Skip to content
Opens in a new window
Listen to this chapter • 1:50

[1] സഭാമുഖ്യനായ ഞാൻ, നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം നിമിത്തം, ഞാൻമാത്രമല്ല,

[2] സത്യത്തെ അറിയുന്ന എല്ലാവരും സത്യമായി സ്നേഹിക്കുന്ന ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട മാന്യവനിതയ്ക്കും അവരുടെ മക്കൾക്കും എഴുതുന്നത്:

[3] പിതാവായ ദൈവത്തിൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിൽനിന്നും സത്യത്തിലും സ്നേഹത്തിലും, കൃപയും കരുണയും സമാധാനവും നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ.

[4] പിതാവു നമ്മോടു സത്യത്തിനനുസൃതമായി ജീവിക്കാൻ കൽപ്പിച്ചതുപോലെതന്നെ, നിന്റെ മക്കളിൽ ചിലർ ജീവിക്കുന്നതു കണ്ടു ഞാൻ ഏറ്റവുമധികം ആനന്ദിച്ചു.

[5] പ്രിയവനിതേ, ഞാൻ ഒരു പുതിയ കൽപ്പനയല്ല, നമുക്ക് ആദ്യംമുതലേ ലഭിച്ചിരുന്നതുതന്നെയാണ് താങ്കൾക്ക് ഇപ്പോൾ എഴുതുന്നത്: നാം പരസ്പരം സ്നേഹിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു.

[6] നാം ദൈവകൽപ്പനയനുസരിച്ചു ജീവിക്കുന്നതാണ് സ്നേഹം. ആരംഭംമുതലേ നിങ്ങൾ കേട്ടിട്ടുള്ളതുപോലെ, നിങ്ങൾ സ്നേഹത്തിൽ ജീവിക്കുക. ഇതാകുന്നു ആ കൽപ്പന.

[7] യേശുക്രിസ്തു മനുഷ്യശരീരത്തിൽ വന്നു എന്ന് അംഗീകരിക്കാത്ത അനേകം വഞ്ചകന്മാർ ലോകത്തിൽ വ്യാപിച്ചിരിക്കുന്നതിനാലാണ് ഞാൻ ഇത് പറയുന്നത്. ഇപ്രകാരമുള്ളവൻ വഞ്ചകനും എതിർക്രിസ്തുവും ആകുന്നു.

[8] പൂർണമായ പ്രതിഫലം നിങ്ങൾക്കു ലഭിക്കുന്നവിധം ഞങ്ങളുടെ അധ്വാനഫലം നിങ്ങൾ നഷ്ടമാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

[9] ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിനെ മറികടക്കുന്നവനു ദൈവമില്ല. എന്നാൽ, ഈ ഉപദേശത്തിൽ നിലനിൽക്കുന്നവനോ പിതാവും പുത്രനും ഉണ്ട്.

[10] ഈ ഉപദേശവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ, അവനെ നിങ്ങളുടെ വീട്ടിൽ സ്വീകരിക്കുകയോ വന്ദനംചെയ്യുകയോ കുശലപ്രശ്നംചെയ്യുകയോ അരുത്.

[11] അവനെ വന്ദിക്കുന്നവൻ അവന്റെ ദുഷ് പ്രവൃത്തികളിൽ പങ്കാളിയാണ്.

[12] നിങ്ങൾക്കായി എഴുതാൻ ധാരാളം ഉണ്ടെങ്കിലും കടലാസും മഷിയും ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെയോ, നമ്മുടെ ആനന്ദം പൂർണമാകേണ്ടതിനു നിങ്ങളെ സന്ദർശിച്ചു മുഖാമുഖമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

[13] താങ്കളുടെ, തെരഞ്ഞെടുക്കപ്പെട്ടവളായ സഹോദരിയുടെ മക്കൾ താങ്കളെ അഭിവാദനംചെയ്യുന്നു.