Skip to content
Opens in a new window

[1] “ബെന്യാമീൻജനതയേ, ഓടി രക്ഷപ്പെടുക! ജെറുശലേമിൽനിന്ന് ഓടിപ്പോകുക! തെക്കോവയിൽ കാഹളനാദം മുഴക്കുക! ബേത്-ഹഖേരേമിൽ ഒരു ചിഹ്നം ഉയർത്തുക! കാരണം വടക്കുനിന്ന് ശക്തമായ ഒരു സൈന്യം വരുന്നു ഒരു മഹാനാശംതന്നെ.

[2] സുന്ദരിയും പേലവാംഗിയുമായ സീയോൻപുത്രിയെ ഞാൻ നശിപ്പിക്കും.

[3] ഭരണാധിപന്മാർ തങ്ങളുടെ കൂട്ടവുമായി അവൾക്കെതിരേ വരും; അവർ അവൾക്കുചുറ്റും കൂടാരമടിക്കും, അവർ ഓരോരുത്തരും അവർക്കു നിയമിക്കപ്പെട്ടിരിക്കുന്ന സ്ഥലം നശിപ്പിക്കും.”

[4] “അവൾക്കെതിരേ യുദ്ധത്തിന് ഒരുങ്ങുക! എഴുന്നേൽക്കുക, ഉച്ചയ്ക്കുതന്നെ നമുക്ക് ആക്രമിക്കാം! എന്നാൽ, അയ്യോ കഷ്ടം! പകൽ കടന്നുപോകുന്നു, സായാഹ്നത്തിന്റെ നിഴൽ നീണ്ടുവരുന്നു.

[5] അതുകൊണ്ട് എഴുന്നേൽക്കുക, നമുക്കു രാത്രിയിൽ ആക്രമിച്ച് അതിന്റെ അരമനകളെ നശിപ്പിക്കാം!”

[6] സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വൃക്ഷങ്ങൾ വെട്ടിയിടുക ജെറുശലേമിനെതിരേ ഉപരോധത്തിന്റെ ചരിഞ്ഞ പാത നിർമിക്കുക. ഈ നഗരം ശിക്ഷിക്കപ്പെടണം; അതിന്റെ നടുവിൽ പീഡനം നിറഞ്ഞിരിക്കുന്നു.

[7] ഒരു കിണർ ജലം പുറപ്പെടുവിക്കുന്നതുപോലെ, അവൾ തന്റെ ദുഷ്ടത പുറപ്പെടുവിക്കുന്നു. അക്രമവും കൊള്ളയുംമാത്രമേ അവിടെ കേൾക്കാനുള്ളൂ; അവളുടെ രോഗവും മുറിവും എപ്പോഴും എന്റെമുമ്പിൽ ഇരിക്കുന്നു.

[8] ജെറുശലേമേ, ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക, അല്ലാത്തപക്ഷം ഞാൻ നിന്നിൽനിന്ന് അകന്നുപോകുകയും ആർക്കും വസിക്കാൻ കഴിയാത്ത ശൂന്യദേശമായി നിന്നെ മാറ്റുകയും ചെയ്യും.”

[9] സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുന്തിരിവള്ളിയിലെ കാലാ എന്നപോലെ ഇസ്രായേലിൽ അവശേഷിച്ചവരെ അവർ സമ്പൂർണമായി പറിച്ചെടുക്കട്ടെ; മുന്തിരിപ്പഴം ശേഖരിക്കുന്നവരെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.”

[10] ഞാൻ ആരോടു സംസാരിക്കും? ആർക്കു മുന്നറിയിപ്പു നൽകും? എന്റെ വാക്കുകൾ ആരു ശ്രദ്ധിക്കും? അവരുടെ കാതുകൾ അടഞ്ഞിരിക്കുന്നതിനാൽ അവർക്കു കേൾക്കാൻ കഴിയുകയില്ല. യഹോവയുടെ വചനം അവർക്ക് അനിഷ്ടമായിരിക്കുന്നു. അവർ അതിൽ ആനന്ദം കണ്ടെത്തുന്നില്ല.

