[1] യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തു തടവിലാക്കിയിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാംപ്രാവശ്യം അദ്ദേഹത്തിനുണ്ടായി:
[2] “ഭൂമിയെ നിർമിച്ച് സ്വസ്ഥാനത്ത് സ്ഥിരപ്പെടുത്തിയ യഹോവ—അതേ, യഹോവ എന്നാകുന്നു അവിടത്തെ നാമം—ആ യഹോവതന്നെ ഇപ്രകാരം അരുളിച്ചെയ്യുന്നു.
[3] ‘എന്നെ വിളിച്ചപേക്ഷിക്കുക, ഞാൻ നിനക്ക് ഉത്തരമരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.’
[4] ബാബേല്യരുമായുള്ള യുദ്ധത്തിൽ ഉപരോധത്തിന്റെ ചരിഞ്ഞ പാതയ്ക്കും വാളിനുമെതിരായി ഉപയോഗിക്കേണ്ടതിന് ഈ നഗരത്തിൽ തകർക്കപ്പെട്ട വീടുകളെയും യെഹൂദയിലെ രാജകൊട്ടാരങ്ങളെയുംകുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ ഇതാണ് അരുളിച്ചെയ്യുന്നത്:
[5] ‘അത് എന്റെ കോപത്തിലും ക്രോധത്തിലും ഞാൻ കൊന്നുകളഞ്ഞ മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കും. അവരുടെ സകലദുഷ്ടതകളുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.
[6] “ ‘ഇതാ, ഞാൻ അവർക്ക് ആരോഗ്യവും സൗഖ്യവും വരുത്തും; ഞാൻ എന്റെ ജനത്തെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി ആസ്വദിക്കാൻ ഞാൻ അവരെ അനുവദിക്കുകയും ചെയ്യും.
[7] ഞാൻ ഇസ്രായേലിനെയും യെഹൂദയെയും അടിമത്തത്തിൽനിന്നു മടക്കിവരുത്തുകയും അവർ പണ്ട് ആയിരുന്നതുപോലെ അവരെ വീണ്ടും പണിതുയർത്തുകയും ചെയ്യും.
[8] അവർ എനിക്കെതിരേ ചെയ്ത അവരുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ അവരെ ശുദ്ധീകരിക്കും, അവർ എനിക്കെതിരേ മത്സരിച്ചുകൊണ്ടു ചെയ്ത എല്ലാ പാപങ്ങളും ഞാൻ അവരോടു ക്ഷമിക്കും.
[9] ഞാൻ ഈ നഗരത്തിനുവേണ്ടി ചെയ്യുന്ന, സകലനന്മകളെയുംകുറിച്ച് ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളും കേൾക്കുമ്പോൾ, അവരുടെമുമ്പിൽ എനിക്കു കീർത്തിയും ആനന്ദവും സ്തോത്രവും മഹത്ത്വവും ഈ നഗരം കൊണ്ടുവരും; ഞാൻ അവർക്കു ചെയ്യുന്ന എല്ലാ നന്മകളും സമാധാനവും നിമിത്തം സ്തബ്ധരാകുകയും ഭയന്നുവിറയ്ക്കുകയും ചെയ്യും.’
[10] “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മനുഷ്യരോ മൃഗങ്ങളോ ഇല്ലാത്ത പാഴുംശൂന്യവുമായ സ്ഥലം, എന്ന് ഈ സ്ഥലത്തെക്കുറിച്ച് നിങ്ങൾ പറയുന്നു. എന്നാൽ ശൂന്യവും, മനുഷ്യരോ മൃഗങ്ങളോ അധിവസിക്കാത്തതുമായ യെഹൂദാപട്ടണങ്ങളിലും ജെറുശലേമിന്റെ വീഥികളിലും ഇനിയൊരിക്കൽക്കൂടി,
[11] ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ആരവങ്ങളും മണവാളന്റെയും മണവാട്ടിയുടെയും തേൻമൊഴികളും യഹോവയുടെ ആലയത്തിലേക്കു സ്തോത്രയാഗങ്ങൾ കൊണ്ടുവന്ന്, “ ‘ “സൈന്യങ്ങളുടെ യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, യഹോവ നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്നു പറയുന്നവരുടെ ശബ്ദങ്ങളും കേൾക്കപ്പെടും. കാരണം ഈ ദേശത്തിന്റെ സമ്പൽസമൃദ്ധി ഞാൻ തിരികെ നൽകും,’ എന്ന് യഹോവ അരുളുന്നു.
[12] “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായിക്കിടന്ന ഈ സ്ഥലത്തും അതിലെ എല്ലാ പട്ടണങ്ങളിലും ആട്ടിൻപറ്റത്തിനു വിശ്രമം നൽകുന്ന ഇടയന്മാരുടെ മേച്ചിൽപ്പുറം ഉണ്ടാകും.
