Skip to content
Opens in a new window
Listen to this chapter • 2:25

[1] പൗലോസും സില്വാനൊസും തിമോത്തിയോസും, നമ്മുടെ പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലോനിക്യ സഭയ്ക്ക്, എഴുതുന്നത്:

[2] പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

[3] സഹോദരങ്ങളേ, നിങ്ങളുടെ വിശ്വാസം തഴച്ചുവളരുകയും, നിങ്ങൾക്കെല്ലാവർക്കും പരസ്പരമുള്ള സ്നേഹം വർധിച്ചുവരികയും ചെയ്യുന്നതിനാൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി ദൈവത്തിന് എല്ലായ്പ്പോഴും സ്തോത്രംചെയ്യാൻ കടപ്പെട്ടിരിക്കുന്നു; അത് തികച്ചും ഉചിതംതന്നെ.

[4] അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല പീഡനങ്ങളിലും പരിശോധനകളിലും നിങ്ങൾക്കുള്ള സഹിഷ്ണുതയെയും വിശ്വാസത്തെയുംകുറിച്ചു ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ പ്രശംസിക്കുന്നു.

[5] നിങ്ങൾ ഏതൊരു ദൈവരാജ്യത്തിനുവേണ്ടി കഷ്ടം അനുഭവിക്കുന്നോ ആ രാജ്യം നിങ്ങൾക്ക് അവകാശമായിത്തീരും. ദൈവത്തിന്റെ നീതിയുക്തമായ ന്യായവിധിക്ക് ഇത് വ്യക്തമായ തെളിവാണ്.

[6] ദൈവം നീതിമാനാണ്: നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് അവിടന്ന് പീഡനം നൽകുകയും പീഡിതരായ നിങ്ങൾക്കും ഞങ്ങൾക്കും ആശ്വാസം പകരം നൽകുകയുംചെയ്യും. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗത്തിൽനിന്ന്, കത്തിജ്വലിക്കുന്ന അഗ്നിയിൽ പ്രത്യക്ഷനാകുമ്പോഴാണ് ഇത് സംഭവിക്കാനിരിക്കുന്നത്.

[8] ദൈവത്തെ അറിയാത്തവരോടും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവരോടും അവിടന്ന് പ്രതികാരം ചെയ്യും.

[9] ഇക്കൂട്ടർ കർത്താവിന്റെ സന്നിധിയിൽനിന്നും അവിടത്തെ മഹത്ത്വകരമായ തേജസ്സിൽനിന്നും മാറ്റപ്പെട്ട് നിത്യനാശം എന്ന ശിക്ഷ അനുഭവിക്കും. കർത്താവ് പ്രത്യക്ഷനാകുന്ന ആ നാളിൽ തന്റെ വിശുദ്ധരിൽ അവിടന്ന് മഹത്ത്വപ്പെടുകയും അവർക്ക് തന്നെ അവിടന്ന് ഒരു അത്ഭുതവിഷയമായി മാറുകയുംചെയ്യും. ഞങ്ങൾ നിങ്ങളോട് അറിയിച്ച സാക്ഷ്യത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതുമൂലം നിങ്ങളും വിശുദ്ധരുടെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു.

[11] ദൈവവിളിക്കു യോഗ്യമായ ജീവിതം നയിക്കാൻ നിങ്ങൾക്ക് സാധ്യമാകേണ്ടതിനും നന്മപ്രവർത്തിക്കാനുള്ള നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളേയും വിശ്വാസത്താൽ പ്രചോദിതമായിട്ടുള്ള നിങ്ങളുടെ എല്ലാപ്രവർത്തനങ്ങളെയും ദൈവം അവിടത്തെ ശക്തിയാൽ പരിപൂർണമാക്കട്ടെ എന്നും നിങ്ങൾക്കുവേണ്ടി ഞാൻ നിരന്തരം പ്രാർഥിക്കുന്നു.

[12] നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപനിമിത്തം നിങ്ങളുടെ ജീവിതങ്ങളിലൂടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം നിങ്ങളിലും നിങ്ങൾ കർത്താവിനോടൊപ്പവും മഹത്ത്വീകരിക്കപ്പെടും.

തെസ്സലോനിക്യർക്ക് എഴുതിയ രണ്ടാംലേഖനം — Chapters