[1] ബാബേലിനെക്കുറിച്ചും ബാബേൽദേശത്തെക്കുറിച്ചും യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനം:
[2] “രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്തു പ്രസിദ്ധമാക്കുക, ഒരു കൊടി ഉയർത്തിക്കൊണ്ടുതന്നെ അതു പ്രസിദ്ധമാക്കുക; ഒന്നും മറച്ചുവെക്കാതെ സംസാരിക്കുക, ‘ബാബേൽ പിടിക്കപ്പെടും; ബേൽദേവൻ ലജ്ജയിലാണ്ടുപോകും, മെരോദക്കുദേവി ഭയംകൊണ്ടു നിറഞ്ഞിരിക്കുന്നു. അവളുടെ വിഗ്രഹങ്ങൾ ലജ്ജയിലാഴ്ത്തപ്പെട്ടു, അവളുടെ ബിംബങ്ങൾ ഭയംകൊണ്ടു നിറഞ്ഞുമിരിക്കുന്നു.’
[3] വടക്കുനിന്നും ഒരു രാഷ്ട്രം അവളുടെനേരേ ആക്രമണം അഴിച്ചുവിടുന്നു, അത് അവളുടെ രാജ്യത്തെ ശൂന്യമാക്കുന്നു. അതിൽ നിവാസികൾ ഉണ്ടാകുകയില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോകും.
[4] “ആ കാലത്തെ നാളുകളിൽ, ഇസ്രായേൽജനവും യെഹൂദാജനവും ഒരുമിച്ച് കരഞ്ഞുകൊണ്ടുവന്ന് തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
[5] “അവർ സീയോനിലേക്കുള്ള വഴി ആരായും, അവിടേക്ക് അവരുടെ മുഖം തിരിക്കും. അവർ വന്ന് ശാശ്വതമായ ഒരു ഉടമ്പടിയിൽ യഹോവയുമായി തങ്ങളെത്തന്നെ ബന്ധിക്കും, അത് അവിസ്മരണീയമായിരിക്കും.
[6] “എന്റെ ജനം നഷ്ടപ്പെട്ടുപോയ ആടുകൾ ആയിത്തീർന്നു; അവരുടെ ഇടയന്മാർ അവരെ വഴിതെറ്റിക്കുകയും അവരെ പർവതങ്ങളിൽ ഉഴന്നുനടക്കാൻ ഇടവരുത്തുകയും ചെയ്തു. അവർ പർവതത്തിൽനിന്ന് മലയിലേക്ക് അലഞ്ഞുതിരിഞ്ഞ് തങ്ങളുടെ വിശ്രമസ്ഥലം മറന്നുപോയി.
[7] അവരെ കണ്ടവരെല്ലാം അവരെ വിഴുങ്ങിക്കളഞ്ഞു; ‘ഞങ്ങൾ കുറ്റക്കാരല്ല; നീതിയുടെ ഇരിപ്പിടമായ യഹോവയ്ക്കെതിരേ, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായിരുന്ന യഹോവയ്ക്കെതിരേതന്നെ അവർ പാപംചെയ്തുവല്ലോ,’ എന്ന് അവരുടെ ശത്രുക്കൾ പറഞ്ഞു.
[8] “ബാബേലിൽനിന്ന് ഓടിപ്പോകുക; ബാബേൽദേശം വിട്ടുപോകുക, ആട്ടിൻപറ്റത്തിന് മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആകുക.
[9] ഇതാ, ഞാൻ ഉത്തരദേശത്തുനിന്ന് രാഷ്ട്രങ്ങളുടെ ഒരു സഖ്യത്തെ ഉണർത്തി, ബാബേലിനെതിരേ കൊണ്ടുവരും. അവർ അവൾക്കെതിരേ യുദ്ധത്തിന് അണിനിരക്കും, ഉത്തരദിക്കിൽനിന്ന് അവൾ പിടിക്കപ്പെടും. വെറുംകൈയോടെ മടങ്ങിവരാത്ത സമർഥരായ യോദ്ധാക്കളെപ്പോലെ ആയിരിക്കും അവരുടെ അസ്ത്രങ്ങൾ.
