Skip to content
Opens in a new window
Listen to this chapter • 2:56

[1] ശേഷം കാര്യങ്ങൾ: സഹോദരങ്ങളേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ എല്ലായിടത്തും അതിവേഗത്തിൽ പ്രചരിച്ച് മഹത്ത്വപ്പെടാനും,

[2] അധർമികളും ദുഷ്ടരുമായ മനുഷ്യരിൽനിന്നു ഞങ്ങൾ രക്ഷപ്പെടാനുമായി പ്രാർഥിക്കുക. എല്ലാവരും വിശ്വാസം ഉള്ളവരല്ലല്ലോ.

[3] എന്നാൽ കർത്താവ് വിശ്വസ്തനാണ്; അവിടന്ന് നിങ്ങളെ ശക്തീകരിക്കുകയും പിശാചിൽനിന്നു നിങ്ങളെ സംരക്ഷിക്കുകയുംചെയ്യും.

[4] ഞങ്ങൾ കൽപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടെന്നും അങ്ങനെതന്നെ തുടർന്നും ആചരിക്കുമെന്നും കർത്താവിൽ ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്.

[5] കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹനശക്തിയിലേക്കും നയിക്കട്ടെ.

[6] സഹോദരങ്ങളേ, കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു കൽപ്പിക്കുന്നത്: ഞങ്ങളിൽനിന്നു നിങ്ങൾക്കു ലഭിച്ചിട്ടുള്ള പ്രമാണങ്ങൾ പാലിക്കാതെ അലസമായി ജീവിതം നയിക്കുന്ന എല്ലാ സഹോദരങ്ങളിൽനിന്നും അകന്നുകൊള്ളണം എന്നാണ്.

[7] ഞങ്ങളുടെ മാതൃക എപ്രകാരമാണ് പിൻതുടരേണ്ടത് എന്ന് നിങ്ങൾക്കുതന്നെ അറിയാമല്ലോ. ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ അലസരായിരുന്നിട്ടില്ല.

[8] ആരുടെയും ഭക്ഷണം ഞങ്ങൾ സൗജന്യമായി ഭക്ഷിച്ചിട്ടില്ല. മറിച്ച് നിങ്ങളിൽ ആർക്കും ഭാരമാകാതിരിക്കേണ്ടതിനു ഞങ്ങൾ രാവും പകലും കഠിനാധ്വാനംചെയ്തു പണിയെടുത്തു.

[9] സഹായം സ്വീകരിക്കാനുള്ള അവകാശം ഞങ്ങൾക്ക് ഇല്ലാതിരുന്നതുകൊണ്ടല്ല, പിന്നെയോ നിങ്ങൾക്കു പിൻതുടരാനായി ഒരു മാതൃക നൽകാനാണു ഞങ്ങൾ അങ്ങനെ ചെയ്തത്.

[10] ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ “ജോലി ചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കരുത്” എന്നൊരു കൽപ്പന നിങ്ങൾക്കു നൽകിയിരുന്നല്ലോ.

[11] നിങ്ങളിൽ ചിലർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഒരു ജോലിയും ചെയ്യാതെ അലസരായി നടക്കുന്നുണ്ടെന്ന് ഞങ്ങൾ കേൾക്കുന്നു.

[12] അവരോട് ശാന്തതയോടെ ജോലിചെയ്ത് തങ്ങളുടെ ഭക്ഷണം നേടണമെന്നു കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ ആജ്ഞാപിക്കുകയും അഭ്യർഥിക്കുകയുംചെയ്യുന്നു.

[13] സഹോദരങ്ങളേ, നന്മ ചെയ്യുന്നതിൽ നിങ്ങൾ പരിക്ഷീണരാകരുത്.

[14] ഈ ലേഖനത്തിൽ ഞങ്ങൾ നൽകുന്ന നിർദേശം അനുസരിക്കാൻ വിസമ്മതിക്കുന്ന ഏതൊരാളിനെയും പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെയുള്ള ആളുമായി സമ്പർക്കം പുലർത്തരുത്. അപ്പോൾ അയാൾ ലജ്ജിതനായിത്തീരും.

[15] എന്നിരുന്നാലും, അയാളെ ഒരു ശത്രുവായി കണക്കാക്കാതെ, ഒരു സഹവിശ്വാസി എന്നനിലയിൽ ഗുണദോഷിക്കുകയാണ് വേണ്ടത്.

[16] സമാധാനദായകനായ കർത്താവുതന്നെ നിങ്ങൾക്ക് എപ്പോഴും എല്ലാവിധത്തിലും സമാധാനം നൽകട്ടെ. നിങ്ങളോട് എല്ലാവരോടുംകൂടെ കർത്താവ് ഉണ്ടായിരിക്കട്ടെ.

[17] ഈ ആശംസകൾ പൗലോസ് എന്ന ഞാൻതന്നെ എന്റെ സ്വന്തം കയ്യാൽ എഴുതുന്നു. എന്റെ എല്ലാ ലേഖനത്തിലുമുള്ള തിരിച്ചറിയൽ അടയാളം ഇതുതന്നെ.

[18] നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോട് എല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.

തെസ്സലോനിക്യർക്ക് എഴുതിയ രണ്ടാംലേഖനം — Chapters