[1] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഒരു സംഹാരകന്റെ കൊടുങ്കാറ്റ് ഞാൻ ഉണർത്തിവിടും ബാബേലിനെതിരേയും ലെബ്-കമാരിയിലെ നിവാസികൾക്കെതിരേയുംതന്നെ.
[2] ഞാൻ ബാബേലിലേക്ക് വിദേശികളെ അയയ്ക്കും, അതിനെ പാറ്റുന്നതിനും ദേശത്തെ നശിപ്പിക്കുന്നതിനുംതന്നെ; അവളുടെ നാശദിവസത്തിൽ അവർ അതിനെ നാലുവശങ്ങളിൽനിന്നും വളയും.
[3] വില്ലാളി തന്റെ വില്ലു കുലയ്ക്കാതിരിക്കട്ടെ, അയാൾ തന്റെ കവചം ധരിക്കാതെയുമിരിക്കട്ടെ. അവളുടെ യുവാക്കളെ വിട്ടയയ്ക്കരുത്; അവളുടെ മുഴുവൻ സൈന്യത്തെയും നശിപ്പിക്കുക.
[4] അവർ ബാബേൽദേശത്ത് നിഹതന്മാരായി വീഴും അവരുടെ വീഥികളിൽ മാരകമായ മുറിവേറ്റവരായിത്തന്നെ.
[5] ഇസ്രായേലിന്റെ പരിശുദ്ധന്റെ മുമ്പാകെ തങ്ങളുടെദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നെങ്കിലും അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇസ്രായേലിനെയും യെഹൂദയെയും ഉപേക്ഷിച്ചുകളഞ്ഞില്ല.
[6] “ബാബേലിൽനിന്ന് ഓടിപ്പോകുക! ഓരോരുത്തരും നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി ഓടുക! അവളുടെ പാപംമൂലം നിങ്ങൾ നശിച്ചുപോകാതിരിക്കട്ടെ. ഇത് യഹോവയുടെ പ്രതികാരത്തിനുള്ള കാലമാണ്; അവൾ അർഹിക്കുന്ന നിലയിൽ അവിടന്ന് പകരംവീട്ടും.
[7] ബാബേൽ യഹോവയുടെ കൈയിൽ സകലഭൂമിയെയും ലഹരി പിടിപ്പിക്കുന്ന സ്വർണപാനപാത്രമായിരുന്നു. രാഷ്ട്രങ്ങൾ അവളുടെ വീഞ്ഞുകുടിച്ചു; അതുകൊണ്ട് അവരെല്ലാം ഭ്രാന്തരായിത്തീർന്നിരിക്കുന്നു.
[8] പെട്ടെന്നുതന്നെ ബാബേൽ വീഴുകയും തകർക്കപ്പെടുകയും ചെയ്യുന്നു. അവളെക്കുറിച്ചു വിലപിക്കുക! അവളുടെ വേദനയ്ക്കു തൈലം കൊണ്ടുവരിക; ഒരുപക്ഷേ അവൾക്കു സൗഖ്യം ലഭിക്കും.
[9] “ ‘ഞങ്ങൾ ബാബേലിനു ചികിത്സചെയ്തു, എങ്കിലും അവൾക്കു സൗഖ്യം ലഭിച്ചില്ല; നമുക്ക് അവളെ ഉപേക്ഷിച്ച് നമ്മുടെ ദേശത്തേക്കുതന്നെ പോകാം, കാരണം അവളുടെ ശിക്ഷാവിധി ആകാശംവരെ എത്തിയിരിക്കുന്നു, സ്വർഗത്തോളംതന്നെ അത് ഉയർന്നുമിരിക്കുന്നു.’
[10] “ ‘യഹോവ നമ്മെ കുറ്റവിമുക്തരാക്കിയിരിക്കുന്നു; വരിക, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തി നമുക്കു സീയോനിൽ പ്രസ്താവിക്കാം.’
[11] “അമ്പുകൾക്ക് മൂർച്ച കൂട്ടുക, പരിചകൾ എടുക്കുക! യഹോവ മേദ്യരാജാക്കന്മാരുടെ ഹൃദയത്തെ ഉണർത്തിയിരിക്കുന്നു, കാരണം അവിടത്തെ ലക്ഷ്യം ബാബേലിനെ നശിപ്പിക്കുകതന്നെ. യഹോവ പ്രതികാരംചെയ്യും, അവിടത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരംതന്നെ.
