നാൽ, ആടുകളുടെ ഉടമസ്ഥനല്ലാത്ത കൂലിക്കാരൻ, ചെന്നായ് വരുന്നത് കാണുമ്പോൾ ആടുകളെ വിട്ട് ഓടിപ്പോകുന്നു. അപ്പോൾ ചെന്നായ് ആട്ടിൻപറ്റത്തെ ആക്രമിച്ചു ചിതറിച്ചുകളയുന്നു.

[13] അയാൾ വെറും കൂലിക്കാരനും ആടുകളെക്കുറിച്ചു കരുതൽ ഇല്ലാത്തവനുമാണല്ലോ.

[14] “ഞാൻ ആകുന്നു നല്ല ഇടയൻ; പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ, ഞാൻ എന്റെ ആടുകളെയും എന്റെ ആടുകൾ എന്നെയും അറിയുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവൻ അർപ്പിക്കുന്നു.

[16] ഈ കൂട്ടത്തിൽ ഉൾപ്പെടാത്ത വേറെയും ആടുകൾ എനിക്കുണ്ട്. അവയെയും ഞാൻ കൂട്ടിക്കൊണ്ടു വരേണ്ടതാണ്. അവയും എന്റെ ശബ്ദം കേൾക്കും. അങ്ങനെ ഒരു ആട്ടിൻകൂട്ടവും ഒരു ഇടയനും ആകും.

[17] ഞാൻ ആടുകൾക്കായി എന്റെ ജീവൻ അർപ്പിക്കുകയും അത് തിരികെ എടുക്കുകയും ചെയ്യുന്നതിനാൽ പിതാവ് എന്നെ സ്നേഹിക്കുന്നു.

[18] അത് എന്നിൽനിന്ന് ആരും എടുത്തുകളയുന്നില്ല, ഞാൻ അത് സ്വമേധയാ അർപ്പിക്കുകയും തിരിച്ചെടുക്കുകയുംചെയ്യുന്നു. അത് അർപ്പിക്കാനും തിരിച്ചെടുക്കാനും എനിക്ക് അധികാരമുണ്ട്. എന്റെ പിതാവിൽനിന്നാണ് എനിക്ക് ഈ അധികാരം ലഭിച്ചിരിക്കുന്നത്.”

[19] യേശുവിന്റെ ഈ വാക്കുകൾനിമിത്തം യെഹൂദരുടെ ഇടയിൽ വീണ്ടും ഭിന്നത ഉണ്ടായി.

[20] അവരിൽ പലരും പറഞ്ഞു: “അയാൾ ഭൂതബാധിതനാണ്, അയാൾക്കു സ്ഥിരബുദ്ധിയില്ല; അയാൾ പറയുന്നത് എന്തിനു കേൾക്കണം?”

[21] എന്നാൽ മറ്റുചിലർ: “ഇത് ഒരു ഭൂതബാധിതന്റെ വാക്കുകളല്ല; അന്ധനു കാഴ്ച നൽകാൻ ഭൂതത്തിനു കഴിയുമോ?” എന്ന് ചോദിച്ചു.

[22] ജെറുശലേമിൽ പ്രതിഷ്ഠോത്സവത്തിന്റെ സമയമായി. അത് ശീതകാലമായിരുന്നു.

[23] യേശു ദൈവാലയാങ്കണത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു.

[24] യെഹൂദർ അദ്ദേഹത്തിന്റെ ചുറ്റും വന്നു, “താങ്കൾ എത്രനാൾ ഞങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തും? താങ്കൾ ക്രിസ്തുവാണെങ്കിൽ ഞങ്ങളോടു തുറന്നുപറയുക” എന്ന് പറഞ്ഞു.

[25] യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞു. എന്നാൽ, നിങ്ങൾ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം പറയുന്നു.

[26] എന്നാൽ നിങ്ങൾ എന്റെ ആടുകൾ അല്ലാത്തതുകൊണ്ടു വിശ്വസിക്കുന്നില്ല.

[27] എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുകയുംചെയ്യുന്നു.

