[1] അയ്യോ! എന്റെ ജനത്തിന്റെ നിഹതന്മാർനിമിത്തം രാവും പകലും കരയേണ്ടതിന്, എന്റെ തല ഒരു നീരുറവയും എന്റെ കണ്ണുകൾ കണ്ണുനീരിന്റെ ജലധാരയും ആയിരുന്നെങ്കിൽ!
[2] അയ്യോ! ഞാൻ എന്റെ ജനത്തെ വിട്ടകന്ന് അവരുടെ അടുക്കൽനിന്ന് അകലെ പോകുന്നതിന്, എനിക്ക് മരുഭൂമിയിൽ വഴിയാത്രക്കാരുടെ ഒരു സത്രം ഉണ്ടായിരുന്നെങ്കിൽ! അവരെല്ലാം വ്യഭിചാരികളും വഞ്ചകരായ ഒരു സമൂഹവും ആണല്ലോ.
[3] “അവർ തങ്ങളുടെ നാവുകൾ വ്യാജം പറയുന്നതിനു വില്ലുപോലെ കുലയ്ക്കുന്നു; സത്യം നിമിത്തമല്ല അവർ ഭൂമിയിൽ വിജയിക്കുന്നത്. അവർ ഒരു പാപത്തിൽനിന്നു മറ്റൊന്നിലേക്കു മുന്നേറുന്നു; അവർ എന്നെ അറിയുന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
[4] “നിങ്ങളുടെ സ്നേഹിതരെ സൂക്ഷിച്ചുകൊള്ളുക; സഹോദരങ്ങളിൽ ആരെയും നിങ്ങൾ വിശ്വസിക്കരുത്. കാരണം അവർ ഓരോരുത്തരും വഞ്ചകരും ഓരോ സ്നേഹിതരും അപവാദം പരത്തുന്നവരുംതന്നെ.
[5] ഓരോരുത്തനും തന്റെ അയൽവാസിയെ വഞ്ചിക്കും, ആരും സത്യം പറയുകയുമില്ല. വ്യാജം പറയാൻ അവർ തങ്ങളുടെ നാവുകളെ ശീലിപ്പിച്ചിരിക്കുന്നു; പാപംചെയ്തുകൊണ്ട് അവർ തങ്ങളെത്തന്നെ ക്ഷീണിപ്പിക്കുന്നു.
[6] നിന്റെ വാസം വഞ്ചനയുടെ മധ്യത്തിലാണ്, അവരുടെ വഞ്ചനയിൽ അവർ എന്നെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
[7] അതിനാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ അവരെ സ്ഫുടംചെയ്തു പരിശോധിക്കും, എന്റെ ജനത്തിന്റെ പാപംനിമിത്തം മറ്റെന്തു ചെയ്യാൻ എനിക്കു കഴിയും?
[8] അവരുടെ നാവ് മാരകമായ ഒരു അമ്പാണ്; അതു വഞ്ചന സംസാരിക്കുന്നു. അവർ തങ്ങളുടെ അയൽവാസിയോട് വാകൊണ്ട് സൗഹൃദത്തോടെ സംസാരിക്കുന്നു, എന്നാൽ ഹൃദയത്തിൽ അവർക്കായി കെണിയൊരുക്കുന്നു.
[9] ഈ കാര്യംനിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ?” യഹോവ അരുളിച്ചെയ്യുന്നു. “ഇതുപോലെയുള്ള ഒരു ജനതയോട് ഞാൻ പകരം ചെയ്യാതിരിക്കുമോ?”
[10] പർവതങ്ങൾക്കുവേണ്ടി ഞാൻ കരയുകയും അലമുറയിടുകയും ചെയ്യും മരുഭൂമിയിലെ പുൽമേടുകളെക്കുറിച്ച് ഞാൻ വിലാപഗീതം ആലപിക്കുകയും ചെയ്യും. ആരും അതിലൂടെ യാത്രചെയ്യുന്നുമില്ല, കന്നുകാലികളുടെ അമറൽ അവിടെ കേൾക്കാനുമില്ല. ആകാശത്തിലെ പക്ഷികളെല്ലാം പറന്നുപോയിരിക്കുന്നു മൃഗങ്ങളെല്ലാം അവിടംവിട്ടു പോയുമിരിക്കുന്നു.
[11] “ഞാൻ ജെറുശലേമിനെ ഒരു കൽക്കുന്നും കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും; ഞാൻ യെഹൂദാനഗരങ്ങളെ നിവാസികളില്ലാത്ത ശൂന്യസ്ഥലമാക്കിമാറ്റും.”
[12] ഇതു ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനിയാര്? അതു വ്യക്തമാക്കാൻ തക്കവണ്ണം യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവൻ ആര്? ആരും വഴിപോകാതവണ്ണം ഈ ദേശം മരുഭൂമിപോലെ നശിച്ചുപോകാൻ കാരണമെന്ത്?
[13] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെമുമ്പിൽ വെച്ച ന്യായപ്രമാണം അവർ ഉപേക്ഷിക്കയും എന്നെ അനുസരിക്കാതിരിക്കുകയും എന്റെ ന്യായപ്രമാണം പാലിക്കാതിരിക്കുകയും ചെയ്തതിനാൽത്തന്നെ.