[12] ബാബേലിന്റെ കോട്ടകൾക്കെതിരേ ഒരു കൊടിയുയർത്തുക! കാവൽ ശക്തിപ്പെടുത്തുക, കാവൽക്കാരെ നിർത്തുക, പതിയിരിപ്പുകാരെ നിയമിക്കുക! ബാബേൽ നിവാസികളെപ്പറ്റിയുള്ള യഹോവയുടെ ഉത്തരവുകൾ അവിടന്ന് നിശ്ചയമായും നിറവേറ്റും.
[13] അനേകം ജലാശയങ്ങൾക്കരികെ വസിക്കുന്ന വളരെ നിക്ഷേപങ്ങളുള്ള ദേശമേ, നിന്റെ അവസാനം വന്നിരിക്കുന്നു, നിന്നെ തകർത്തുകളയുന്നതിനുള്ള കാലംതന്നെ.
[14] സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു: തീർച്ചയായും ഞാൻ വെട്ടുക്കിളിക്കൂട്ടംപോലെയുള്ള ഒരു സൈന്യത്താൽ നിന്നെ നിറയ്ക്കും, അവർ നിന്റെനേരേ ജയഘോഷം മുഴക്കും.
[15] “അവിടന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.
[16] അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു; അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു. അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു, തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
[17] “മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ; ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു. അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്; ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല.
[18] അവ മിഥ്യയും അപഹാസപാത്രവുമാണ്; അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും.
[19] യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല, അവിടത്തെ അവകാശജനതയുടെമാത്രമല്ല, സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
[20] “നിങ്ങൾ എന്റെ ഗദയും യുദ്ധത്തിനുള്ള ആയുധവുമാണ്; നിങ്ങളെ ഉപയോഗിച്ച് ഞാൻ രാഷ്ട്രങ്ങളെ തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ രാജ്യങ്ങളെ നശിപ്പിക്കുന്നു,
[21] നിങ്ങളെ ഉപയോഗിച്ച് ഞാൻ കുതിരയെയും കുതിരച്ചേവകരെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ രഥത്തെയും രഥാരൂഢരെയും തകർക്കുന്നു,
[22] നിങ്ങളെ ഉപയോഗിച്ച് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ വൃദ്ധനെയും ബാലനെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ യുവാവിനെയും യുവതിയെയും തകർക്കുന്നു,
[23] നിങ്ങളെ ഉപയോഗിച്ച് ഞാൻ ഇടയനെയും ആട്ടിൻപറ്റത്തെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ കർഷകനെയും കാളകളെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ ദേശാധിപതികളെയും സൈന്യാധിപന്മാരെയും തകർക്കുന്നു.
[24] “ബാബേലും ബാബേലിലെ എല്ലാ നിവാസികളും സീയോനിൽവെച്ചു ചെയ്ത എല്ലാ ദോഷങ്ങൾക്കും ഞാൻ നിങ്ങളുടെ കൺമുമ്പിൽവെച്ചുതന്നെ അവരോടു പകരംവീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.
[25] “ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന നാശപർവതമേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ നിനക്കെതിരേ കൈനീട്ടി പർവതശൃംഗങ്ങളിൽനിന്ന് നിന്നെ ഉരുട്ടിക്കളയും, കത്തിയെരിഞ്ഞ ഒരു പർവതമാക്കി നിന്നെ തീർക്കും.
[26] അവർ നിന്നിൽനിന്ന് ഒരു മൂലക്കല്ലോ അടിസ്ഥാനക്കല്ലോ എടുക്കുകയില്ല, കാരണം നീ എന്നെന്നേക്കും ശൂന്യമായിത്തീരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
[27] “ദേശത്ത് ഒരു കൊടി ഉയർത്തുക! രാഷ്ട്രങ്ങൾക്കിടയിൽ കാഹളമൂതുക! അവൾക്കെതിരേ യുദ്ധത്തിന് രാഷ്ട്രങ്ങളെ സജ്ജമാക്കുക; അരാരാത്ത്, മിന്നി, അശ്കേനസ് എന്നീ രാജ്യങ്ങളെ അവൾക്കെതിരേ വിളിച്ചുകൂട്ടുക. അവൾക്കെതിരേ ഒരു സൈന്യാധിപനെ നിയമിക്കുക; വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ അയയ്ക്കുക.
[28] അവൾക്കെതിരേ യുദ്ധംചെയ്യുന്നതിന് രാഷ്ട്രങ്ങളെ സജ്ജരാക്കുക— മേദ്യരാജാക്കന്മാരെയും അവരുടെ ദേശാധിപതികളെയും സൈന്യാധിപർ മുഴുവനെയും അവരുടെ ആധിപത്യത്തിലുള്ള എല്ലാ രാജ്യങ്ങളെയുംതന്നെ.
