[1] യഹോവയുടെ ക്രോധത്തിന്റെ വടികൊണ്ട് കഷ്ടത അനുഭവിച്ച മനുഷ്യനാണ് ഞാൻ.
[2] അവിടന്നെന്നെ ആട്ടിയകറ്റി എന്നെ വെളിച്ചത്തിലേക്കല്ല, ഇരുട്ടിലേക്കുതന്നെ നടക്കുമാറാക്കി;
[3] അവിടത്തെ കരം അവിടന്ന് എന്റെനേരേ തിരിച്ചു വീണ്ടും വീണ്ടും, ദിവസം മുഴുവനുംതന്നെ.
[4] എന്റെ ത്വക്കും എന്റെ മാംസവും ഉരുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു, എന്റെ അസ്ഥികൾ അവിടന്ന് തകർക്കുകയും ചെയ്തിരിക്കുന്നു.
[5] കയ്‌പിനാലും കഠിനയാതനയാലും അവിടന്ന് എന്നെ ഉപരോധിക്കുകയും എന്നെ വളയുകയും ചെയ്തിരിക്കുന്നു.
[6] പണ്ടേ മരിച്ചവരെപ്പോലെ അവിടന്ന് എന്നെ ഇരുളിൽ പാർപ്പിക്കുന്നു.
[7] രക്ഷപ്പെടാൻ കഴിയാത്തവിധം അവിടന്ന് എന്റെ ചുറ്റും മതിലുയർത്തി; ഭാരമുള്ള ചങ്ങലകളാൽ അവിടന്ന് എന്നെ തളർത്തിയുമിരിക്കുന്നു.
[8] സഹായത്തിനായി ഞാൻ മുറവിളികൂട്ടിയാലും നിലവിളിച്ചാലും അവിടന്ന് എന്റെ പ്രാർഥനയെ നിഷേധിക്കുന്നു.
[9] അവിടന്ന് പാറക്കെട്ടുകളാൽ എന്റെ വഴി അടച്ചു; എന്റെ പാതകൾ അവിടന്ന് ദുർഗമമാക്കി.
[10] ഇരയ്ക്കായി പതുങ്ങിക്കിടക്കുന്ന കരടിയെപ്പോലെ, ഒളിവിടങ്ങളിലെ സിംഹത്തെപ്പോലെ,
[11] അവിടന്ന് എന്നെ വഴിയിൽനിന്ന് വലിച്ചിഴച്ച്, ഛിന്നഭിന്നമാക്കി, നിസ്സഹായനായി എന്നെ ഉപേക്ഷിച്ചിരിക്കുന്നു.
[12] അവിടന്ന് വില്ലുകുലയ്ക്കുകയും അവിടത്തെ അമ്പുകൾ എന്നെ ലക്ഷ്യമാക്കുകയും ചെയ്തിരിക്കുന്നു.
[13] അവിടത്തെ ആവനാഴിയിൽനിന്നുള്ള അമ്പുകളാൽ അവിടന്ന് എന്റെ ഹൃദയം കുത്തിത്തുളച്ചു.
[14] ഞാൻ എന്റെ എല്ലാ ജനത്തിനും പരിഹാസവിഷയമായി; ദിവസംമുഴുവനും പാട്ടിലൂടെ അവർ എന്നെ പരിഹസിക്കുന്നു.
[15] അവിടന്ന് എന്നെ കയ്‌പുചീരകൊണ്ടു നിറച്ചു, കാഞ്ഞിരം എനിക്കു കുടിക്കാൻ നൽകിയിരിക്കുന്നു.
[16] അവിടന്ന് ചരലുകൊണ്ട് എന്റെ പല്ലു തകർത്തു; അവിടന്ന് എന്നെ പൂഴിയിൽ ഇട്ട് ഉരുട്ടുകയും ചെയ്തു.
[17] എനിക്ക് സമാധാനം നിഷേധിക്കപ്പെട്ടു; ഐശ്വര്യം എന്തെന്ന് ഞാൻ മറന്നുപോയി.
[18] അതുകൊണ്ട്, “എന്റെ മഹത്ത്വവും യഹോവയിൽനിന്ന് ഞാൻ പ്രത്യാശിച്ചതെല്ലാംതന്നെ പൊയ്പ്പോയിരിക്കുന്നു,” എന്നു ഞാൻ പറയുന്നു.
