Skip to content
Opens in a new window
Listen to this chapter • 3:37

[1] നിന്നെക്കാൾ പ്രായമുള്ള പുരുഷനെ ശകാരിക്കരുത്, പകരം അയാളോട്, പിതാവിനോട് എന്നപോലെ അഭ്യർഥിക്കുകയാണ് വേണ്ടത്.

[2] പ്രായംകുറഞ്ഞവരെ സഹോദരന്മാരെപ്പോലെയും നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും പ്രായം കുറഞ്ഞ സ്ത്രീകളെ പൂർണനിർമല മനോഭാവത്തോടെ സഹോദരിമാരെപ്പോലെയും കരുതുക.

[3] അശരണരായ വിധവകളെ ബഹുമാനിക്കുക.

[4] എന്നാൽ, ഒരു വിധവയ്ക്കു മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തം കുടുംബത്തിൽത്തന്നെ ദൈവഭക്തി പ്രായോഗികമാക്കി തങ്ങളുടെ മാതാപിതാക്കൾക്കു പ്രത്യുപകാരം ചെയ്യാൻ പഠിക്കട്ടെ. ഇത് ദൈവദൃഷ്ടിയിൽ സ്വീകാര്യമാണ്.

[5] അശരണയും ഏകാകിനിയുമായ വിധവ ദൈവത്തിൽ പ്രത്യാശ അർപ്പിച്ചുകൊണ്ടു രാവും പകലും യാചനയിലും പ്രാർഥനയിലും വ്യാപൃതയാകട്ടെ.

[6] എന്നാൽ, സുഖഭോഗങ്ങൾക്കായി ജീവിക്കുന്ന വിധവ ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചവളാണ്.

[7] ദൈവജനം അപവാദങ്ങൾക്ക് അതീതർ ആയിരിക്കേണ്ടതിന് ഇത് അവരോട് ആജ്ഞാപിക്കുക.

[8] ബന്ധുജനങ്ങളുടെയും പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾക്കായി കരുതാത്തവർ വിശ്വാസത്യാഗികളും അവിശ്വാസിയെക്കാൾ അധമരുമാണ്.

[9] അറുപതു വയസ്സിൽ കുറയാതെ പ്രായമുള്ളവളെയും ഏകപത്നീവ്രതം അനുഷ്ഠിക്കുന്നവളെയുംമാത്രമേ വിധവകളുടെ പട്ടികയിൽ ഉൾപ്പെടുത്താവൂ.

[10] ഇവർ കുഞ്ഞുങ്ങളെ വളർത്തുക, അതിഥികളെ സൽക്കരിക്കുക, കർത്തൃശുശ്രൂഷകരുടെ പാദങ്ങൾ കഴുകുക, പീഡിതരെ സഹായിക്കുക ഇത്യാദി സൽക്കർമങ്ങളാൽ കീർത്തി നേടിയവളും ആയിരിക്കണം.

[11] പ്രായം കുറഞ്ഞ വിധവകളെ ഈ കൂട്ടത്തിൽ പരിഗണിക്കേണ്ടതില്ല. കാരണം ക്രിസ്തുവിനോടുള്ള വിധേയത്വത്തെ ജഡികാഭിലാഷങ്ങൾ കീഴ്പ്പെടുത്തിയാൽ അവർ വിവാഹിതരാകാൻ ആഗ്രഹിക്കും.

[12] അങ്ങനെ അവർ ആദ്യം എടുത്ത തീരുമാനം ലംഘിച്ചതിനാൽ കുറ്റക്കാരായിത്തീരും.

[13] തന്നെയുമല്ല, അവർ അലസരായി, വീടുവീടാന്തരം ചുറ്റിക്കറങ്ങി സമയം വൃഥാവിലാക്കുകയും അനുചിതമായി അസംബന്ധങ്ങൾ സംസാരിച്ച് പരകാര്യതൽപ്പരരായിത്തീരുകയും ചെയ്യുന്നു.