[13] മലമ്പ്രദേശത്തുള്ള പട്ടണങ്ങളിലും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തെ പട്ടണങ്ങളിലും ദക്ഷിണദേശത്തെ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും യെഹൂദാപട്ടണങ്ങളിലും ആട്ടിൻപറ്റത്തെ എണ്ണിനോക്കുന്നവരുടെ കൈക്കീഴിലൂടെ അജഗണങ്ങൾ കടന്നുപോകുമെന്ന് യഹോവയുടെ അരുളപ്പാട്.
[14] “ ‘ഇതാ, ഇസ്രായേൽജനത്തിനും യെഹൂദാജനത്തിനും ഞാൻ അരുളിയിട്ടുള്ള നല്ല വാഗ്ദാനം ഞാൻതന്നെ നിറവേറ്റുന്ന കാലം വരുന്നു,’ എന്ന് യഹോവയുടെ അരുളപ്പാട്.
[15] “ ‘ആ നാളുകളിലും ആ കാലത്തും ദാവീദിന്റെ നീതിയുള്ള ശാഖയായവൻ ഉയർന്നുവരാൻ ഞാൻ ഇടവരുത്തും. അവൻ ഭൂമിയിൽ ന്യായവും നീതിയും നടപ്പിലാക്കും.
[16] ആ ദിവസങ്ങളിൽ യെഹൂദാ രക്ഷിക്കപ്പെടും, ജെറുശലേം സുരക്ഷിതരായി ജീവിക്കും. യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ, എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.’
[17] കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇസ്രായേൽഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരികയില്ല,
[18] ദിനംതോറും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനും ഭോജനയാഗങ്ങൾ ദഹിപ്പിക്കുന്നതിനും മറ്റു യാഗങ്ങൾ അർപ്പിക്കുന്നതിനും ലേവ്യപുരോഹിതന്മാർക്ക് എന്റെമുമ്പാകെ നിൽക്കാൻ ഒരു പുരുഷൻ ഇല്ലാതെപോകുകയുമില്ല.’ ”
[19] യഹോവയുടെ അരുളപ്പാട് യിരെമ്യാവിന് ഉണ്ടായി:
[20] “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ പകലിനോടുചെയ്ത എന്റെ ഉടമ്പടിയും രാത്രിയോടുചെയ്ത എന്റെ ഉടമ്പടിയും ലംഘിച്ചുകൊണ്ട് പകലും രാത്രിയും അതതിന്റെ നിശ്ചിതസമയത്ത് വരാതെയാക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ,
[21] എന്റെ ദാസനായ ദാവീദിന് അവന്റെ സിംഹാസനത്തിലിരിക്കാൻ ഒരു മകൻ ഇല്ലാതെവരത്തക്കവിധം അവനോടുള്ള എന്റെ ഉടമ്പടിയും എന്റെമുമ്പാകെ ശുശ്രൂഷചെയ്യുന്ന ലേവ്യപുരോഹിതന്മാരോടുമുള്ള എന്റെ ഉടമ്പടിയും ലംഘിക്കപ്പെടാം.
[22] ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണിനോക്കാനും കടൽത്തീരത്തെ മണലിനെ അളക്കാനും കഴിയാത്തതുപോലെ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എനിക്കു ശുശ്രൂഷചെയ്യുന്ന ലേവ്യരെയും ഞാൻ അസംഖ്യമായി വർധിപ്പിക്കും.’ ”
[23] യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാവിനുണ്ടായി:
[24] “ ‘യഹോവ തെരഞ്ഞെടുത്ത രണ്ടു രാജ്യങ്ങളെയും അവിടന്നു തള്ളിക്കളഞ്ഞിരിക്കുന്നു,’ എന്നിങ്ങനെ ഈ ജനങ്ങൾ പറയുന്ന വാക്ക് നീ ശ്രദ്ധിച്ചില്ലേ? ഇങ്ങനെ അവർ എന്റെ ജനതയെ നിന്ദിക്കുന്നു, തുടർന്ന് അവരെ ഒരു രാഷ്ട്രമായി പരിഗണിക്കുന്നതുമില്ല.
[25] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘പകലിനോടും രാത്രിയോടുമുള്ള എന്റെ ഉടമ്പടി നിലനിൽക്കുന്നില്ലെങ്കിൽ, ആകാശത്തിന്റെയും ഭൂമിയുടെയും നിശ്ചിതവ്യവസ്ഥ ഞാൻ നിയമിച്ചിട്ടില്ലെങ്കിൽ,
[26] ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതികൾക്കു ഭരണാധിപന്മാരായിരിക്കാൻ അവന്റെ പുത്രന്മാരിൽനിന്ന് ഒരാളെ എടുക്കാൻ സാധിക്കാത്തവിധം തള്ളിക്കളയും. എന്നാൽ ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുകയും അവരോടു കരുണ കാണിക്കുകയും ചെയ്യും.’ ”