[10] ബാബേൽദേശം കൊള്ളയായിത്തീരും, അവളെ കൊള്ളയിടുന്നവരെല്ലാം തൃപ്തരാകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
[11] “എന്റെ ഓഹരി കൊള്ളയിട്ടവരേ, നിങ്ങൾ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതുകൊണ്ട്, ധാന്യം മെതിക്കുന്ന ഒരു പശുക്കിടാവിനെപ്പോലെ നിങ്ങൾ തുള്ളിച്ചാടുന്നതുകൊണ്ടും വിത്തുകുതിരകളെപ്പോലെ ഹർഷാരവം മുഴക്കുന്നതുകൊണ്ടും,
[12] നിങ്ങളുടെ മാതാവ് ഏറ്റം ലജ്ജിച്ചുപോകും; നിന്നെ പ്രസവിച്ചവൾ അപമാനിതയാകും. അവൾ രാഷ്ട്രങ്ങളിൽവെച്ച് ഏറ്റവും ചെറിയവളാകും— ഒരു മരുഭൂമിയും വരണ്ടദേശവും ശൂന്യസ്ഥലവുമാകും.
[13] യഹോവയുടെ കോപംനിമിത്തം അവൾ, നിവാസികളില്ലാതെ തികച്ചും ശൂന്യമായിത്തീരും. ബാബേലിനരികേകൂടി യാത്രചെയ്യുന്നവരെല്ലാം സംഭ്രാന്തരായി, അവർക്കേറ്റ എല്ലാ മുറിവുകളും കണ്ട് ഏങ്ങലടിക്കും.
[14] “വില്ലുകുലയ്ക്കുന്ന ഏവരുമേ, ബാബേലിനെതിരേ എല്ലാവശങ്ങളിൽനിന്നും യുദ്ധത്തിന് അണിനിരക്കുക. അവൾക്കുനേരേ നിർല്ലോഭം അസ്ത്രം തൊടുത്തുവിടുക, കാരണം അവൾ യഹോവയ്ക്കെതിരേ പാപംചെയ്തിരിക്കുന്നു.
[15] എല്ലാ ഭാഗത്തുനിന്നും അവൾക്കെതിരേ യുദ്ധഘോഷം മുഴക്കുക! അവൾ കീഴടങ്ങുന്നു, അവളുടെ ഗോപുരങ്ങൾ വീഴുന്നു, അവളുടെ കോട്ടകൾ ഇടിച്ചുനിരത്തപ്പെടുന്നു. ഇത് യഹോവയുടെ പ്രതികാരമാകുകയാൽ, അവൾ മറ്റുള്ളവരോടു ചെയ്തതുപോലെതന്നെ അവളോടും പകരംവീട്ടുക.
[16] ബാബേലിൽനിന്ന് വിതയ്ക്കുന്നവരെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവരെയും ഛേദിച്ചുകളയുക. പീഡകന്റെ വാൾനിമിത്തം ഓരോരുത്തനും സ്വന്തം ജനത്തിനരികിലേക്കും സ്വന്തം ദേശത്തേക്കും ഓടിപ്പോകട്ടെ.
[17] “ഇസ്രായേൽ ചിതറപ്പെട്ട ഒരു ആട്ടിൻപറ്റമാണ്, സിംഹങ്ങൾ അവരെ തുരത്തിയോടിച്ചു. അശ്ശൂർരാജാവാണ് അവരെ ആദ്യം വിഴുങ്ങിയത്; അവരുടെ എല്ലുകൾ ഒടിച്ചുകളഞ്ഞ അവസാനത്തെ ശത്രു ബാബേൽരാജാവായ നെബൂഖദ്നേസർ തന്നെ.”
[18] അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, അശ്ശൂർരാജാവിനെ ഞാൻ ശിക്ഷിച്ചതുപോലെ ബാബേൽരാജാവിനെയും അവന്റെ ദേശത്തെയും ഞാൻ ശിക്ഷിക്കും.