[11] അതിനാൽ ഞാൻ യഹോവയുടെ ക്രോധത്താൽ നിറഞ്ഞിരിക്കുന്നു, അത് അടക്കിവെക്കാൻ ഇനിയും എനിക്കു കഴിയില്ല. “ആ ക്രോധം തെരുവിലുള്ള കുട്ടികളുടെമേലും ഒരുമിച്ചു കൂടിയിരിക്കുന്ന യുവാക്കളുടെമേലും ചൊരിയും; ഭർത്താവിനോടൊപ്പം ഭാര്യയും പ്രായാധിക്യത്താൽ വലയുന്ന വൃദ്ധരും അതിൽനിന്നു രക്ഷപ്പെടില്ല.

[12] അവരുടെ ഭവനങ്ങളെല്ലാംതന്നെ ഒപ്പം വയലുകളും ഭാര്യമാരും എല്ലാം അന്യരുടെ വകയായിത്തീരും, ദേശവാസികൾക്കെതിരേ ഞാൻ കൈനീട്ടുമ്പോൾത്തന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്.

[13] “ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ സകലരും ദ്രവ്യാഗ്രഹികളാണ്; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെതന്നെ, എല്ലാവരും വ്യാജം പ്രവർത്തിക്കുന്നു.

[14] സമാധാനം ഇല്ലാതിരിക്കെ ‘സമാധാനം, സമാധാനം’ എന്നു പറഞ്ഞുകൊണ്ട്, അവർ എന്റെ ജനത്തിന്റെ മുറിവുകൾ ലാഘവബുദ്ധിയോടെ ചികിത്സിക്കുന്നു.

[15] വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ? ഇല്ല, അവർ ഒട്ടുംതന്നെ ലജ്ജിച്ചില്ല; നാണിക്കേണ്ടത് എങ്ങനെയെന്നുപോലും അവർക്ക് അറിയില്ല. അതുകൊണ്ട് വീണവരുടെ ഇടയിലേക്ക് അവർ വീഴും; ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർ തകർന്നുപോകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

[16] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കവലകളിൽച്ചെന്ന് നിന്നുകൊണ്ടു നോക്കുക; പുരാതന പാതകൾ ഏതെന്ന് അന്വേഷിക്കുക നല്ല മാർഗം എവിടെ എന്നു ചോദിച്ച് അതിൽ നടക്കുക; അപ്പോൾ നിങ്ങളുടെ പ്രാണനു വിശ്രമം കണ്ടെത്തും. അവരോ, ‘ഞങ്ങൾ അവയിൽ നടക്കുകയില്ല’ എന്നു പറഞ്ഞു.

[17] ഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി; ‘കാഹളനാദം ശ്രദ്ധിക്കുക!’ എന്നു കൽപ്പിച്ചു. എന്നാൽ ‘ഞങ്ങൾ ശ്രദ്ധിക്കുകയില്ല,’ എന്നു നീ പറഞ്ഞു.

[18] അതുകൊണ്ട് രാഷ്ട്രങ്ങളേ, ശ്രദ്ധിക്കുക; സാക്ഷികളേ, അവർക്ക് എന്തു സംഭവിക്കുമെന്ന് നിരീക്ഷിക്കുക.

[19] ഭൂമിയേ, കേൾക്കുക: ഇതാ, ഈ ജനം എന്റെ വചനങ്ങളും എന്റെ ന്യായപ്രമാണവും ശ്രദ്ധിക്കാതെ നിരസിച്ചുകളഞ്ഞതിനാൽ അവരുടെ ഗൂഢാലോചനകളുടെ ഫലമായ അനർഥം ഞാൻ അവരുടെമേൽ വരുത്തും.

[20] ശേബയിൽനിന്നുള്ള സുഗന്ധവർഗത്തിലും ദൂരദേശത്തുനിന്നുള്ള മധുരവയമ്പിലും എനിക്കെന്തു കാര്യം? നിങ്ങളുടെ ഹോമയാഗങ്ങൾ എനിക്കു സ്വീകാര്യമല്ല; നിങ്ങളുടെ മറ്റു യാഗങ്ങളിൽ എനിക്കു പ്രസാദവുമില്ല.”