[19] എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും കയ്‌പും കാഞ്ഞിരവും ഞാൻ ഓർക്കുന്നു.
[20] ഞാൻ അവയെ നന്നായി ഓർക്കുന്നു, എന്റെ പ്രാണൻ എന്റെയുള്ളിൽ വിഷാദപൂർണമായി.
[21] എങ്കിലും ഞാൻ ഇത് ഓർക്കും അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്:
[22] യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.
[23] അവ പ്രഭാതംതോറും പുതിയതാകുന്നു; അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.
[24] ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി; അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”
[25] തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ;
[26] രക്ഷ യഹോവയിൽനിന്നും വരുന്നതിനായി ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്.
[27] യൗവനത്തിൽത്തന്നെ നുകം ചുമക്കുന്നത് പുരുഷന് നല്ലത്.
[28] യഹോവയാണ് അവന്മേൽ ആ നുകം വെച്ചിരിക്കുന്നത് അതിനാൽ അവൻ ഏകാകിയായി നിശ്ശബ്ദനായിരിക്കട്ടെ.
[29] പൂഴിയിൽ അവൻ മുഖം പൂഴ്ത്തട്ടെ; ഒരുപക്ഷേ ഇനിയും പ്രത്യാശയുണ്ടാകും.
[30] തന്നെ അടിക്കുന്നവന് അവൻ തന്റെ കവിൾ കാട്ടിക്കൊടുക്കട്ടെ, നിന്ദയാൽ അവൻ നിറയട്ടെ.
[31] കർത്താവ് ആരെയും ശാശ്വതമായി പരിത്യജിക്കുകയില്ല.
[32] അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും, കാരണം അവിടത്തെ അചഞ്ചലസ്നേഹം അതിശ്രേഷ്ഠമാണ്.
[33] മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം കഷ്ടതയോ ദുഃഖമോ വരുത്തുന്നില്ല.
[34] ദേശത്തിലെ സകലബന്ധിതരെയും കാൽച്ചുവട്ടിൽ മെതിച്ചാൽ
[35] അത്യുന്നതന്റെ മുമ്പിൽ ഒരു മനുഷ്യന് തന്റെ അവകാശം നിഷേധിച്ചാൽ
[36] ഒരു മനുഷ്യനു നീതി നിഷേധിച്ചാൽ— കർത്താവ് ഇതൊന്നും കാണുകയില്ലേ.
[37] കർത്താവ് ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ, ആരുടെ ആജ്ഞയാണ് നിറവേറ്റപ്പെടുന്നത്?
[38] അത്യുന്നതന്റെ നാവിൽനിന്നാണല്ലോ വിനാശങ്ങളും നന്മകളും വരുന്നത്?
[39] തന്റെ പാപങ്ങൾനിമിത്തം ശിക്ഷിക്കപ്പെടുമ്പോൾ ജീവിക്കുന്ന ഏതു മനുഷ്യനും പരാതിപ്പെടുന്നത് എന്തിന്?
[40] നമുക്ക് നമ്മുടെ വഴികളെ പരിശോധിച്ച് അവയെ പരീക്ഷിക്കാം, നമുക്ക് യഹോവയിലേക്കു മടങ്ങാം.
[41] സ്വർഗത്തിലുള്ള ദൈവത്തിലേക്ക് നമ്മുടെ ഹൃദയങ്ങളും കരങ്ങളും ഉയർത്തിക്കൊണ്ടു പറയാം:
[42] “ഞങ്ങൾ പാപംചെയ്തു മത്സരിച്ചു അവിടന്ന് ക്ഷമിച്ചതുമില്ല.
[43] “അവിടന്ന് കോപം പുതച്ച് ഞങ്ങളെ പിൻതുടർന്നു; ദയയില്ലാതെ അവിടന്ന് കൊന്നുകളഞ്ഞിരിക്കുന്നു.
[44] പ്രാർഥനയൊന്നും കടന്നുവരാതിരിക്കത്തക്കവിധം അവിടന്ന് സ്വയം മേഘംകൊണ്ടു മൂടി.
