[1] ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി,
[2] അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായി തീർന്നു.
[3] മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.
[4] അപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
[5] അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.
[6] ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.
[7] യേശു അടുത്തുചെന്നു അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
[8] അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
[9] അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു എന്നു കല്പിച്ചു.
[10] ശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു.
[11] അതിന്നു അവൻ: ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.
[12] എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു.
[13] അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.
[14] അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി:
[15] കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു.
[16] ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൗഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
[17] അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
[18] യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൗഖ്യംവന്നു.
[19] പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
[20] അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
[21] നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
[22] അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.
[23] അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
[24] അവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവൻ പറഞ്ഞു.
[25] അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോടു: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു.
[26] യേശു അവനോടു: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ.
[27] എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.