Skip to content
Opens in a new window

[1] യഹോവേ, ഞങ്ങൾക്ക് എന്തു സംഭവിച്ചു എന്നു നോക്കണമേ; നോക്കൂ, ഞങ്ങളുടെ നിന്ദ കാണണമേ.

[2] ഞങ്ങളുടെ ഓഹരി അപരിചിതർക്കും ഞങ്ങളുടെ ഭവനങ്ങൾ വിദേശികൾക്കും ആയിപ്പോയി.

[3] ഞങ്ങൾ അനാഥരും പിതാവില്ലാത്തവരും ആയി, ഞങ്ങളുടെ മാതാക്കൾ വിധവമാരെപ്പോലെ ആയി.

[4] ഞങ്ങൾക്കുള്ള വെള്ളം ഞങ്ങൾ വിലകൊടുത്തു വാങ്ങണം; വിലകൊടുത്താൽമാത്രമേ ഞങ്ങൾക്കു വിറകു ലഭിക്കുകയുള്ളൂ;

[5] ഞങ്ങളെ പിൻതുടരുന്നവർ ഞങ്ങളുടെ കുതികാലുകളിൽ എത്തി; ഞങ്ങൾ ക്ഷീണിച്ചു, വിശ്രമം കണ്ടെത്തുന്നതുമില്ല.

[6] മതിയാവോളം അപ്പം കിട്ടേണ്ടതിന് ഞങ്ങൾ ഈജിപ്റ്റിനും അശ്ശൂരിനും കീഴടങ്ങി.

[7] ഞങ്ങളുടെ പിതാക്കന്മാർ പാപംചെയ്ത് കടന്നുപോയി ഞങ്ങളോ അവർക്കുള്ള ശിക്ഷ അനുഭവിക്കുന്നു.

[8] അടിമകൾ ഞങ്ങളെ ഭരിക്കുന്നു അവരുടെ കൈകളിൽനിന്ന് ഞങ്ങളെ വിടുവിക്കാൻ ആരുമില്ല.

[9] മരുഭൂമിയിലെ വാൾനിമിത്തം ജീവൻ പണയംവെച്ച് ഞങ്ങൾ അപ്പം തേടുന്നു.

[10] വിശപ്പിന്റെ താപത്താൽ ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ നീറുന്നു.

[11] സ്ത്രീകൾ സീയോനിലും കന്യകമാർ യെഹൂദാപട്ടണങ്ങളിലും ബലാൽക്കാരംചെയ്യപ്പെട്ടു.

[12] പ്രഭുക്കന്മാർ അവരുടെ കരങ്ങളാൽ തൂക്കിലിടപ്പെട്ടു; ഗോത്രത്തലവന്മാരോട് യാതൊരു ആദരവും കാട്ടിയതുമില്ല.

[13] യുവാക്കൾ തിരികല്ലിൽ പണിയുന്നു, ബാലന്മാർ വിറകുകെട്ടെടുത്ത് ഇടറുന്നു

[14] ഗോത്രത്തലവന്മാർ നഗരകവാടത്തിൽനിന്ന് പൊയ്പ്പോയി, യുവാക്കൾ അവരുടെ സംഗീതാലാപനം അവസാനിപ്പിച്ചു.

[15] ഞങ്ങളുടെ ഹൃദയത്തിൽനിന്ന് ആനന്ദം പോയിരിക്കുന്നു; ഞങ്ങളുടെ നൃത്തം വിലാപമായി മാറി.

[16] ഞങ്ങളുടെ ശിരസ്സിൽനിന്ന് കിരീടം വീണിരിക്കുന്നു, ഞങ്ങൾക്ക് അയ്യോ കഷ്ടം, കാരണം ഞങ്ങൾ പാപംചെയ്തിരിക്കുന്നു!

[17] അതിനാൽ ഞങ്ങളുടെ ഹൃദയം തളർന്നിരിക്കുന്നു അതിനാൽ ഞങ്ങളുടെ കണ്ണുകൾ മങ്ങിപ്പോയി.

[18] പതുങ്ങി നടക്കുന്ന കുറുക്കന്മാരെക്കൊണ്ട് സീയോൻപർവതം ശൂന്യമായി കിടക്കുന്നു.

[19] യഹോവേ, അവിടന്ന് ശാശ്വതമായി വാഴണമേ; അങ്ങയുടെ സിംഹാസനം തലമുറതലമുറയായി നിലനിൽക്കുന്നു.

[20] എന്തുകൊണ്ട് അവിടന്ന് എപ്പോഴും ഞങ്ങളെ മറക്കുന്നു? എന്തിന് ഞങ്ങളെ ഇത്രത്തോളം ഉപേക്ഷിക്കുന്നു?

[21] അങ്ങ് ഞങ്ങളെ നിശ്ശേഷം തള്ളിക്കളഞ്ഞിട്ടില്ലായെങ്കിൽ, അളവില്ലാത്തവിധം ഞങ്ങളോട് കോപിച്ചിട്ടില്ലായെങ്കിൽ. യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിനു ഞങ്ങളെ അവിടത്തേക്കായി പുനരുദ്ധരിക്കണമേ, പണ്ടത്തെപ്പോലെ ഞങ്ങളുടെ നാളുകൾ പുതുക്കണമേ.

വിലാപങ്ങൾ — Chapters