[19] എന്നാൽ ഞാൻ ഇസ്രായേലിനെ അവരുടെ മേച്ചിൽപ്പുറത്തേക്കു മടക്കിക്കൊണ്ടുവരും, അവർ കർമേലിലും ബാശാനിലും മേയും; എഫ്രയീമിലെയും ഗിലെയാദിലെയും മലകളിൽ മേഞ്ഞ് അവർ അവരുടെ വിശപ്പിനു ശമനംവരുത്തും.
[20] ആ കാലത്ത് ആ ദിവസങ്ങളിൽത്തന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഇസ്രായേലിന്റെ അകൃത്യം അന്വേഷിക്കും എന്നാൽ ഒന്നുംതന്നെ ഉണ്ടാകുകയില്ല, യെഹൂദയുടെ പാപങ്ങളും അന്വേഷിക്കും എന്നാൽ ഒന്നും കണ്ടെത്തുകയില്ല, കാരണം ഞാൻ സംരക്ഷിച്ച ശേഷിപ്പിനോട് ഞാൻ ക്ഷമിക്കുകയാൽത്തന്നെ.
[21] “മെറാഥയീം ദേശത്തെ ആക്രമിക്കുക, പെക്കോദ് നഗരത്തിലെ നിവാസികളെയും. അവരെ പിൻതുടർന്ന് വധിക്കുക, നിശ്ശേഷം നശിപ്പിക്കുക,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ നിങ്ങളോടു കൽപ്പിച്ച വിധത്തിലെല്ലാം അവരോടു ചെയ്യുക.
[22] യുദ്ധത്തിന്റെ ആരവവും ദേശത്തുണ്ട്, മഹാസംഹാരത്തിന്റെ ആരവംതന്നെ!
[23] സർവഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം എങ്ങനെ പിളർന്നു, എങ്ങനെ തകർന്നുപോയി! ബാബേൽ രാഷ്ട്രങ്ങൾക്കിടയിൽ വിജനമായിത്തീർന്നതെങ്ങനെ!
[24] ബാബേലേ, ഞാൻ നിനക്ക് ഒരു കെണിവെച്ചു, അറിയുന്നതിനുമുമ്പേ നീയതിൽ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടികൂടിയിരിക്കുന്നു കാരണം നീ യഹോവയോടല്ലോ എതിർത്തുനിന്നത്.
[25] യഹോവ തന്റെ ആയുധശാല തുറന്നിരിക്കുന്നു, തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ എടുത്തുകൊണ്ടുവന്നിരിക്കുന്നു, സൈന്യങ്ങളുടെ യഹോവയായ കർത്താവിന് ബാബേൽദേശത്ത് ഒരു പ്രവൃത്തി ചെയ്യാനുണ്ട്.
[26] വിദൂരങ്ങളിൽനിന്ന് അവൾക്കുനേരേ വന്ന് അവളുടെ കളപ്പുരകൾ തുറക്കുക. ധാന്യക്കൂമ്പാരങ്ങൾപോലെ അവളെ കൂനകൂട്ടുക. അവളിൽ ഒന്നും ശേഷിപ്പിക്കാതെ അവളെ നിശ്ശേഷം നശിപ്പിക്കുക.
[27] അവളുടെ യുവത്വമുള്ള കാളകളെയെല്ലാം വാളിനിരയാക്കുക; അവർ കൊലക്കളത്തിലേക്കു പോകട്ടെ. അവർക്ക് അയ്യോ കഷ്ടം! അവരുടെ ദിവസം വന്നുചേർന്നല്ലോ, അവരെ ശിക്ഷിക്കുന്നതിനുള്ള ദിവസംതന്നെ.
[28] നമ്മുടെ ദൈവമായ യഹോവ എങ്ങനെ പകരംവീട്ടിയെന്ന്, അവിടത്തെ ആലയത്തിനുവേണ്ടി എങ്ങനെ പ്രതികാരംചെയ്തു എന്നും, ബാബേലിൽനിന്ന് പലായനംചെയ്തു വന്നവരും അഭയാർഥികളും സീയോനിൽ വിവരിക്കുന്നത് ശ്രദ്ധിക്കുക.
