[1] ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിക്കുന്നതിന്, അടിമനുകത്തിൻകീഴിലുള്ളവരെല്ലാം തങ്ങളുടെ യജമാനന്മാർ പൂർണബഹുമതിക്ക് യോഗ്യരായി പരിഗണിക്കേണ്ടതാണ്.
[2] വിശ്വാസികളായ യജമാനർ ഉള്ളവർ “അവർ സഹോദരങ്ങളാണല്ലോ” എന്നുകരുതി അവരോട് അനാദരവു കാണിക്കരുത്. മറിച്ച്, തങ്ങളുടെ സേവനത്തിന്റെ പ്രയോജനം അനുഭവിക്കുന്നവർ കൂട്ടുവിശ്വാസികളും പ്രിയപ്പെട്ടവരും ആകുകയാൽ, അവരെ കൂടുതൽ മെച്ചമായി സേവിക്കുകയാണു വേണ്ടത്. ഈ കാര്യങ്ങൾ നീ ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുക.
[3] ഇതിനു വ്യത്യസ്തമായ രീതിയിൽ ഉപദേശിക്കുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നിർമലവചനത്തോടും ദൈവഭക്തിക്ക് അനുസൃതമായ ഉപദേശത്തോടും അനുകൂലിക്കാതിരിക്കുകയുംചെയ്യുന്നവർ
[4] അഹന്ത നിറഞ്ഞവരും വിവേകരഹിതരുമാണ്. അവർ അസൂയ, ഭിന്നത, ദുർഭാഷണം, അഭ്യൂഹം, ദുർബുദ്ധി എന്നിവ നിറഞ്ഞ് സത്യത്യാഗികളായ മനുഷ്യർ തമ്മിലുള്ള വാദകോലാഹലം ഉണ്ടാക്കും.
[5] ഇങ്ങനെ, അനാരോഗ്യകരമായ വിവാദങ്ങളും ചില വാക്കുകളെക്കുറിച്ചുള്ള തർക്കവിഷയങ്ങളും നിരന്തരം സൃഷ്ടിക്കുന്ന പ്രവണതയുള്ളവരാണ് ഇവർ. ദൈവഭക്തി ഒരു ആദായമാർഗമായി അവർ കരുതുന്നു.
[6] എന്നാൽ, സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടംതന്നെയാണ്.
[7] ഈ ലോകത്തിലേക്കു വന്നപ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു പോകുമ്പോൾ നമുക്ക് ഒന്നും കൊണ്ടുപോകാനും കഴിയുന്നതല്ല.
[8] ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തരാകാം.
[9] ധനികരാകാൻ ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും കുടുങ്ങി, മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന ബുദ്ധിഹീനവും ഉപദ്രവകരവുമായ അനവധി മോഹങ്ങളിൽ വീണുപോകുന്നു.
[10] ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങളുടെയും പ്രഭവസ്ഥാനമാണ്. ധനമോഹത്താൽ ചിലർ വിശ്വാസത്തിൽനിന്നു വ്യതിചലിച്ച്, പലവിധ വേദനകൾക്ക് തങ്ങളെത്തന്നെ അധീനരാക്കുകയുംചെയ്തിരിക്കുന്നു.
[11] എന്നാൽ ദൈവപുരുഷാ, നീയോ ഇവയിൽനിന്നെല്ലാം ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, സൗമ്യത എന്നിവയെ അനുഗമിക്കുക.
[12] വിശ്വാസത്തിന്റെ നല്ല യുദ്ധം ചെയ്യുക. നിത്യജീവനെ മുറുകെപ്പിടിക്കുക; അതിനായി നീ വിളിക്കപ്പെടുകയും അനേകസാക്ഷികളുടെ മുമ്പിൽ ആ കാര്യം ഏറ്റുപറയുകയും ചെയ്തിട്ടുണ്ടല്ലോ.
[13] സകലത്തിനും ജീവൻ നൽകുന്ന ദൈവത്തെയും പൊന്തിയോസ് പീലാത്തോസിന്റെ മുമ്പിൽ ഉത്തമവിശ്വാസപ്രഖ്യാപനം നടത്തിയ ക്രിസ്തുയേശുവിനെയും സാക്ഷിയാക്കി ഞാൻ നിന്നോട് ആജ്ഞാപിക്കുന്നത്:
[14] നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനംവരെ നീ ഈ കൽപ്പനകൾ നിഷ്കളങ്കമായും നിരാക്ഷേപമായും പാലിച്ചുകൊള്ളണം എന്നാണ്.
[15] രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും വാഴ്ത്തപ്പെട്ട ഏകാധിപതിയുമായ ദൈവം ക്രിസ്തുവിനെ യഥാകാലം വെളിപ്പെടുത്തും.
[16] അവിടന്നുമാത്രമാണ് മരണരഹിതൻ. ആർക്കും അടുത്തുകൂടാത്ത പ്രകാശത്തിൽ നിവസിക്കുന്ന അവിടത്തെ മാനവരാരും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. ബഹുമാനവും ആധിപത്യവും എന്നേക്കും അവിടത്തേക്ക് ഉണ്ടായിരിക്കട്ടെ. ആമേൻ.
[17] ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും, നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക.
[18] അവരോട് നന്മ ചെയ്യാനും സുകൃതങ്ങളിൽ സമ്പന്നരാകാനും തങ്ങൾക്കുള്ളത് ഔദാര്യത്തോടെ പങ്കുവെക്കാൻ സന്നദ്ധത കാണിക്കാനും ഉദ്ബോധിപ്പിക്കുക.
[19] ഇപ്രകാരം, ഭാവികാലത്തിൽ യഥാർഥജീവനാകുന്ന ജീവൻ മുറുകെപ്പിടിക്കുന്നതിനുവേണ്ടി തങ്ങളുടെ നിക്ഷേപങ്ങൾകൊണ്ട് ഭദ്രമായ ഒരു അടിസ്ഥാനം പണിയട്ടെ.
[20] തിമോത്തിയോസേ, നിന്നെ ഭരമേൽപ്പിച്ചിട്ടുള്ളത് നീ പരിരക്ഷിക്കുക. ദൈവഭക്തിക്ക് അനുസൃതമല്ലാത്ത വ്യർഥഭാഷണത്തിൽനിന്നും വിജ്ഞാനം എന്നു ദ്യോതിപ്പിക്കുന്ന ആശയവൈരുധ്യങ്ങളിൽനിന്നും ഒഴിഞ്ഞു നിൽക്കുക.
[21] ചിലർ ഇത് അനുകരിച്ചതിനാൽ വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാൻ കാരണമായിത്തീർന്നു. കൃപ നിങ്ങളോടുകൂടെ ഇരിക്കട്ടെ.