[29] ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യസ്ഥലമാക്കിത്തീർക്കാൻ യഹോവയുടെ ആലോചനകൾ ബാബേലിന് എതിരായിത്തീർന്നതുമൂലം ദേശം നടുങ്ങുകയും വേദനയാൽ പുളയുകയും ചെയ്യുന്നു.
[30] ബാബേലിലെ യോദ്ധാക്കന്മാർ യുദ്ധം അവസാനിപ്പിച്ചിരിക്കുന്നു; അവർ അവരുടെ കോട്ടകളിൽത്തന്നെ പാർക്കുന്നു. അവരുടെ ബലം ക്ഷയിച്ചിരിക്കുന്നു; അവർ ശക്തിയില്ലാത്തവരായിരിക്കുന്നു. അവളുടെ വാസസ്ഥലങ്ങൾ ചുട്ടെരിക്കപ്പെട്ടു; അവളുടെ കവാടങ്ങളിലെ ഓടാമ്പലുകൾ തകർക്കപ്പെട്ടു.
[31] ഒരു ഓട്ടക്കാരന്റെ പിന്നാലെ മറ്റൊരു ഓട്ടക്കാരനും ഒരു സന്ദേശവാഹകന്റെ പിന്നാലെ മറ്റൊരു സന്ദേശവാഹകനും ബാബേൽരാജാവിനോട് അദ്ദേഹത്തിന്റെ നഗരംമുഴുവനും പിടിക്കപ്പെട്ടു എന്ന് അറിയിക്കുന്നതിന് ഓടിയെത്തുന്നു.
[32] നദിക്കടവുകൾ പിടിച്ചെടുക്കപ്പെട്ടെന്നും ചതുപ്പുനിലങ്ങൾ ചുട്ടെരിക്കപ്പെട്ടെന്നും പടയാളികൾ ഭയന്നുവിറച്ചിരിക്കുന്നെന്നും അറിയിക്കുന്നതിനുതന്നെ.”
[33] ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മെതിക്കാലത്തെ മെതിക്കളംപോലെയാണ് ബാബേൽപുത്രി, അവളെ കൊയ്തെടുക്കുന്നകാലം വളരെവേഗംതന്നെ വന്നുചേരും.”
[34] “ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളെ വിഴുങ്ങിക്കളഞ്ഞു, അദ്ദേഹം ഞങ്ങളെ മനോവിഭ്രാന്തിയിൽ ആഴ്ത്തിയിരിക്കുന്നു, അദ്ദേഹം എന്നെ ഒരു ഒഴിഞ്ഞ പാത്രംപോലെ ആക്കിയിരിക്കുന്നു. ഒരു ഭീകരസത്വംപോലെ അദ്ദേഹം ഞങ്ങളെ വിഴുങ്ങി, ഞങ്ങളുടെ വിശിഷ്ടഭോജ്യങ്ങൾകൊണ്ട് അദ്ദേഹം തന്റെ വയറുനിറച്ചു അതിനുശേഷം ഞങ്ങളെ ഛർദിച്ചുകളഞ്ഞു.
[35] ഞങ്ങളുടെ ശരീരത്തിൽ അദ്ദേഹം ചെയ്ത അക്രമം ബാബേലിന്മേൽ വരട്ടെ,” എന്നിങ്ങനെ സീയോൻ നിവാസികൾ പറയുന്നു. “ഞങ്ങളുടെ രക്തം ബാബേൽനിവാസികളിന്മേൽ വരട്ടെ,” എന്നു ജെറുശലേം പറയുന്നു.
[36] അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി നിനക്കുവേണ്ടി പ്രതികാരം നടത്തും; ഞാൻ അവളുടെ കടൽ വറ്റിക്കുകയും അവളുടെ നീരരുവികൾ ഉണക്കുകയും ചെയ്യും.
[37] ബാബേൽ ഒരു ശൂന്യകൂമ്പാരവും കുറുനരികൾ വിഹരിക്കുന്ന ഇടവുമായിത്തീരും. അത് നിവാസികൾ ഇല്ലാതെ ഭീതിക്കും പരിഹാസത്തിനും വിഷയമായിത്തീരും.
[38] അവളുടെ ജനമെല്ലാം സിംഹത്തെപ്പോലെ ഗർജിക്കും, സിംഹക്കുട്ടികളെപ്പോലെ മുരളും.
[39] എന്നാൽ അവർ ഉല്ലാസഭരിതരായിരിക്കെ, ഞാൻ അവർക്കൊരു വിരുന്നൊരുക്കി അവരെ മത്തുപിടിപ്പിക്കും; അങ്ങനെ അവർ ആർത്തട്ടഹസിക്കും— പിന്നീട് അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
[40] “ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെ കശാപ്പിനായി ഇറക്കിക്കൊണ്ടുവരും, ആണാടുകളെയും ആൺകോലാടുകളെയുംപോലെതന്നെ.
