Skip to content
Opens in a new window
Listen to this chapter • 7:09

[1] മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബെഥാന്യയിൽ ലാസർ എന്നു പേരുള്ള ഒരു മനുഷ്യൻ രോഗിയായിക്കിടന്നിരുന്നു.

[2] ഈ മറിയ ആയിരുന്നു കർത്താവിന്റെമേൽ സുഗന്ധതൈലം പകരുകയും പാദങ്ങൾ തന്റെ തലമുടികൊണ്ടു തുടയ്ക്കുകയും ചെയ്തത്. അവളുടെ സഹോദരനായിരുന്നു രോഗിയായിരുന്ന ലാസർ.

[3] ആ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ച്, “കർത്താവേ, അങ്ങയുടെ സ്നേഹിതൻ രോഗിയായിക്കിടക്കുന്നു” എന്ന് അറിയിച്ചു.

[4] ഇതുകേട്ട് യേശു, “ഈ രോഗം മരണഹേതുകമല്ല; പിന്നെയോ, ദൈവമഹത്ത്വത്തിനും അതിലൂടെ ദൈവപുത്രൻ മഹത്ത്വപ്പെടേണ്ടതിനും ആണ്” എന്ന് പറഞ്ഞു.

[5] യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു.

[6] എന്നിട്ടും ലാസർ രോഗിയായിരിക്കുന്നു എന്നു കേട്ടിട്ട് താൻ ആയിരുന്ന സ്ഥലത്തു രണ്ടുദിവസംകൂടി താമസിച്ചു.

[7] അതിനുശേഷം യേശു ശിഷ്യന്മാരോട്, “നമുക്കു യെഹൂദ്യയിലേക്കു തിരിച്ചുപോകാം” എന്ന് പറഞ്ഞു.

[8] അപ്പോൾ അവർ ചോദിച്ചു: “റബ്ബീ, അൽപ്പകാലം മുമ്പല്ലേ യെഹൂദർ അങ്ങയെ കല്ലെറിയാൻ ഭാവിച്ചത്? എന്നിട്ടും അങ്ങ് അവിടേക്കു തിരിച്ചുപോകുന്നോ?”

[9] യേശു മറുപടി പറഞ്ഞു: “പന്ത്രണ്ടുമണിക്കൂറല്ലേ പകലിനുള്ളത്? ഈ ലോകത്തിന്റെ പ്രകാശം കാണാൻ കഴിയുന്നതുകൊണ്ട് പകലിൽ നടക്കുന്ന മനുഷ്യൻ തട്ടിവീഴുന്നില്ല.

[10] എന്നാൽ രാത്രിയിൽ നടക്കുന്നയാൾ പ്രകാശമില്ലാത്തതുകൊണ്ടു കാലിടറിവീഴുന്നു.”

[11] ഇതു പറഞ്ഞിട്ട് യേശു ഇപ്രകാരം തുടർന്നു: “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊണ്ടിരിക്കുന്നു, അവനെ ഉണർത്താൻ ഞാൻ അവിടേക്കു പോകുന്നു.”

[12] ശിഷ്യന്മാർ ഉത്തരം പറഞ്ഞു. “കർത്താവേ, അയാൾ ഉറങ്ങുകയാണെങ്കിൽ സുഖംപ്രാപിക്കുമല്ലോ?”

[13] യേശു അയാളുടെ മരണത്തെക്കുറിച്ചായിരുന്നു സൂചിപ്പിച്ചത്; എന്നാൽ, സാധാരണ ഉറക്കത്തെക്കുറിച്ചാണ് യേശു പറഞ്ഞതെന്ന് ശിഷ്യന്മാർ തെറ്റിദ്ധരിച്ചു.

[14] അപ്പോൾ യേശു സ്പഷ്ടമായി പറഞ്ഞു. “ലാസർ മരിച്ചുപോയി.

