[1] നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഉയരത്തിലുള്ളത് അന്വേഷിക്കുക. അവിടെയാണല്ലോ ദൈവത്തിന്റെ വലതുഭാഗത്തായി ക്രിസ്തു ഉപവിഷ്ടനായിരിക്കുന്നത്.
[2] ഭൂമിയിലുള്ളവയിലല്ല, ഉയരത്തിലുള്ളവയിൽത്തന്നെ മനസ്സ് കേന്ദ്രീകരിക്കുക.
[3] നിങ്ങൾ മരിച്ചിട്ട് നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.
[4] നിങ്ങളുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ അവിടത്തോടൊപ്പം നിങ്ങളും തേജസ്സിൽ പ്രത്യക്ഷരാകും.
[5] അതിനാൽ അസാന്മാർഗികത, അശുദ്ധി, വിഷയാസക്തി, ദുഷിച്ച അഭിലാഷങ്ങൾ, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിങ്ങനെയുള്ള നിങ്ങളുടെ ജഡികവികാരങ്ങളെ നിർജീവമാക്കുക.
[6] ഇവ ദൈവകോപം ജ്വലിപ്പിക്കുന്നവയാണ്.
[7] നിങ്ങൾ ഒരുകാലത്ത് ഇവയെല്ലാം അനുസരിച്ച് ജീവിച്ചവരായിരുന്നു.
[8] എന്നാൽ കോപം, ക്രോധം, വിദ്വേഷം, ദൂഷണം, നിങ്ങളുടെ വായിൽനിന്ന് പുറപ്പെടുന്ന അശ്ലീലഭാഷണം ഇവയൊക്കെയും ഇപ്പോൾ ഉപേക്ഷിക്കുക.
[9] അന്യോന്യം വ്യാജം പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞിട്ട്,
[10] തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്.
[11] ഇതിൽ ഗ്രീക്കുകാരനെന്നോ യെഹൂദനെന്നോ, പരിച്ഛേദനം ഏറ്റവനെന്നോ ഏൽക്കാത്തവനെന്നോ, അപരിഷ്കൃതനെന്നോ സിഥിയനെന്നോ, ദാസൻ എന്നോ സ്വതന്ത്രൻ എന്നോ വ്യത്യാസം ഇല്ല. എല്ലാം ക്രിസ്തുവത്രേ നാം എല്ലാവരിലും വസിക്കുന്നതും ക്രിസ്തുവത്രേ.
[12] ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക.
[13] പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരെ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.
[14] എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.
[15] ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക.
[16] ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്.
[17] നിങ്ങളുടെ വാക്കോ പ്രവൃത്തിയോ എന്തായാലും അവയെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം അർപ്പിച്ചുംകൊണ്ടും ആയിരിക്കട്ടെ.
[18] ഭാര്യമാരേ, കർത്താവിന് യോഗ്യമായവിധം, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പ്പെട്ടിരിക്കുക.
[19] ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം, അവരോടു പരുഷമായി പെരുമാറരുത്.
[20] മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ സകലത്തിലും അനുസരിക്കുക, അത് കർത്താവിനു പ്രസാദകരമല്ലോ.
[21] പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കരുത്. അങ്ങനെ ചെയ്താൽ അവർ നിരാശരായിത്തീരും.
[22] ദാസന്മാരേ, ഭൂമിയിലുള്ള നിങ്ങളുടെ യജമാനന്മാരെ എല്ലാക്കാര്യത്തിലും അനുസരിക്കുക: മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി, അവർ കാണുമ്പോൾമാത്രമല്ല, എല്ലാ സമയത്തും ആത്മാർഥതയോടും ദൈവഭയത്തോടുംകൂടി അവരെ അനുസരിക്കുക.
[23] നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നപോലെയല്ല, കർത്താവിനെന്നപോലെ ഹൃദയപൂർവം ചെയ്യുക:
[24] കർത്താവിന്റെ സമ്പത്തിന്റെ ഓഹരി നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുമെന്ന് അറിയുക. കാരണം, കർത്താവായ ക്രിസ്തുവിനെയാണല്ലോ നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്.
[25] അതുപോലെതന്നെ തെറ്റു ചെയ്തവന്, താൻ ചെയ്ത തെറ്റിനു തക്ക ശിക്ഷയും കിട്ടും; ദൈവത്തിനു പക്ഷപാതം ഇല്ലല്ലോ.