[45] അവിടന്ന് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിലെ മാലിന്യവും ചവറും ആക്കി മാറ്റിയിരിക്കുന്നു.
[46] “ഞങ്ങളുടെ ശത്രുക്കളെല്ലാം ഞങ്ങളുടെനേരേ അവരുടെ വായ് മലർക്കെ തുറന്നു.
[47] ഞങ്ങൾ ഭീതിയും കെണികളും തകർച്ചയും നാശവും സഹിച്ചു.”
[48] എന്റെ ജനം നശിപ്പിക്കപ്പെട്ടതിനാൽ എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു.
[49] യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കിക്കാണുവോളം, എന്റെ മിഴികൾ ആശ്വാസമറിയാതെ നിരന്തരം ഒഴുകും.
[51] എന്റെ നഗരത്തിലെ സകലസ്ത്രീകളും നിമിത്തം ഞാൻ കാണുന്നതെന്തും എനിക്ക് ദുഃഖം വരുത്തുന്നു.
[52] കാരണംകൂടാതെ എന്റെ ശത്രുക്കളായിരുന്നവർ പക്ഷി എന്നപോലെ എന്നെ വേട്ടയാടി.
[53] ഒരു കുഴിയിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ അവർ ശ്രമിച്ചു, എന്റെനേരേ കല്ലുകൾ എറിയുകയും ചെയ്തു;
[54] വെള്ളം എന്റെ തലയ്ക്കുമീതേ കവിഞ്ഞു ഞാൻ നശിക്കാൻ പോകുകയാണ് എന്നുകരുതി.
[55] യഹോവേ, കുഴിയുടെ ആഴങ്ങളിൽനിന്ന് ഞാൻ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചു.
[56] “ആശ്വാസത്തിനുവേണ്ടിയുള്ള എന്റെ നിലവിളിക്ക് അവിടത്തെ ചെവി അടയ്ക്കരുതേ,” എന്ന എന്റെ അപേക്ഷ അവിടന്ന് കേട്ടു.
[57] ഞാൻ വിളിച്ചപ്പോൾ അവിടന്ന് അരികെവന്നു, അവിടന്ന് കൽപ്പിച്ചു, “ഭയപ്പെടരുത്.”
[58] കർത്താവേ, അവിടന്ന് എന്റെ വ്യവഹാരം ഏറ്റെടുത്ത് എന്റെ ജീവനെ അവിടന്ന് വീണ്ടെടുത്തു.
[59] യഹോവേ, എന്നോടുള്ള അന്യായം അവിടന്ന് കണ്ടു. എന്റെ ന്യായം ഉയർത്തണമേ!
[60] അവരുടെ പ്രതികാരത്തിന്റെ ആഴവും എനിക്കെതിരേയുള്ള അവരുടെ ഗൂഢാലോചനകളും അവിടന്ന് കണ്ടിരിക്കുന്നു.
[61] യഹോവേ, അവരുടെ ശകാരങ്ങളും എനിക്കെതിരേയുള്ള അവരുടെ എല്ലാ ഗൂഢാലോചനകളും,
[62] ദിവസംമുഴുവനുമുള്ള എന്റെ ശത്രുക്കളുടെ അടക്കംപറച്ചിലും പിറുപിറുപ്പും അവിടന്ന് കേട്ടുവല്ലോ.
[63] അവരെ നോക്കണമേ! അവർ ഇരുന്നാലും എഴുന്നേറ്റാലും അവരുടെ പാട്ടിലൂടെ എന്നെ പരിഹസിക്കുന്നു.
[64] അവരുടെ കൈകൾ ചെയ്തത് അനുസരിച്ച് യഹോവേ, അർഹിക്കുന്നത് അവർക്ക് പകരംനൽകണമേ.
[65] അവരുടെ ഹൃദയങ്ങളിൽ ഒരു മൂടുപടം വിരിക്കണമേ, അവിടത്തെ ശാപം അവരുടെമേൽ വരട്ടെ!
[66] കോപത്തോടെ അവരെ പിൻതുടർന്ന് അവരെ നശിപ്പിക്കണമേ, യഹോവയുടെ ആകാശത്തിനു കീഴിൽനിന്നുതന്നെ.