[15] നിങ്ങൾ വിശ്വസിക്കാൻ ഇതു കാരണമാകുമല്ലോ എന്നതിനാൽ ഞാൻ അവിടെ ഇല്ലാതിരുന്നതിൽ നിങ്ങളെ ഓർത്ത് ആനന്ദിക്കുന്നു. നമുക്ക് അവന്റെ അടുത്തേക്കു പോകാം.”

[16] അപ്പോൾ ദിദിമൊസ് എന്നു പേരുള്ള തോമസ്, “നമുക്കും പോകാം അദ്ദേഹത്തോടുകൂടെ മരിക്കാം” എന്ന് മറ്റുള്ള ശിഷ്യന്മാരോടു പറഞ്ഞു.

[17] യേശു അവിടെ എത്തിയപ്പോൾ ലാസറിനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസം കഴിഞ്ഞിരുന്നു എന്ന് അറിഞ്ഞു.

[18] ജെറുശലേമിൽനിന്നു ബെഥാന്യയിലേക്കു മൂന്ന് കിലോമീറ്ററിൽ താഴെമാത്രമേ ദൂരം ഉണ്ടായിരുന്നുള്ളൂ.

[19] സഹോദരന്റെ വേർപാടിൽ മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ അനേകം യെഹൂദർ എത്തിയിരുന്നു.

[20] യേശു വരുന്നു എന്നു കേട്ടപ്പോൾ അദ്ദേഹത്തെ എതിരേൽക്കാൻ മാർത്ത ഇറങ്ങിച്ചെന്നു; എന്നാൽ, മറിയ വീട്ടിൽത്തന്നെ ഇരുന്നു.

[21] മാർത്ത യേശുവിനോട്: “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു.

[22] എങ്കിലും അങ്ങ് ചോദിക്കുന്നതെന്തും ഇപ്പോഴും ദൈവം അങ്ങേക്കു തരുമെന്ന് എനിക്കറിയാം” എന്ന് പറഞ്ഞു.

[23] “നിന്റെ സഹോദരൻ ഇനിയും ജീവിക്കും,” യേശു അവളോടു പറഞ്ഞു.

[24] “അവസാനനാളിലെ പുനരുത്ഥാനത്തിൽ അയാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം,” മാർത്ത പറഞ്ഞു.

[25] അതിനു യേശു, “ഞാൻ ആകുന്നു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നയാൾ മരിച്ചാലും ജീവിക്കും;

[26] എന്നിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ചിരുന്ന ആരും ഒരിക്കലും മരിക്കുകയില്ല. ഇത് നീ വിശ്വസിക്കുന്നുവോ?” എന്ന് ചോദിച്ചു.

[27] അവൾ പറഞ്ഞു “ഉവ്വ് കർത്താവേ,”. “ലോകത്തിലേക്കു വരാനുള്ള ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാൻ വിശ്വസിക്കുന്നു.”

[28] ഇതു പറഞ്ഞശേഷം അവൾ തിരികെപ്പോയി സഹോദരിയായ മറിയയെ അടുക്കൽ വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ അന്വേഷിക്കുന്നു” എന്നു രഹസ്യമായി പറഞ്ഞു.

[29] ഇതു കേട്ടു മറിയ വേഗം എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി.

[30] യേശു ആസമയംവരെ ഗ്രാമത്തിൽ കടക്കാതെ, മാർത്ത തന്നെ എതിരേറ്റ ആ സ്ഥലത്തുതന്നെ ആയിരുന്നു.

[31] മറിയയ്ക്ക് ആശ്വാസം പകർന്നുകൊണ്ട് അവളോടൊപ്പം ഭവനത്തിൽ ഉണ്ടായിരുന്ന യെഹൂദർ, അവൾ വേഗത്തിൽ എഴുന്നേറ്റു പുറത്തേക്കു പോകുന്നതുകണ്ട്, കല്ലറയ്ക്കൽ ചെന്നു കരയാൻ പോകുന്നു എന്ന് കരുതി അവളുടെ പിന്നാലെ ചെന്നു.

