[1] ഈ വചനങ്ങൾ ഒക്കെയും പറഞ്ഞു തീർന്നശേഷം യേശു ശിഷ്യന്മാരോടു:
[2] രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും എന്നു പറഞ്ഞു.
[3] അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നു കൂടി,
[4] യേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ ആലോചിച്ചു;
[5] എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിപ്പാൻ പെരുനാളിൽ അരുതു എന്നു പറഞ്ഞു.
[6] യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ
[7] ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെൺകൽഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവൻ പന്തിയിൽ ഇരിക്കുമ്പോൾ അതു അവന്റെ തലയിൽ ഒഴിച്ചു.
[8] ശിഷ്യന്മാർ അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവു എന്തിന്നു?
[9] ഇതു വളരെ വിലെക്കു വിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.
[10] യേശു അതു അറിഞ്ഞു അവരോടു: സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
[11] ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു; ഞാൻ നിങ്ങൾക്കു എല്ലായ്പോഴും ഇല്ലതാനും.
[12] അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചതു എന്റെ ശവസംസ്കാരത്തിന്നായി ചെയ്തതാകുന്നു.
[13] ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
[14] അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു:
[15] നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു; അവർ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
[16] അന്നു മുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അന്വേഷിച്ചു പോന്നു.
[17] പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.
[18] അതിന്നു അവൻ പറഞ്ഞതു: നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.
[19] ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.
[20] സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു.
[21] അവർ ഭക്ഷിക്കുമ്പോൾ അവൻ: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
[22] അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കർത്താവേ, എന്നു ഓരോരുത്തൻ പറഞ്ഞുതുടങ്ങി.
[23] അവൻ ഉത്തരം പറഞ്ഞതു: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും.
[24] തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു.
[25] എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: നീ തന്നേ എന്നു അവൻ പറഞ്ഞു.
[26] അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.
[27] പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ.
[28] ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം;
[29] എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
[30] പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.
[31] യേശു അവരോടു: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.
[32] എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലെക്കു പോകും.
[33] അതിന്നു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.
[34] യേശു അവനോടു: ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു.
[35] നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.
[36] അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു,
[37] പത്രൊസിനെയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:
[38] എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.
[39] പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.
[40] പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: എന്നോടു കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ?
[41] പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു
[42] രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർത്ഥിച്ചു.
[43] അനന്തരം അവൻ വന്നു, അവർ കണ്ണിന്നു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതുകണ്ടു.
[44] അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.
[45] പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചു കൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു;
[46] എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
[47] അവൻ സംസാരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.
[48] അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു.
[49] ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.
[50] യേശു അവനോടു: സ്നേഹിതാ, നീ വന്ന കാര്യം എന്തു എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു.
[51] അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.
[52] യേശു അവനോടു: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.
[53] എന്റെ പിതാവിനോടു ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?
[54] എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു.
[55] ആ നാഴികയിൽ യേശു പുരുഷാരത്തോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല.
[56] എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
[57] യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി.
[58] എന്നാൽ പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്നു, അകത്തു കടന്നു അവസാനം കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു
[59] മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
[60] കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.
[61] ഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്നു ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു.
[62] മഹാപുരോഹിതൻ എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
[63] യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
[64] യേശു അവനോടു: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു.
[65] ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ;
[66] നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.
[67] അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു:
[68] ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.
[69] എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
[70] അതിന്നു അവൻ: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.
[71] പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു
[72] ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
[73] അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.
[74] അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.
[75] എന്നാറെ: കോഴി കൂകും മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു പുറത്തു പോയി അതിദുഃഖത്തോടെ കരഞ്ഞു.