[1] യേശുതന്നെയാണ് ക്രിസ്തു എന്നു വിശ്വസിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. പിതാവിനെ സ്നേഹിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ച ആളെയും സ്നേഹിക്കുന്നു.
[2] ദൈവത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നതിലൂടെ നാം ദൈവമക്കളെയും സ്നേഹിക്കുന്നെന്ന് അറിയുന്നു.
[3] ദൈവത്തോടുള്ള സ്നേഹത്തിന്റെ ആധാരം ദൈവത്തിന്റ കൽപ്പനകൾ പാലിക്കുന്നതുതന്നെയാണ്. അവിടത്തെ കൽപ്പനകൾ ഭാരമുള്ളവയല്ല.
[4] ദൈവത്തിൽനിന്നു ജനിച്ച ഏതൊരാളും ലോകത്തെ അതിജീവിച്ചിരിക്കുന്നു; ഈ വിജയം നമുക്ക് ലഭിച്ചത് നമ്മുടെ വിശ്വാസത്താലാണ്.
[5] യേശു ദൈവപുത്രനെന്നു വിശ്വസിക്കുന്നവർക്കല്ലാതെ ആർക്കാണ് ലോകത്തെ അതിജീവിക്കാൻ കഴിയുന്നത്?
[6] യേശുക്രിസ്തു എന്ന ഒരാൾമാത്രമാണ് വെള്ളത്താലും രക്തത്താലും വന്നത്. അവിടന്ന് വന്നത് വെള്ളത്താൽമാത്രമല്ല, വെള്ളത്താലും രക്തത്താലുമാണ്. ഇക്കാര്യത്തിന് സാക്ഷ്യം നൽകുന്നത് ആത്മാവാണ്; അവിടന്ന് സത്യമാണ്.
[7] സാക്ഷ്യം നൽകുന്നവർ മൂവരാണ്:
[8] ആത്മാവ്, വെള്ളം, രക്തം. ഇവർ മൂവരുടെയും സാക്ഷ്യം ഒന്നുതന്നെയാണ്.
[9] മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നല്ലോ; അതിലും ശ്രേഷ്ഠതരമാണ് ദൈവത്തിന്റെ സാക്ഷ്യം. കാരണം സ്വപുത്രനെക്കുറിച്ച് ദൈവംതന്നെ നൽകിയ സാക്ഷ്യമാണ് അത്.
[10] ദൈവപുത്രനിൽ വിശ്വസിക്കുന്നവരെല്ലാം ഈ സാക്ഷ്യം അംഗീകരിക്കുന്നു. ദൈവത്തിൽ വിശ്വസിക്കാത്തവർ അവിടത്തെ അസത്യവാദിയാക്കുന്നു. കാരണം, ദൈവം സ്വപുത്രനെക്കുറിച്ചു നൽകിയ സാക്ഷ്യം അവർ വിശ്വസിച്ചിട്ടില്ല.
[11] ആ സാക്ഷ്യം ഇതാണ്: ദൈവം നമുക്കു നിത്യജീവൻ നൽകിയിരിക്കുന്നു; ആ ജീവൻ അവിടത്തെ പുത്രനിലാണ്.
[12] ദൈവപുത്രൻ ഉള്ളവർക്കെല്ലാം നിത്യജീവനുണ്ട്; ദൈവപുത്രൻ ഇല്ലാത്തവർക്കു ജീവനില്ല.
[13] ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇത് എഴുതുന്നത്.
[14] ദൈവത്തിനു പ്രസാദകരമായ എന്ത് നാം അപേക്ഷിച്ചാലും നമ്മുടെ അപേക്ഷ അവിടന്നു കേൾക്കുന്നു, എന്നതാണു ദൈവസന്നിധിയിൽ നമുക്കുള്ള ആത്മവിശ്വാസം.
[15] നാം അപേക്ഷിക്കുന്നതെന്തും അവിടന്നു കേൾക്കുന്നെന്ന് ഉറപ്പുള്ളതിനാൽ, അപേക്ഷിച്ചവയെല്ലാം നമുക്കു ലഭിച്ചു എന്ന് തീർച്ചപ്പെടുത്താം.
[16] സഹോദരങ്ങളിൽ ഒരാൾ മരണഹേതുവല്ലാത്ത പാപംചെയ്യുന്നത് കണ്ടാൽ നിങ്ങൾ അയാൾക്കുവേണ്ടി അപേക്ഷിക്കുക; മരണഹേതു അല്ലാത്ത പാപംചെയ്യുന്ന വ്യക്തിക്ക് ദൈവം ജീവൻ നൽകും. മരണഹേതുവായ പാപവും ഉണ്ട്. നിങ്ങൾ അതിനുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല.
[17] എല്ലാ അനീതിയും പാപംതന്നെ. എന്നാൽ, മരണത്തിലേക്കു നയിക്കാത്ത പാപവും ഉണ്ട്.
[18] ദൈവത്തിൽനിന്നു ജനിച്ചവർ ആരും പാപത്തിൽ തുടരുന്നില്ല എന്നു നാം അറിയുന്നു. ദൈവപുത്രൻ അവരെ സൂക്ഷിക്കുന്നു. പിശാചിന് അവരെ സ്പർശിക്കാൻ കഴിയുകയില്ല.
[19] നാം ദൈവത്തിൽനിന്ന് ജനിച്ചവർ ആണെന്നും ലോകം മുഴുവൻ പിശാചിന്റെ അധീനതയിൽ ആണെന്നും അറിയുന്നു.
[20] ദൈവപുത്രൻ വന്ന് സത്യമായവനെ നാം അറിയേണ്ടതിന് നമുക്കു വിവേകം നൽകിയിരിക്കുന്നു എന്നും, നാം സത്യമായവനിൽ—അവിടത്തെ പുത്രനായ യേശുക്രിസ്തുവിൽത്തന്നെ—ആകുന്നു എന്നും നാം അറിയുന്നു. അവിടന്നു സത്യദൈവവും നിത്യജീവനും ആകുന്നു.
[21] കുഞ്ഞുമക്കളേ, നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനുള്ള സ്ഥാനം അപഹരിക്കുന്ന എല്ലാറ്റിൽനിന്നും അകന്നിരിക്കുക.