[32] യേശു ഉണ്ടായിരുന്ന സ്ഥലത്തു മറിയ എത്തി അദ്ദേഹത്തെ കണ്ടു കാൽക്കൽവീണു, “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്ന് പറഞ്ഞു.

[33] അവളും അവളോടുകൂടെ വന്ന മറ്റ് യെഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ അതിദുഃഖിതനായി അസ്വസ്ഥനായിത്തീർന്നു.

[34] “നിങ്ങൾ അവനെ എവിടെയാണു സംസ്കരിച്ചത്?” എന്ന് യേശു ചോദിച്ചു. “കർത്താവേ, വന്നു കണ്ടാലും,” അവർ ഉത്തരം പറഞ്ഞു.

[35] യേശു കരഞ്ഞു.

[36] അപ്പോൾ യെഹൂദർ, “നോക്കൂ, യേശു അവനെ എത്രമാത്രം സ്നേഹിച്ചിരുന്നു!” എന്ന് പറഞ്ഞു.

[37] എന്നാൽ അവരിൽ ചിലർ ചോദിച്ചു, “അന്ധന്റെ കണ്ണു തുറന്ന ഇദ്ദേഹത്തിന് ഇവനെ മരണത്തിൽനിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?”

[38] യേശു വീണ്ടും ദുഃഖാർത്തനായി കല്ലറയുടെ അടുത്ത് എത്തി. അത് ഒരു ഗുഹയായിരുന്നു. ഗുഹാമുഖം ഒരു കല്ലുവെച്ച് അടച്ചിരുന്നു.

[39] “കല്ല് ഉരുട്ടിമാറ്റുക,” യേശു പറഞ്ഞു. മരിച്ചയാളുടെ സഹോദരിയായ മാർത്ത അപ്പോൾ, “കർത്താവേ, നാറ്റംവെച്ചുതുടങ്ങി; ഇപ്പോൾ നാലു ദിവസമായല്ലോ” എന്ന് പറഞ്ഞു.

[40] “നീ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്ത്വം കാണുമെന്ന് ഞാൻ നിന്നോടു പറഞ്ഞില്ലയോ,” എന്നു യേശു ചോദിച്ചു.

[41] അവർ കല്ലു നീക്കി. അപ്പോൾ യേശു സ്വർഗത്തിലേക്കു കണ്ണുകളുയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, അവിടന്ന് എന്റെ അപേക്ഷ കേട്ടതുകൊണ്ടു ഞാൻ അങ്ങയെ വാഴ്ത്തുന്നു.

[42] അങ്ങ് എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നെന്ന് എനിക്കറിയാം. എങ്കിലും അവിടന്നാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ഈ നിൽക്കുന്ന ജനം വിശ്വസിക്കേണ്ടതിന് ഇവർ നിമിത്തം എല്ലാവരും കേൾക്കെ ഞാൻ ഇതു പറയുന്നു.”

[43] തുടർന്ന് യേശു ഉച്ചസ്വരത്തിൽ, “ലാസറേ, പുറത്തുവരിക” എന്നു വിളിച്ചുപറഞ്ഞു.

[44] മരിച്ചുപോയിരുന്നയാൾ ജീവനുള്ളയാളായി പുറത്തുവന്നു; അവന്റെ കൈകാലുകൾ ശവക്കച്ചകൊണ്ടു ചുറ്റിയും മുഖം തൂവാലകൊണ്ടു മൂടിയുമിരുന്നു. “അവന്റെ കെട്ടുകൾ അഴിക്കുക, അയാൾ പോകട്ടെ,” എന്നു യേശു പറഞ്ഞു.

[45] മറിയയെ സന്ദർശിക്കാൻ വന്ന യെഹൂദരിൽ പലരും യേശു ചെയ്ത ഈ അത്ഭുതപ്രവൃത്തി കണ്ട് അദ്ദേഹത്തിൽ വിശ്വസിച്ചു.

[46] അവരിൽ ചിലരോ പരീശന്മാരുടെ അടുത്തുചെന്ന് യേശു ചെയ്തത് അറിയിച്ചു.