[29] “വില്ലുകൾ കുലയ്ക്കുന്ന എല്ലാവരുമേ, ബാബേലിനെതിരേ വില്ലാളികളെ നിയോഗിക്കുക. അവളുടെ എല്ലാവശത്തും പാളയമിറങ്ങുക; ആരും ചാടിപ്പോകരുത്. അവൾ ചെയ്ത എല്ലാ പ്രവൃത്തികൾക്കും തക്കവണ്ണം അവൾക്കു പകരം കൊടുക്കുക. യഹോവയ്ക്കെതിരേയല്ലോ അവൾ അഹങ്കരിച്ചത്, ഇസ്രായേലിന്റെ പരിശുദ്ധനെതിരേതന്നെ.
[30] അതിനാൽ അവളുടെ യുവാക്കൾ തെരുവീഥികളിൽ വീഴും; അവളുടെ എല്ലാ യോദ്ധാക്കളും ആ ദിവസത്തിൽ നാശമടയും,” എന്ന് യഹോവയുടെ അരുളപ്പാട്.
[31] “അല്ലയോ അഹങ്കാരിയേ, ഇതാ, ഞാൻ നിനക്കെതിരാകുന്നു,” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു, “നിന്റെ ദിവസം വന്നെത്തിയിരിക്കുന്നു, നീ ശിക്ഷിക്കപ്പെടുന്ന ദിവസംതന്നെ.
[32] അഹങ്കാരി കാലിടറി നിലംപൊത്തും, അവളെ എഴുന്നേൽപ്പിക്കാൻ ആരും ഉണ്ടാകുകയില്ല; അവളുടെ നഗരങ്ങൾക്കു ഞാൻ തീവെക്കും, അത് അവൾക്കുചുറ്റുമുള്ള എല്ലാറ്റിനെയും ദഹിപ്പിച്ചുകളയും.”
[33] സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനം പീഡിപ്പിക്കപ്പെടുന്നു, അതുപോലെതന്നെ യെഹൂദാജനവും. അവരെ തടവുകാരാക്കിയവരെല്ലാം അവരെ വിട്ടയയ്ക്കാൻ മനസ്സില്ലാതെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്നു.
[34] അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനത്രേ; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം. അവരുടെ ദേശത്തിന് സ്വസ്ഥതയും ബാബേൽ നിവാസികൾക്ക് കഷ്ടതയും വരുത്തേണ്ടതിന് അവിടന്ന് ശക്തിയോടെ അവർക്കുവേണ്ടി വ്യവഹരിക്കും.
[35] “ബാബേല്യർക്കെതിരേ ഒരു വാൾ പുറപ്പെട്ടിരിക്കുന്നു ബാബേൽ നിവാസികൾക്കെതിരേയും അവളുടെ പ്രഭുക്കന്മാർക്കും ജ്ഞാനികൾക്കും എതിരേയുംതന്നെ!” എന്ന് യഹോവയുടെ അരുളപ്പാട്.
[36] അവളുടെ വ്യാജപ്രവാചകർക്കെതിരേ ഒരു വാൾ! അവർ ഭോഷരായിത്തീരും. അവളുടെ യോദ്ധാക്കൾക്കെതിരേ ഒരു വാൾ! അവർ ഭയന്നുവിറയ്ക്കും.
[37] അവളുടെ കുതിരകൾക്കും രഥങ്ങൾക്കും അവളുടെ ഇടയിലുള്ള എല്ലാ വിദേശികൾക്കുമെതിരേ, ഒരു വാൾ! അവർ അശക്തരായിത്തീരും. അവളുടെ നിക്ഷേപങ്ങൾക്കെതിരേ ഒരു വാൾ അവ കൊള്ളയിടപ്പെടും!
