Skip to content
Opens in a new window

[1] ഒരു പ്രവചനം: യഹോവയുടെ വചനം ഹദ്രക്കുദേശത്തിനു വിരോധമായിരിക്കുന്നു, അത് ദമസ്കോസിൽനിന്നു വന്നുപതിക്കും— സകലമനുഷ്യരുടെയും ഇസ്രായേൽഗോത്രങ്ങളുടെയും ദൃഷ്ടി യഹോവയുടെമേൽ ആകുന്നു—

[2] ദമസ്കോസിന്റെ അതിരിനടുത്തുള്ള ഹമാത്തിന്മേലും അത് ഉണ്ടായിരിക്കും, വളരെ സമർഥരെങ്കിലും, സോരിനും സീദോനും അങ്ങനെതന്നെ.

[3] സോർ ഒരു സുരക്ഷിതകേന്ദ്രം പണിതിരിക്കുന്നു; അവൾ ചെളിപോലെ വെള്ളിയും തെരുവീഥികളിലെ പൊടിപോലെ സ്വർണവും വാരിക്കൂട്ടിയിരിക്കുന്നു.

[4] എന്നാൽ കർത്താവ് അവളുടെ സമ്പത്ത് എടുത്തുകളയും അവളുടെ കെട്ടുറപ്പുള്ള കോട്ടകൾ കടലിലിട്ടു നശിപ്പിക്കും അവൾ അഗ്നിയാൽ ദഹിപ്പിക്കപ്പെടും.

[5] അസ്കലോൻ അതുകണ്ടു ഭയപ്പെടും; ഗസ്സാ വേദനകൊണ്ടു പുളയും തന്റെ പ്രത്യാശ നഷ്ടപ്പെടുന്നതുകൊണ്ട് എക്രോനും. ഗസ്സായ്ക്കു രാജാവ് നഷ്ടമാകും അസ്കലോൻ ജനവാസം ഇല്ലാത്തതായിത്തീരും.

[6] സമ്മിശ്രജനത അശ്ദോദ് കൈവശമാക്കും ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും.

[7] ഞാൻ, അവരുടെ വായിൽനിന്നു രക്തവും അവരുടെ പല്ലുകൾക്കിടയിൽനിന്നു വിലക്കപ്പെട്ട ആഹാരവും എടുത്തുകളയും. ഫെലിസ്ത്യരിൽ ശേഷിക്കുന്നവരും നമ്മുടെ ദൈവത്തിന് അവകാശപ്പെട്ടവരാകും. അവർ യെഹൂദയിലെ ഒരു കുലംപോലെ ആയിത്തീരും, എക്രോൻ യെബൂസ്യരെപ്പോലെയും ആകും.

[8] എന്നാൽ കൊള്ളക്കാരിൽനിന്ന് ഞാൻ എന്റെ ആലയത്തെ കാക്കുന്നതിന് അതിനുചുറ്റും പാളയമിറങ്ങും. ഞാൻ ഇപ്പോൾ കാവൽചെയ്യുന്നതുകൊണ്ട്, ഒരു പീഡകനും എന്റെ ജനത്തെ കീഴ്‌മേൽ മറിക്കുകയില്ല.

[9] സീയോൻപുത്രീ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക! ജെറുശലേംപുത്രീ, ആർപ്പിടുക! ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു— നീതിമാനും വിജയശ്രീലാളിതനും സൗമ്യതയുള്ളവനുമായി, കഴുതപ്പുറത്തുകയറി, പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തുകയറി വരുന്നു!

[10] ഞാൻ എഫ്രയീമിൽനിന്നു രഥങ്ങളെയും ജെറുശലേമിൽനിന്നു യുദ്ധക്കുതിരകളെയും എടുത്തുകളയും, യുദ്ധത്തിനുള്ള വില്ല് ഒടിച്ചുകളയും. അവിടന്ന് രാജ്യങ്ങൾക്ക് സമാധാനം പ്രഖ്യാപിക്കും. അവിടത്തെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റത്തോളവും ആയിരിക്കും.

[11] നീയോ, നിന്നോടുള്ള എന്റെ ഉടമ്പടിയുടെ രക്തംമൂലം ഞാൻ നിന്റെ ബന്ധിതരെ വെള്ളമില്ലാത്ത കുഴികളിൽനിന്നു മോചിപ്പിക്കും.

[12] പ്രത്യാശയുള്ള ബന്ധിതരേ, നിങ്ങളുടെ കോട്ടയിലേക്കു മടങ്ങിപ്പോകുവിൻ; നിങ്ങൾക്ക് ഇരട്ടിയായി മടക്കിത്തരുമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു.

[13] ഞാൻ എന്റെ വില്ല് കുലയ്ക്കുന്നതുപോലെ യെഹൂദയെ വളയ്ക്കും, എഫ്രയീമിനെ ഞാൻ അസ്ത്രംകൊണ്ടു നിറച്ചുമിരിക്കുന്നു. സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ ഉണർത്തി ഒരു യുദ്ധവീരന്റെ വാൾപോലെയാക്കും; ഗ്രീക്കുദേശമേ, നിന്റെ പുത്രന്മാർക്കെതിരേതന്നെ.

[14] അപ്പോൾ അവരുടെമേൽ യഹോവ പ്രത്യക്ഷനാകും; അവിടത്തെ അമ്പ് മിന്നൽപ്പിണർപോലെ ചീറിപ്പായും. യഹോവയായ കർത്താവ് കാഹളംധ്വനിപ്പിക്കും; അവിടന്ന് തെക്കൻകാറ്റുകളിൽ മുന്നേറും.

[15] സൈന്യങ്ങളുടെ യഹോവ അവരെ സംരക്ഷിക്കും. അവർ കവിണക്കല്ലുകളാൽ വിനാശംവരുത്തി വിജയംനേടും; അവർ കുടിക്കും, മദ്യപരെപ്പോലെ അട്ടഹസിക്കും. അവർ യാഗപീഠത്തിന്റെ കോണുകളിൽ തളിക്കാനുള്ള നിറഞ്ഞ പാത്രംപോലെ ആയിരിക്കും.

[16] ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതുപോലെ ആ ദിവസം അവരുടെ ദൈവമായ യഹോവ തന്റെ ജനത്തെ സംരക്ഷിക്കും. ഒരു കിരീടത്തിൽ രത്നങ്ങൾപോലെ അവർ അവിടത്തെ ദേശത്തു മിന്നിത്തിളങ്ങും.

[17] അവർ എത്ര ആകർഷണീയരും സൗന്ദര്യപൂർണരും ആയിരിക്കും! ധാന്യം യുവാക്കന്മാരെയും പുതുവീഞ്ഞ് യുവതികളെയും പുഷ്ടിയുള്ളവരാക്കും.

സെഖര്യാവിന്റെ പ്രവചനം — Chapters