Skip to content
Opens in a new window

[1] ഒരു പ്രവചനം: ഇസ്രായേലിനെക്കുറിച്ച് യഹോവയുടെ അരുളപ്പാട്. ആകാശത്തെ വിരിക്കുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും മനുഷ്യരുടെ ആത്മാക്കളെ അവരുടെ ഉള്ളിൽ രൂപപ്പെടുത്തുകയുംചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

[2] “ഞാൻ ജെറുശലേമിനെ അതിനുചുറ്റുമുള്ള സകലജനങ്ങളെയും ചാഞ്ചാടിക്കുന്ന ഒരു പാനപാത്രമാക്കും; യെഹൂദയും ജെറുശലേമും ഉപരോധിക്കപ്പെടും.

[3] ഭൂമിയിലെ സകലരാജ്യങ്ങളും അവൾക്കെതിരേ കൂടിവരുന്ന ആ ദിവസത്തിൽ, ഞാൻ ജെറുശലേമിനെ, സകലരാഷ്ട്രങ്ങൾക്കും ചലിപ്പിക്കാൻ കഴിയാത്ത ഒരു പാറയാക്കിമാറ്റും. അതിനെ ചലിപ്പിക്കാൻ ശ്രമിക്കുന്നവർ സ്വയം മുറിവേൽപ്പിക്കും.

[4] ആ ദിവസത്തിൽ, ഞാൻ സകലകുതിരകൾക്കും പരിഭ്രമംവരുത്തും; കുതിരച്ചേവകരെ ഭ്രാന്തുപിടിപ്പിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ യെഹൂദാഗൃഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കും; ഇതര രാഷ്ട്രങ്ങളുടെ കുതിരകൾക്കു ഞാൻ അന്ധത വരുത്തും.

[5] അപ്പോൾ യെഹൂദാഗോത്രത്തലവന്മാർ: ‘സൈന്യങ്ങളുടെ യഹോവ തങ്ങളുടെ ദൈവം ആയിരിക്കുന്നതുകൊണ്ട് ജെറുശലേംനിവാസികൾ ശക്തരായിരിക്കുന്നു,’ എന്നു ഹൃദയത്തിൽ പറയും.

[6] “ആ ദിവസത്തിൽ ഞാൻ യെഹൂദാഗോത്രത്തലവന്മാരെ വിറകിനിടയിൽ തീച്ചട്ടിപോലെയും, കറ്റകൾക്കിടയിൽ കത്തുന്ന പന്തംപോലെയും ആക്കും. അവർ വലത്തും ഇടത്തുമായി ചുറ്റുമുള്ള സകലജനത്തെയും നിശ്ശേഷം ഭസ്മീകരിക്കും. എന്നാൽ ജെറുശലേം സ്വസ്ഥാനത്ത് അതിലെ നിവാസികളുമായി സുരക്ഷിതരായിരിക്കും.

[7] “ദാവീദുഗൃഹത്തിന്റെയും ജെറുശലേംനിവാസികളുടെയും അഭിമാനം യെഹൂദയുടെ അഭിമാനത്തെക്കാൾ ഉന്നതമാകാതിരിക്കേണ്ടിതിന് യഹോവ യെഹൂദാനിവാസികളെ ആദ്യം രക്ഷിക്കും.

[8] ആ ദിവസത്തിൽ യഹോവ ജെറുശലേംനിവാസികളെ സംരക്ഷിക്കും. അവരിൽ ഏറ്റവും ബലഹീനൻ ദാവീദിനെപ്പോലെയും ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെമുമ്പിൽ നടക്കുന്ന യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.

[9] ആ ദിവസത്തിൽ ജെറുശലേമിനെ ആക്രമിക്കുന്ന സകലരാജ്യങ്ങളെയും ഞാൻ നശിപ്പിക്കാൻ ആരംഭിക്കും.

[10] “ഞാൻ, ദാവീദുഗൃഹത്തിന്മേലും ജെറുശലേംനിവാസികളിന്മേലും കൃപയുടെയും അഭയയാചനകളുടെയും ആത്മാവിനെ പകരും. അവർ എങ്കലേക്കു നോക്കും, അവർ കുത്തിയവങ്കലേക്കുതന്നെ. ഏകജാതനെക്കുറിച്ച് വിലപിക്കുന്നതുപോലെ അവനെക്കുറിച്ച് അവർ വിലപിക്കും, ആദ്യജാതനെക്കുറിച്ച് ദുഃഖിക്കുന്നതുപോലെ അവർ കയ്‌പോടെ ദുഃഖിക്കും.

[11] ആ ദിവസത്തിൽ, മെഗിദ്ദോസമതലത്തിലെ ഹദദ്-രിമ്മോനിലെ വിലാപംപോലെ, ജെറുശലേമിൽ മഹാവിലാപം ഉണ്ടാകും.

[12] ദേശം വിലപിക്കും; അവർ കുലംകുലമായി വിലപിക്കും, അവരുടെ ഭാര്യമാരും വിലപിക്കും: ദാവീദുഗൃഹത്തിലെ കുലങ്ങളും അവരുടെ ഭാര്യമാരും നാഥാൻഗൃഹത്തിലെ കുലവും അവരുടെ ഭാര്യമാരും വിലപിക്കും.

[13] ലേവിഗൃഹത്തിന്റെ കുലവും അവരുടെ ഭാര്യമാരും ശിമെയിഗൃഹത്തിന്റെ കുലവും അവരുടെ ഭാര്യമാരും

[14] ശേഷിച്ച എല്ലാ കുലങ്ങളും അവരുടെ ഭാര്യമാരും വിലപിക്കും.

സെഖര്യാവിന്റെ പ്രവചനം — Chapters