[1] ഇത് വിശ്വാസയോഗ്യമായ പ്രസ്താവനയാണ്: അധ്യക്ഷപദം അഭിലഷിക്കുന്നയാൾ ഉത്തമശുശ്രൂഷ അഭിലഷിക്കുന്നു.
[2] അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്ക് അതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം.
[3] മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തശീലൻ ആയിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്;
[4] സ്വകുടുംബത്തെ നന്നായി പരിപാലിക്കുകയും സന്താനങ്ങളെ സമ്പൂർണ മാന്യതയിലും അനുസരണത്തിലും വളർത്തുകയും ചെയ്യുന്നയാളും ആയിരിക്കണം.
[5] സ്വകുടുംബത്തെ പരിപാലിക്കാൻ അറിയാത്തയാൾ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
[6] അയാൾ സമീപകാലത്ത് വിശ്വാസം സ്വീകരിച്ചയാൾ ആയിരിക്കരുത്. അപ്രകാരമായാൽ അയാൾ മതിമറന്ന് പിശാചിന് സംഭവിച്ച ശിക്ഷാവിധിയിൽ അകപ്പെടും.
[7] അദ്ദേഹം സഭയ്ക്കു പുറമെയുള്ളവരുടെ മധ്യേ നല്ല മതിപ്പുള്ള ആളായിരിക്കണം. അങ്ങനെയായാൽ അയാൾ അപമാനിതനാകുകയോ പിശാചിന്റെ കെണിയിൽ അകപ്പെടുകയോ ഇല്ല.
[8] ശുശ്രൂഷകരും അതുപോലെതന്നെ ആദരണീയർ ആയിരിക്കണം. അവർ സത്യസന്ധത ഇല്ലാത്തവരോ മദ്യാസക്തരോ അത്യാഗ്രഹികളോ ആകരുത്.
[9] നിർമലമനസ്സാക്ഷിയിൽ വിശ്വാസത്തിന്റെ ആഴമേറിയ സത്യം സംരക്ഷിക്കുന്നവരായിരിക്കണം.
[10] അവരെ ആദ്യംതന്നെ പരീക്ഷണവിധേയരാക്കണം; ഉത്തമസാക്ഷ്യം പുലർത്തുന്നവരായി തെളിഞ്ഞാൽ അവർ ശുശ്രൂഷചെയ്യട്ടെ.
[11] അവരുടെ ഭാര്യമാരും അവരെപ്പോലെതന്നെ, ആദരണീയർ ആയിരിക്കണം. അവർ പരദൂഷണം പറയാത്തവരും സമചിത്തരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.
[12] ശുശ്രൂഷകൻ ഏകപത്നീവ്രതനും സ്വകുടുംബത്തെയും സന്താനങ്ങളെയും നന്നായി പരിപാലിക്കുന്നവനും ആയിരിക്കണം.
[13] തങ്ങളുടെ ശുശ്രൂഷ ഉത്തമമായി നിർവഹിച്ചിട്ടുള്ളവർക്ക് ബഹുമാന്യമായ ഒരു സ്ഥാനവും ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ വർധിച്ചുവരുന്ന ആത്മധൈര്യവും ഉണ്ട്.
[14] നിന്റെ അടുത്തേക്ക് ഉടനെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
[15] എങ്കിലും എന്റെ വരവിന് താമസം നേരിട്ടാൽ എപ്രകാരമാണ് ഓരോരുത്തരും ദൈവികഗൃഹത്തിൽ പെരുമാറേണ്ടതെന്ന് നീ അറിയുന്നതിനാണ് ഞാൻ ഈ നിർദേശങ്ങൾ എഴുതുന്നത്. ജീവനുള്ള ദൈവത്തിന്റെ ഈ സഭ സത്യത്തിന്റെ സ്തംഭവും അടിസ്ഥാനവും ആകുന്നു.
[16] ദൈവഭക്തിയുടെ അഗാധരഹസ്യം അനിഷേധ്യമാംവിധം അതിശ്രേഷ്ഠമാണ്: അവിടന്ന് മനുഷ്യനായി വെളിപ്പെട്ടു, ആത്മാവിൽ നീതീകരിക്കപ്പെട്ടു, ദൂതന്മാർക്കു പ്രത്യക്ഷനായി, രാഷ്ട്രങ്ങളിൽ പ്രഘോഷിക്കപ്പെട്ടു, ലോകത്തിൽ വിശ്വസിക്കപ്പെട്ടു, മഹത്ത്വത്തിൽ എടുക്കപ്പെട്ടു.