Skip to content
Opens in a new window
Listen to this chapter • 2:27

[1] യജമാനന്മാരേ, നിങ്ങൾക്കും സ്വർഗത്തിൽ ഒരു യജമാനൻ ഉണ്ടെന്നോർത്ത് ദാസരോടു നീതിയും ന്യായവും പുലർത്തുക.

[2] ജാഗ്രതയോടും നന്ദിയോടുംകൂടെ പ്രാർഥനയിൽ തുടരുക.

[3] ഞാൻ തടവിലാകാൻ കാരണമായ ക്രിസ്തുവിനെക്കുറിച്ചുള്ള രഹസ്യം ഇനിയും അറിയിക്കാൻ ദൈവം ഞങ്ങൾക്കു വചനപ്രഘോഷണത്തിനുവേണ്ടി ഒരു വാതിൽ തുറന്നുതരണം.

[4] എനിക്ക് അത് വേണ്ടുംപോലെ വ്യക്തമായി പ്രഘോഷിക്കാൻ കഴിയുകയുംവേണം. ഇതിനായി ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക.

[5] ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അവിശ്വാസികളോട് വിവേകപൂർവം പെരുമാറുക.

[6] ഓരോ വ്യക്തിയോടും എങ്ങനെ ഉചിതമായി ഉത്തരം പറയണമെന്നു ഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ സംഭാഷണം ഉപ്പിനാൽ രുചി വരുത്തിയതുപോലെ, എപ്പോഴും കൃപ നിറഞ്ഞതായിരിക്കട്ടെ.

[7] കർത്താവിൽ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് എന്റെ വാർത്തയെല്ലാം നിങ്ങളെ അറിയിക്കും.

[8] ഞങ്ങൾ എങ്ങനെയിരിക്കുന്നു എന്ന വിവരം അറിയിച്ച് നിങ്ങൾക്ക് ആശ്വാസം പകരേണ്ടതിനാണ് ഞാൻ അയാളെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നത്.

[9] നിങ്ങളിൽ ഒരാളായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടൊപ്പമാണ് അദ്ദേഹം അങ്ങോട്ടു വരുന്നത്; ഇവിടത്തെ വസ്തുതകളെല്ലാം അവർ നിങ്ങളെ അറിയിക്കും.

[10] എന്റെ സഹതടവുകാരനായ അരിസ്തർഹൊസും ബർന്നബാസിന്റെ ബന്ധുവായ മർക്കോസും നിങ്ങളെ അഭിവാദനംചെയ്യുന്നു. മർക്കോസിനെപ്പറ്റി നിങ്ങൾക്കു നിർദേശം ലഭിച്ചിട്ടുണ്ടല്ലോ. നിങ്ങളുടെ അടുക്കൽ വന്നാൽ അദ്ദേഹത്തെ സ്വാഗതംചെയ്യുക.

[11] യുസ്തൊസ് എന്നു വിളിപ്പേരുള്ള യേശുവും നിങ്ങളെ വന്ദനംചെയ്യുന്നു. ദൈവരാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന എന്റെ സഹപ്രവർത്തകരിൽ ഇവർമാത്രമാണ് യെഹൂദന്മാർ. ഇവർ എനിക്ക് ആശ്വാസമായിത്തീർന്നിരിക്കുന്നു.

[12] നിങ്ങളിൽ ഒരാളും ക്രിസ്തുയേശുവിന്റെ ദാസനുമായ എപ്പഫ്രാസ് നിങ്ങൾക്ക് വന്ദനം നേരുന്നു. നിങ്ങൾ ദൈവഹിതത്തെപ്പറ്റി പൂർണ നിശ്ചയമുള്ളവരായി നിലനിൽക്കേണ്ടതിന് അദ്ദേഹം നിങ്ങൾക്കുവേണ്ടി അത്യന്തം ജാഗ്രതയോടുകൂടെ നിരന്തരം പ്രാർഥിച്ചുകൊണ്ടിരിക്കുന്നു.

[13] നിങ്ങളെക്കുറിച്ചും ലവൊദിക്യയിലും ഹിയരപ്പൊലിസിലും ഉള്ളവരെക്കുറിച്ചും അദ്ദേഹത്തിനു വളരെ ഹൃദയഭാരമുണ്ട് എന്നതിനു ഞാൻ സാക്ഷി.

[14] നമ്മുടെ പ്രിയ വൈദ്യനായ ലൂക്കോസും ദേമാസും നിങ്ങളെ അഭിവാദനംചെയ്യുന്നു.

[15] ലവൊദിക്യയിലുള്ള സഹോദരങ്ങളെയും നുംഫയെയും അവരുടെ ഭവനത്തിലെ സഭയെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുക.

[16] ഈ ലേഖനം നിങ്ങൾ വായിച്ചതിനുശേഷം ലവൊദിക്യസഭയിൽ വായിപ്പിക്കുകയും ലവൊദിക്യയിൽനിന്നുള്ള ലേഖനം നിങ്ങൾ വായിക്കുകയുംചെയ്യണം.

[17] “കർത്താവിൽ നിനക്കു ലഭിച്ച ശുശ്രൂഷ നിറവേറ്റുക” എന്ന് അർഹിപ്പൊസിനോടു പറയണം.

[18] പൗലോസ് എന്ന ഞാൻ സ്വന്തം കൈകൊണ്ട് ഈ വന്ദനവചസ്സുകൾ എഴുതുന്നു. എന്റെ ബന്ധനങ്ങളെ ഓർക്കുക. കൃപ നിങ്ങളോടുകൂടെ ഇരിക്കട്ടെ.

കൊലോസ്യർക്ക് എഴുതിയ ലേഖനം — Chapters