[41] “ശേശക്ക് എങ്ങനെ പിടിക്കപ്പെടും? സകലഭൂമിയുടെയും അഭിമാനം എങ്ങനെ പിടിച്ചടക്കപ്പെട്ടു? രാഷ്ട്രങ്ങൾക്കിടയിൽ ബാബേൽ ഒരു വിജനദേശമായത് എങ്ങനെ?
[42] കടൽ ബാബേലിന്മേൽ കവിഞ്ഞുകയറും; അതിന്റെ അലറുന്ന തിരമാലകൾ അതിനെ മൂടും.
[43] അവളുടെ പട്ടണങ്ങൾ ശൂന്യസ്ഥലങ്ങളും വരണ്ട നിലവും മരുഭൂമിയുമായിത്തീർന്നു; അത് ആൾപ്പാർപ്പില്ലാത്ത ഒരു ദേശംതന്നെ, മനുഷ്യരാരും അതിലെ യാത്രചെയ്യുന്നില്ല.
[44] ഞാൻ ബാബേലിൽവെച്ച് ബേൽദേവനെ ശിക്ഷിക്കുകയും അവൻ വിഴുങ്ങിക്കളഞ്ഞതിനെ അവന്റെ വായിൽനിന്ന് പുറപ്പെടുവിക്കുകയും ചെയ്യും. ജനതകൾ ഇനിയൊരിക്കലും അവന്റെ അടുക്കലേക്ക് ചെല്ലുകയില്ല. ബാബേലിന്റെ മതിൽ വീണുപോകും, നിശ്ചയം.
[45] “എന്റെ ജനമേ, അവളിൽനിന്ന് പുറത്തുവരിക! ജീവരക്ഷയ്ക്കായി ഓടിപ്പോകുക! യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് രക്ഷപ്പെട്ടുകൊൾക.
[46] ദേശത്ത് കിംവദന്തികൾ കേൾക്കുമ്പോൾ നിരാശപ്പെടുകയോ ഭയപ്പെടുകയോ ചെയ്യരുത്; ഈ വർഷം ഒരു കിംവദന്തി; അടുത്തവർഷം മറ്റൊന്ന്, ദേശത്തുനടക്കുന്ന അക്രമങ്ങളെയും ഭരണാധിപന്മാരുടെ മത്സരങ്ങളെയുംകുറിച്ച് ഉള്ളവതന്നെ.
[47] ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ ശിക്ഷിക്കുന്ന സമയം നിശ്ചയമായും വരും; അവളുടെ ദേശം മുഴുവനായും അപമാനിതമാകും, അവളുടെ നിഹതന്മാർ അവളുടെ അതിർത്തിക്കുള്ളിൽത്തന്നെ വീണുകിടക്കും.
[48] അന്ന് ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബേലിനെക്കുറിച്ചുള്ള ആഹ്ലാദത്താൽ ആർത്തുവിളിക്കും, ഉത്തരദിക്കിൽനിന്നു സംഹാരകർ അവളെ ആക്രമിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
[49] “ഭൂമിയിലെങ്ങും ബാബേൽനിമിത്തം ആളുകളെ കൊന്നുവീഴ്ത്തിയതുപോലെ ഇസ്രായേലിൽ വധിക്കപ്പെട്ടവർനിമിത്തം ബാബേലിന്റെ പതനം അനിവാര്യം.
[50] വാളിൽനിന്ന് ഒഴിഞ്ഞുപോയവരേ, എങ്ങും തങ്ങിനിൽക്കാതെ ഓടിപ്പോകുക! ദൂരദേശത്തുനിന്ന് യഹോവയെ ഓർക്കുക, ജെറുശലേം നിങ്ങൾക്ക് ഓർമവരട്ടെ.”
[51] “ഞങ്ങൾക്കു നേരിട്ട അപമാനംനിമിത്തം ഞങ്ങൾ നിന്ദിതരായിരിക്കുന്നു, യഹോവയുടെ ആലയത്തിലെ വിശുദ്ധസ്ഥലങ്ങളിൽ വിദേശികൾ കടന്നുകയറിയതുമൂലം ലജ്ജ ഞങ്ങളുടെ മുഖങ്ങളെ മൂടിയിരിക്കുന്നു.”