[28] ഞാൻ എന്റെ ആടുകൾക്കു നിത്യജീവൻ നൽകുന്നു, അവ ഒരിക്കലും നശിച്ചുപോകുകയില്ല; എന്റെ കയ്യിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല.

[29] അവയെ എനിക്കു തന്നിരിക്കുന്ന എന്റെ പിതാവ് അത്യുന്നതനാണ്; എന്റെ പിതാവിന്റെ കയ്യിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല.

[30] ഞാനും പിതാവും ഒന്നാകുന്നു.”

[31] യെഹൂദർ വീണ്ടും അദ്ദേഹത്തെ എറിയാൻ കല്ലെടുത്തു.

[32] എന്നാൽ, യേശു അവരോടു ചോദിച്ചു: “പിതാവിൽനിന്നുള്ള അനേകം നല്ല പ്രവൃത്തികൾ ഞാൻ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു നിമിത്തമാണു നിങ്ങൾ എന്നെ കല്ലെറിയുന്നത്?”

[33] യെഹൂദർ മറുപടി പറഞ്ഞു: “സൽപ്രവൃത്തികളൊന്നും നിമിത്തമല്ല, പിന്നെയോ കേവലം മനുഷ്യനായ നീ ദൈവമാണെന്ന് അവകാശപ്പെട്ടു ദൈവദൂഷണം പറയുന്നതുകൊണ്ടാണു ഞങ്ങൾ നിന്നെ കല്ലെറിയുന്നത്.”

[34] യേശു ഉത്തരം പറഞ്ഞു: “ ‘നിങ്ങൾ “ദേവന്മാർ” ആകുന്നു എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടില്ലേ?

[35] ദൈവത്തിൽനിന്ന് വചനം ലഭിച്ചവർ ‘ദേവന്മാർ,’ എന്ന് വിളിക്കപ്പെട്ടെങ്കിൽ—തിരുവെഴുത്ത് നിരർഥകമാകരുതല്ലോ—

[36] പിതാവ് സ്വന്തമായി വേർതിരിച്ചു ലോകത്തിലേക്ക് അയച്ചവനെപ്പറ്റി എന്താണു പറയേണ്ടത്? ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു നിങ്ങൾ എന്റെമേൽ എന്തിനു ദൈവദൂഷണം ആരോപിക്കുന്നു?

[37] ഞാൻ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്നിൽ വിശ്വസിക്കേണ്ടതില്ലായിരുന്നു.

[38] എന്നാൽ, ഞാൻ അവ പ്രവർത്തിക്കുന്നെങ്കിൽ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽപോലും, എന്റെ പ്രവൃത്തികൾ വിശ്വസിക്കുക; അങ്ങനെ പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു എന്നു നിങ്ങൾക്ക് അറിയാനും ഗ്രഹിക്കാനും കഴിയും.”

[39] അവർ വീണ്ടും യേശുവിനെ ബന്ധിക്കാൻ ശ്രമിച്ചു, എന്നാൽ, അദ്ദേഹം അവരുടെ പിടിയിൽപ്പെടാതെ മാറിപ്പോയി.

[40] അതിനുശേഷം യേശു യോർദാൻനദിയുടെ അക്കരെ, യോഹന്നാൻസ്നാപകൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു തിരിച്ചെത്തി അവിടെ താമസിച്ചു.

[41] ധാരാളംപേർ അദ്ദേഹത്തിന്റെ അടുക്കൽ വന്നു, “യോഹന്നാൻ അത്ഭുതചിഹ്നം ഒന്നും ചെയ്തിട്ടില്ലെങ്കിലും ഇദ്ദേഹത്തെക്കുറിച്ചു യോഹന്നാൻ പറഞ്ഞിട്ടുള്ളതെല്ലാം സത്യംതന്നെ” എന്ന് അവർ പറഞ്ഞു.

[42] അവിടെയുള്ള പലരും യേശുവിൽ വിശ്വാസമർപ്പിച്ചു.

യോഹന്നാൻ എഴുതിയ സുവിശേഷം — Chapters