[47] അപ്പോൾ പുരോഹിതമുഖ്യന്മാരും പരീശന്മാരുംകൂടി ന്യായാധിപസമിതിയുടെ ഒരു യോഗം വിളിച്ചുകൂട്ടി. “ഇനി നാം എന്തുചെയ്യും?” അവർ ചോദിച്ചു. “ഈ മനുഷ്യൻ അനേകം അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കുന്നല്ലോ!

[48] ഇങ്ങനെ തുടരാൻ അനുവദിച്ചാൽ ജനമെല്ലാം അയാളിൽ വിശ്വസിക്കും; അപ്പോൾ റോമാക്കാർ വന്നു നമ്മുടെ സ്ഥാനങ്ങളെയും ജനങ്ങളെയും പൂർണമായി കൈവശപ്പെടുത്തും.”

[49] അവിടെ കൂടിയിരുന്നവരിൽ ഒരാളും ആവർഷത്തെ മഹാപുരോഹിതനുമായ കയ്യഫാവ് അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ.

[50] ഒരു ജനത മുഴുവൻ നശിക്കുന്നതിനെക്കാൾ, ഒരു മനുഷ്യൻ ജനങ്ങൾക്കുവേണ്ടി മരിക്കുന്നതാണു യുക്തമെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല.”

[51] ഇത് അയാൾ സ്വമേധയാ പറഞ്ഞതല്ല, പിന്നെയോ, ആവർഷത്തെ മഹാപുരോഹിതൻ എന്നനിലയിൽ ജനത്തിനുവേണ്ടി യേശു മരിക്കുമെന്നുള്ളതു പ്രവചിക്കുകയായിരുന്നു.

[52] ആ മരണം ഇസ്രായേൽജനതയ്ക്കുവേണ്ടിമാത്രമല്ല, ലോകംമുഴുവനും ചിതറിപ്പോയിരിക്കുന്ന ദൈവമക്കളെയെല്ലാം ഒരുമിച്ച് ചേർക്കുന്നതിനുവേണ്ടിയുംകൂടിയാണ്.

[53] അന്നുമുതൽ അവർ യേശുവിനെ വധിക്കാൻ ഗൂഢാലോചന നടത്തി.

[54] അതുകൊണ്ട് യേശു യെഹൂദ്യനാട്ടുകാർക്കിടയിൽ പരസ്യമായി സഞ്ചരിക്കാതെ, അവിടത്തെ ശിഷ്യന്മാരുമായി മരുഭൂമിക്കടുത്ത് എഫ്രയീം എന്ന ഗ്രാമത്തിലേക്കു പിൻവാങ്ങി അവിടെ താമസിച്ചു.

[55] യെഹൂദരുടെ പെസഹ സമീപിച്ചിരുന്നതിനാൽ പെസഹയ്ക്കുമുമ്പുള്ള ആചാരപരമായ ശുദ്ധീകരണം നടത്തേണ്ടതിന് അനേകർ സ്വന്തം ഗ്രാമപ്രദേശങ്ങളിൽനിന്നു ജെറുശലേമിലേക്കു യാത്രയായി.

[56] അവർ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. ദൈവാലയാങ്കണത്തിൽവെച്ച് അവർ, “നിങ്ങൾക്ക് എന്തുതോന്നുന്നു? അദ്ദേഹം പെരുന്നാളിന് ഇനി വരാതിരിക്കുമോ?” എന്നു പരസ്പരം ചോദിച്ചു.

[57] യേശു എവിടെയാണെന്ന് ആർക്കെങ്കിലും അറിവു കിട്ടിയാൽ അദ്ദേഹത്തെ പിടികൂടുന്നതിനുവേണ്ടി വിവരം തങ്ങളെ അറിയിക്കണമെന്നു പുരോഹിതമുഖ്യന്മാരും പരീശന്മാരും കൽപ്പന പുറപ്പെടുവിച്ചിരുന്നു.

യോഹന്നാൻ എഴുതിയ സുവിശേഷം — Chapters