Skip to content
Opens in a new window
Listen to this chapter • 3:05

[1] സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വരവിനെയും അവിടത്തെ സന്നിധിയിലേക്കു നമ്മെ ഒരുമിച്ച് ചേർക്കുന്നതിനെയും സംബന്ധിച്ചാണ് ഞങ്ങൾ നിങ്ങളോട് വ്യക്തമാക്കുന്നത്.

[2] കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നുറപ്പാക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവചനം, പ്രഭാഷണം, ഞങ്ങൾ എഴുതിയെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ലേഖനം എന്നിവയാൽ നിങ്ങൾ അതിവേഗത്തിൽ ചഞ്ചലചിത്തരോ അസ്വസ്ഥരോ ആകരുത്.

[3] ആരും ഒരുവിധത്തിലും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്. വിശ്വാസത്യാഗം സംഭവിക്കുകയും, തുടർന്ന് നിയമരാഹിത്യത്തിന്റെ മൂർത്തീമദ്ഭാവമായ വിനാശപുത്രൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിനുമുമ്പ് കർത്താവിന്റെ ദിവസം വരികയില്ല!

[4] അയാൾ ദൈവം എന്നും ആരാധ്യം എന്നും വിളിക്കപ്പെടുന്ന എല്ലാറ്റിനെയും ഉപരോധിക്കുകയും അവക്കെല്ലാം മീതേ സ്വയം ഉയർത്തി താൻതന്നെയാണ് ദൈവം എന്ന് അവകാശപ്പെട്ട് ദൈവാലയത്തിൽ സ്വയം പ്രതിഷ്ഠിക്കുകയുംചെയ്യും.

[5] നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ഈ കാര്യങ്ങൾ ഞാൻ നിങ്ങളോട് പറഞ്ഞത് ഓർക്കുന്നില്ലേ?

[6] നിയമിക്കപ്പെട്ട സമയത്തുമാത്രം പ്രത്യക്ഷപ്പെടാനായി ഇപ്പോൾ അയാളെ തടഞ്ഞു നിർത്തുന്നത് എന്താണെന്ന് നിങ്ങൾക്കറിയാം.

[7] നിയമരാഹിത്യം ഇപ്പോൾത്തന്നെ നിഗൂഢമായി പ്രവർത്തനനിരതമാണ്. ഇപ്പോൾ അതിന്റെ പ്രവൃത്തിയെ തടഞ്ഞു നിർത്തുന്ന ആൾ വഴിമധ്യേനിന്ന് മാറുമ്പോൾമാത്രമേ അത് പ്രത്യക്ഷപ്പെടുകയുള്ളു.

[8] അപ്പോൾ ആ വിനാശപുത്രൻ പ്രത്യക്ഷപ്പെടും; അയാളെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ നിഷ്കാസനംചെയ്ത് അവിടത്തെ പ്രത്യക്ഷതയുടെ തേജസ്സിൽ ഉന്മൂലനം ചെയ്യും.

[9] വിനാശപുത്രന്റെ വരവ് സാത്താന്റെ പ്രവർത്തനരീതിക്ക് സമാനമായിട്ട്, എല്ലാത്തരം ശക്തി പ്രകടനങ്ങളോടും വ്യാജ അടയാളങ്ങളോടും അത്ഭുതപ്രവൃത്തികളോടും കൂടിയുമായിരിക്കും.

[10] തങ്ങളെ രക്ഷിക്കുന്ന സത്യത്തെ സ്നേഹിച്ച് സ്വീകരിക്കാതെ വിനാശത്തിലേക്കു പോകുന്നവരുടെമേൽ എല്ലാ തരത്തിലുമുള്ള ദുഷ്ടതനിറഞ്ഞ വഞ്ചനയും അയാൾ പ്രയോഗിക്കും.

[11] ഈ വ്യാജം വിശ്വസിക്കേണ്ടതിനുവേണ്ടി ദൈവം അവർക്ക് ശക്തമായ ഒരു മതിഭ്രമം നൽകും.

[12] അങ്ങനെ, സത്യത്തിൽ വിശ്വസിക്കാതെ ദുഷ്ടതയിൽ അഭിരമിച്ചതിനാൽ അവർ ശിക്ഷിക്കപ്പെടും.

[13] കർത്താവിനു പ്രിയരായ സഹോദരങ്ങളേ, ഞങ്ങൾ എപ്പോഴും നിങ്ങൾക്കുവേണ്ടി ദൈവത്തിന് സ്തോത്രം അർപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു. കാരണം, ആത്മാവിന്റെ വിശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും ലഭ്യമാകുന്ന രക്ഷ അനുഭവിക്കുന്ന ആദ്യഫലമായി ദൈവം നിങ്ങളെ തെരഞ്ഞെടുത്തു.

[14] ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷത്തിലൂടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പങ്കാളികളായി വിളിക്കപ്പെടാൻവേണ്ടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്.

[15] അതിനാൽ സഹോദരങ്ങളേ, പ്രഭാഷണത്താലും ലേഖനത്താലും ഞങ്ങൾ നിങ്ങൾക്കു നൽകിയ ഉപദേശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് സുസ്ഥിരരായി നിൽക്കുക.

[16] സ്വയം നമ്മുടെ കർത്താവായ യേശുക്രിസ്തുവും നമ്മുടെ പിതാവായ ദൈവവും നമ്മെ സ്നേഹിച്ച് അവിടത്തെ കൃപയാൽ നമുക്കു ശാശ്വത സാന്ത്വനവും ഉത്തമപ്രത്യാശയും നൽകി

[17] നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ച് നിങ്ങളെ സകലസൽപ്രവൃത്തികളിലും വാക്കുകളിലും ശക്തീകരിക്കട്ടെ.

തെസ്സലോനിക്യർക്ക് എഴുതിയ രണ്ടാംലേഖനം — Chapters