[21] അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ഈ ജനത്തിന്റെ മുമ്പിൽ തടസ്സം സൃഷ്ടിക്കും. മാതാപിതാക്കളും മക്കളും ഒരുമിച്ച് അതിൽത്തട്ടി ഇടറിവീഴും; അയൽവാസികളും സുഹൃത്തുക്കളും ഒരുമിച്ചു നശിച്ചുപോകും.”

[22] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കേദേശത്തുനിന്ന് ഒരു സൈന്യം വരുന്നു; ഭൂമിയുടെ വിദൂരസീമകളിൽനിന്ന് ഒരു മഹത്തായ രാഷ്ട്രം ഉയർന്നുവരും.

[23] അവർ വില്ലും കുന്തവും കൈയിലേന്തും; അവർ ക്രൂരരും കരുണ കാണിക്കാത്തവരുമാണ്. അവർ കുതിരപ്പുറത്തു മുന്നേറുമ്പോൾ, അവരുടെ ആരവം സമുദ്രംപോലെ ഗർജിക്കുന്നു; സീയോൻപുത്രീ, യുദ്ധത്തിന് അണിനിരക്കുന്ന യോദ്ധാക്കളെപ്പോലെ നിന്നെ ആക്രമിക്കുന്നതിന് അവർ വരുന്നു.”

[24] നാം അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു, ഞങ്ങളുടെ കൈകൾ തളർന്നു തൂങ്ങിക്കിടക്കുന്നു. പ്രസവവേദന ബാധിച്ച സ്ത്രീ എന്നപോലെ അതിവേദന ഞങ്ങളെ പിടികൂടിയിരിക്കുന്നു.

[25] യുദ്ധരംഗത്തേക്കു ചെല്ലുകയോ വഴിയിലൂടെ നടക്കുകയോ അരുത്, കാരണം ശത്രുവിന്റെ കൈയിൽ വാളുണ്ട്, എല്ലായിടത്തും ഭീതി പരന്നിരിക്കുന്നു.

[26] എന്റെ ജനത്തിൻപുത്രീ, ചാക്കുശീല ധരിക്കുക, ചാരത്തിൽക്കിടന്ന് ഉരുളുക; ഏകജാതനെക്കുറിച്ച് എന്നപോലെ അതികഠിനമായി വിലപിക്കുക. സംഹാരകൻ പെട്ടെന്നു നമ്മുടെനേരേ വരും.

[27] “നീ എന്റെ ജനത്തിന്റെ ജീവിതം നോക്കി പരീക്ഷിച്ചറിയേണ്ടതിന് ഞാൻ നിന്നെ ലോഹങ്ങളുടെ ഒരു പരീക്ഷകനാക്കിയിരിക്കുന്നു, എന്റെ ജനം അയിരും.

[28] അവർ എല്ലാവരും മഹാമത്സരികൾ, ദൂഷണം പറഞ്ഞു നടക്കുന്നവർ. അവർ വെങ്കലവും ഇരുമ്പുംതന്നെ; അവർ എല്ലാവരും വഷളത്തം പ്രവർത്തിക്കുന്നവരാണ്.

[29] അഗ്നിയാൽ കാരീയത്തെ കത്തിച്ചുകളയുന്നതിനായി ഉല ഉഗ്രമായി ഊതിക്കൊണ്ടിരുന്നു, എന്നാൽ ഈ ശുദ്ധീകരണം വ്യർഥമായിപ്പോകുന്നു. ദുഷ്ടന്മാർ നീക്കപ്പെടുന്നില്ലല്ലോ.

[30] യഹോവ അവരെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുകയാൽ, അവർക്ക് ഉപയോഗശൂന്യമായ വെള്ളി എന്നു പേരാകും.”

യിരെമ്യാവിന്റെ പ്രവചനം — Chapters