[52] “എന്നാൽ ഞാൻ അവളുടെ വിഗ്രഹങ്ങളെ ശിക്ഷിക്കുകയും അവളുടെ രാജ്യത്തുടനീളം മാരകമായി മുറിവേറ്റവർ കിടന്നു ഞരങ്ങുകയും ചെയ്യുന്ന കാലം വരുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
[53] “ബാബേൽ ആകാശംവരെ കയറിയാലും അവളുടെ ഉന്നതമായ കോട്ടകളെ അവൾ ബലപ്പെടുത്തിയാലും ഞാൻ സംഹാരകരെ അതിലേക്ക് അയയ്ക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
[54] “ബാബേലിൽനിന്ന് ഒരു നിലവിളിയും, ബാബേൽദേശത്തുനിന്ന് മഹാനാശത്തിന്റെ ശബ്ദവും കേൾക്കുന്നു.
[55] യഹോവ ബാബേലിനെ നശിപ്പിക്കും; അവളുടെ മഹാഘോഷം അവിടന്ന് ഇല്ലാതെയാക്കും. ശത്രുക്കളുടെ തിരമാലകൾ പെരുവെള്ളംപോലെ ഇരമ്പുന്നു; അവരുടെ ആരവം മുഴങ്ങിക്കേൾക്കുന്നു.
[56] സംഹാരകൻ ബാബേലിനെതിരേ വരും; അവളുടെ യോദ്ധാക്കൾ പിടിക്കപ്പെടും, അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. യഹോവ പ്രതികാരത്തിന്റെ ദൈവമാണ്; അവിടന്ന് ഒന്നും ബാക്കിവെക്കാതെ പകരംവീട്ടും.
[57] അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളായ പുരുഷന്മാരെയും അവളുടെ ദേശാധിപതികളെയും യോദ്ധാക്കളെയും ഞാൻ മത്തുപിടിപ്പിക്കും; അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,” എന്ന് സൈന്യങ്ങളുടെ യഹോവ എന്ന നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു.
[58] സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിന്റെ കനമേറിയ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും, അവളുടെ ഉയർന്ന കവാടങ്ങൾ തീയിൽ വെന്തുപോകും; അങ്ങനെ ജനതകളുടെ അധ്വാനം വ്യർഥമാകും, രാഷ്ട്രങ്ങളുടെ പ്രയത്നം അഗ്നിക്ക് ഇന്ധനമാകും.”
[59] യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ നാലാമാണ്ടിൽ അദ്ദേഹത്തോടൊപ്പം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്കു പോയപ്പോൾ യിരെമ്യാപ്രവാചകൻ അദ്ദേഹത്തോടു കൽപ്പിച്ച വചനം.
[60] അങ്ങനെ യിരെമ്യാവ് ബാബേലിനു വരാൻപോകുന്ന അനർഥമൊക്കെയും—ബാബേലിനെക്കുറിച്ച് എഴുതപ്പെട്ടിരുന്ന ഈ വചനങ്ങൾ എല്ലാംതന്നെ—ഒരു തുകൽച്ചുരുളിൽ എഴുതി.
[61] യിരെമ്യാവ് സെരായാവിനോടു പറഞ്ഞു: “നീ ബാബേലിൽ എത്തിയശേഷം ഈ വചനങ്ങൾ ഉച്ചത്തിൽ വായിക്കണം.
[62] പിന്നീട്: ‘യഹോവേ, അവിടന്ന് ഈ സ്ഥലത്തെപ്പറ്റി, അതിൽ മനുഷ്യനോ മൃഗമോ യാതൊന്നും വസിക്കാത്തവിധം അതിനെ നശിപ്പിക്കുമെന്നും അത് എന്നേക്കും വിജനമായിത്തീരും എന്നും അരുളിച്ചെയ്തല്ലോ,’ എന്നു നീ പറയണം.
[63] ഈ ചുരുൾ നീ വായിച്ചുതീർന്നശേഷം ഒരു കല്ല് അതിനോടു ചേർത്തുകെട്ടി യൂഫ്രട്ടീസ് നദിയുടെ നടുവിലേക്ക് എറിഞ്ഞുകളയണം.
[64] പിന്നീട്, ‘ഇപ്രകാരംതന്നെ ബാബേൽ മുങ്ങിപ്പോകും, ഞാൻ അവളുടെമേൽ വരുത്താൻപോകുന്ന നാശംനിമിത്തം പിന്നീട് അതു പൊങ്ങിവരികയുമില്ല. അങ്ങനെ അവളുടെ ജനം നിലംപരിചാകും,’ എന്നു നീ പറയണം.” യിരെമ്യാവിന്റെ സന്ദേശങ്ങൾ ഇവിടെ അവസാനിക്കുന്നു.