Skip to content
Opens in a new window
Listen to this chapter • 4:42

[1] നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.

[2] നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.

[3] എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?

[4] അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടെ എന്നു പറയുന്നതു എങ്ങനെ?

[5] കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും.

[6] വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരരുതു.

[7] യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.

[8] യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.

[9] മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ?

[10] മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?

[11] അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!

[12] മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.

[13] ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.

[14] ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.

[15] കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.

[16] അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?

[17] നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.

[18] നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല.

[19] നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.

[20] ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.

[21] എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.

[22] കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.

[23] അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.

[24] ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.

[25] വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.

[26] എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.

[27] വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.

[28] ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;

[29] അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.

മത്തായി — Chapters