[38] അവരുടെ ജലാശയങ്ങൾ വറ്റിപ്പോകുംവിധം ഞാൻ അവളുടെമേൽ ഒരു വരൾച്ച വരുത്തും; അതു വിഗ്രഹങ്ങളുടെ ഒരു ദേശമല്ലോ, ഭീതികരമായ വിഗ്രഹങ്ങളുടെ കാര്യത്തിൽ അവർ ഭ്രാന്തരായിത്തീർന്നിരിക്കുന്നു.
[39] “അതിനാൽ മരുഭൂമിയിലെ ജീവികൾ കഴുതപ്പുലികളോടൊപ്പം അവിടെ പാർക്കും, ഒട്ടകപ്പക്ഷിയും അവിടെ വസിക്കും. എന്നാൽ ഇനിയൊരിക്കലും അവിടെ ജനവാസം ഉണ്ടാകുകയില്ല തലമുറകൾതോറും അവ നിവാസികളില്ലാതെ കിടക്കും.
[40] ഞാൻ സൊദോമിനെയും ഗൊമോറായെയും അവയുടെ അയൽ പട്ടണങ്ങളോടൊപ്പം നശിപ്പിച്ച നാളിലെപ്പോലെതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ആരും അവിടെ പാർക്കുകയില്ല; ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല.
[41] “ഇതാ, വടക്കുനിന്ന് ഒരു സൈന്യം വരുന്നു; ഭൂമിയുടെ വിദൂരസീമകളിൽനിന്ന് ഒരു മഹത്തായ രാഷ്ട്രവും അനേകം രാജാക്കന്മാരും ഉണർത്തപ്പെടുന്നു.
[42] അവർ വില്ലും കുന്തവും കൈയിലേന്തും; അവർ ക്രൂരരും കരുണയില്ലാത്തവരുമാണ്. അവർ കുതിരപ്പുറത്തു മുന്നേറുമ്പോൾ, അവരുടെ ആരവം സമുദ്രംപോലെ ഗർജിക്കുന്നു; ബാബേൽപുത്രീ, യുദ്ധത്തിന് അണിനിരക്കുന്ന യോദ്ധാക്കളെപ്പോലെ നിന്നെ ആക്രമിക്കുന്നതിന് അവർ വരുന്നു.
[43] ബാബേൽരാജാവ് അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു, അവന്റെ കൈകൾ തളർന്നു തൂങ്ങിക്കിടക്കുന്നു. പ്രസവവേദന ബാധിച്ച സ്ത്രീ എന്നപോലെ അതിവേദന അവനെ പിടികൂടിയിരിക്കുന്നു.
[44] ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന് നിത്യഹരിതമായ മേച്ചിൽപ്പുറങ്ങളിലേക്ക് ഒരു സിംഹം കയറിവരുമ്പോഴെന്നപോലെ, ഞാൻ ബാബേല്യരെ ഒരൊറ്റ നിമിഷത്തിനുള്ളിൽ അവിടെനിന്ന് ഓടിച്ചുകളയും. ഞാൻ ഇതിനായി നിയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവൻ ആര്? എനിക്കു തുല്യനായി എന്നെ വെല്ലുവിളിക്കാൻ ആരാണുള്ളത്? ഏത് ഇടയനാണ് എനിക്കെതിരേ നിൽക്കാൻ കഴിയുന്നത്?”
[45] അതുകൊണ്ട്, ബാബേലിനെതിരേയുള്ള യഹോവയുടെ പദ്ധതികൾ കേൾക്കുക, ബാബേൽദേശത്തിനെതിരേയുള്ള അവിടത്തെ ലക്ഷ്യംതന്നെ: ആട്ടിൻപറ്റത്തിൽ ചെറിയവരേപ്പോലും ഇഴച്ചു കൊണ്ടുപോകും; അവരുടെ വാസസ്ഥലം അവരോടൊപ്പം ശൂന്യമാക്കും.
[46] ബാബേൽ പിടിക്കപ്പെടുന്ന ശബ്ദത്താൽ ഭൂമി ഞെട്ടിവിറയ്ക്കും; അതിന്റെ നിലവിളി രാഷ്ട്രങ്ങൾക്കിടയിൽ പ്രതിധ്വനിക്കും.