[14] പ്രത്യുത, അവർ തങ്ങളുടെ ഹൃദയത്തിലെ ദുർവാശിയനുസരിച്ചും തങ്ങളുടെ പിതാക്കന്മാർ പഠിപ്പിച്ച ബാലിന്റെ വഴിയിൽ ജീവിക്കുകയും ചെയ്തു.”
[15] അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തെ കയ്‌പുള്ള ഭക്ഷണം കഴിപ്പിക്കുകയും വിഷജലം കുടിപ്പിക്കുകയും ചെയ്യും.
[16] അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത രാഷ്ട്രങ്ങൾക്കിടയിൽ ഞാൻ അവരെ ചിതറിച്ചുകളയും, ഞാൻ അവരെ മുടിച്ചുകളയുന്നതുവരെ അവരുടെ പിന്നാലെ വാൾ അയയ്ക്കും.”
[17] സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ചിന്തിച്ച്, വിലപിക്കുന്നതിന് സ്ത്രീകളെ വിളിപ്പിക്കുക; അവരിൽ സമർഥരായവരെത്തന്നെ വരുത്തുക.
[18] “അവർ വേഗംവന്ന് നമുക്കുവേണ്ടി ഒരു ദുഃഖാചരണം നടത്തട്ടെ; നമ്മുടെ കണ്ണുകളിൽനിന്ന് കണ്ണീർ കവിഞ്ഞൊഴുകുംവരെ, കൺപോളകളിൽനിന്ന് അശ്രു പ്രവഹിക്കുംവരെത്തന്നെ.
[19] സീയോനിൽനിന്ന് ഒരു വിലാപശബ്ദം കേൾക്കുന്നു: ‘നാം എത്ര ശൂന്യമായിരിക്കുന്നു! നമ്മുടെ ലജ്ജ എത്ര വലുതായിരിക്കുന്നു! നമ്മുടെ വാസസ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ, നാം നമ്മുടെ ദേശം വിട്ടുപോയേ തീരൂ.’ ”
[20] ഇപ്പോൾ, സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുക; നിങ്ങളുടെ കാതുകൾ അവിടത്തെ വായിലെ വചനത്തിനായി തുറക്കുക. നിങ്ങളുടെ പുത്രിമാരെ വിലപിക്കാനും നിങ്ങൾ പരസ്പരം വിലാപഗീതം ആലപിക്കാനും അഭ്യസിപ്പിക്കുക.
[21] മരണം നമ്മുടെ ജനാലകളിൽക്കൂടി കയറി കെട്ടിയുറപ്പിക്കപ്പെട്ട നമ്മുടെ കോട്ടകളിൽ പ്രവേശിച്ചിരിക്കുന്നു; അത്, തെരുവീഥികളിൽനിന്നു കുഞ്ഞുങ്ങളെയും ചത്വരങ്ങളിൽനിന്നു യുവാക്കളെയും നീക്കിക്കളഞ്ഞിരിക്കുന്നു.
[22] “യഹോവയുടെ അരുളപ്പാട് ഇതാകുന്നു എന്നറിയിക്കുക: “ ‘ആളുകളുടെ ശവങ്ങൾ തുറസ്സായസ്ഥലത്തെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിന്നിലെ ഉതിർമണികൾപോലെയും വീണുകിടക്കും, അവ ശേഖരിക്കാൻ ആരുംതന്നെ ഉണ്ടാകുകയില്ല.’ ”
[23] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തങ്ങളുടെ ജ്ഞാനത്തിൽ പ്രശംസിക്കുകയോ ശക്തർ തങ്ങളുടെ ബലത്തിൽ പ്രശംസിക്കുകയോ ധനികർ തങ്ങളുടെ ധനത്തിൽ പുകഴുകയോ അരുത്,
[24] യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും നടപ്പിൽവരുത്തുന്നു, ഇവയിലത്രേ ഞാൻ പ്രസാദിക്കുന്നത് എന്ന്, എന്നെക്കുറിച്ച് ഗ്രഹിക്കാനുള്ള ജ്ഞാനം അവർക്കുണ്ട് എന്നതിൽ അഭിമാനിക്കുന്നവർ അഭിമാനിക്കട്ടെ,” എന്ന് യഹോവയുടെ അരുളപ്പാട്.
[25] “ശരീരത്തിൽമാത്രം പരിച്ഛേദനമേറ്റവരായ—ഈജിപ്റ്റ്, യെഹൂദാ, ഏദോം, അമ്മോൻ, മോവാബ്, വിദൂരമരുഭൂമികളിൽ വസിക്കുന്നവർ ഇവരെയെല്ലാം ഞാൻ ശിക്ഷിക്കാനിരിക്കുന്ന ദിവസങ്ങൾ ഇതാ വന്നെത്തിയിരിക്കുന്നു. കാരണം ഇവരെല്ലാം യഥാർഥത്തിൽ പരിച്ഛേദനമേൽക്കാത്തവരാണല്ലോ, ഇസ്രായേൽഗൃഹം മുഴുവനുംതന്നെയും ഹൃദയത്തിൽ പരിച്ഛേദനമില്ലാത്തവരാണ്,” എന്ന് യഹോവയുടെ അരുളപ്പാട്.