[14] അതിനാൽ, പ്രായം കുറഞ്ഞ വിധവകൾ വിവാഹം കഴിച്ച് അമ്മമാരായി ഗൃഹഭരണം നടത്തി, ശത്രുവിന് യാതൊരു തരത്തിലുമുള്ള അപവാദങ്ങൾക്കും അവസരം കൊടുക്കാതിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.

[15] ചിലർ, ഇപ്പോൾത്തന്നെ സാത്താന്റെ പിന്നാലെ പോയിക്കഴിഞ്ഞിരിക്കുന്നു.

[16] ഒരു വിശ്വാസിനിക്ക് കുടുംബത്തിൽ വിധവകളുണ്ടെങ്കിൽ അവൾതന്നെ അവരെ സഹായിക്കണം. സഭയെ ഭാരപ്പെടുത്തരുത്. അങ്ങനെയെങ്കിൽ, അശരണരായ വിധവകളെ സഹായിക്കാൻ സഭയ്ക്കു സാധിക്കുമല്ലോ.

[17] നന്നായി സഭാപരിപാലനം നടത്തുന്ന സഭാമുഖ്യന്മാർക്ക്, പ്രത്യേകിച്ച് പ്രസംഗത്തിലും അധ്യാപനത്തിലും വ്യാപൃതരായിരിക്കുന്നവർക്ക് മാന്യമായ വേതനം നൽകണം.

[18] “ധാന്യം മെതിക്കുന്ന കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്” എന്നും “വേലക്കാരൻ തന്റെ കൂലിക്ക് അർഹൻ” എന്നും തിരുവെഴുത്തു പറയുന്നല്ലോ.

[19] രണ്ടോ മൂന്നോ സാക്ഷികളുടെ പിൻബലമില്ലാതെ ഒരു സഭാമുഖ്യനെതിരെ ആരോപണം ഉന്നയിക്കരുത്.

[20] എന്നാൽ പാപംചെയ്യുന്ന സഭാമുഖ്യന്മാരെ പരസ്യമായി കുറ്റവിചാരണ നടത്തുക. ഇത് മറ്റുള്ളവർക്ക് അതിശക്തമായ ഒരു മുന്നറിയിപ്പായിരിക്കും.

[21] ഈ നിർദേശങ്ങൾ നീ മുൻവിധിയോ പക്ഷഭേദമോകൂടാതെ പാലിക്കണമെന്ന് ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോട് ആജ്ഞാപിക്കുന്നു.

[22] ഒരാളെ സഭാമുഖ്യനായി നിയോഗിക്കുന്നതിൽ തിടുക്കം കാട്ടരുത്. അന്യരുടെ പാപങ്ങളിൽ പങ്കാളിയാകുകയും അരുത്. നിന്നെത്തന്നെ നിർമലമായി സൂക്ഷിക്കുക.

[23] നിന്റെ ഉദരസബന്ധമായ അസ്വസ്ഥതയും കൂടെക്കൂടെയുള്ള അസുഖങ്ങളും നിമിത്തം വെള്ളംമാത്രം കുടിക്കാതെ അൽപ്പം വീഞ്ഞും സേവിക്കുക.

[24] ചിലരുടെ പാപങ്ങൾ ന്യായവിധിക്കുമുമ്പുതന്നെ വെളിപ്പെട്ടുവരുന്നു; എന്നാൽ, മറ്റുചിലരുടെ പാപങ്ങൾ അവരെ പിൻതുടർന്നുവരുന്നതേയുള്ളു.

[25] സൽപ്രവൃത്തികളും അതുപോലെതന്നെ വെളിപ്പെട്ടുവരും; രഹസ്യത്തിൽ ചെയ്തവയും വെളിപ്പെടാതിരിക്കയില്ല.

തിമോത്തിയോസിന് എഴുതിയ ഒന്നാംലേഖനം — Chapters