Skip to content
Opens in a new window
Listen to this chapter • 5:34

[1] എന്‍റെ സഹോദരരേ, മഹത്വമുള്ള കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വാസികളാണ് നിങ്ങള്‍. അതുകൊണ്ട് ചിലര്‍ മറ്റുചിലരേക്കാള്‍ പ്രധാനരാണെന്ന് വിചാരിക്കരുത്.

[2] ആകര്‍ഷകമായ വേഷത്തില്‍ സ്വര്‍ണ്ണമോതിരമണിഞ്ഞ ഒരുവനും പഴയതും മുഷിഞ്ഞതുമായ വസ്ത്രം ധരിച്ച വേറൊരുവനും നിങ്ങളുടെ ഇടയിലേക്കു വന്നുവെന്നു വിചാരിക്കുക.

[3] പ്രത്യേകം ശ്രദ്ധകൊടുത്ത് “വരൂ, ഈ നല്ല ഇരിപ്പിടത്തില്‍ ഇരിക്കൂ” എന്ന് മനോഹരവസ്ത്രധാരിയോട് നിങ്ങള്‍ പറയും. എന്നാല്‍ ദരിദ്രനോടോ “അവിടെ നില്‍ക്ക്” എന്നോ “വന്ന് ഞങ്ങളുടെ കാല്‍ക്കീഴില്‍ ഇരിക്ക” എന്നോ പറയൂം.

[4] എന്താണ് നിങ്ങളീ ചെയ്യുന്നത്? നിങ്ങള്‍ ചിലരെ മറ്റുള്ളവരെക്കാള്‍ പ്രധാനികളാക്കുന്നു. ഏതു മനുഷ്യനാണ് മെച്ചമെന്നു ദുഷ്ടവിചാരത്തോടെ നിങ്ങള്‍ തന്നെ തീരുമാനിക്കുക.

[5] ശ്രദ്ധിക്കുക. എന്‍റെ പ്രിയ സഹോദരരേ, വിശ്വാസം കൊണ്ട് സമ്പന്നരാകാന്‍ ദൈവം ദരിദ്രരെ തിരഞ്ഞെടുത്തിരിക്കുന്നു. തന്നെ സ്നേഹിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത രാജ്യം സ്വീകരിക്കാന്‍ ദൈവം അവരെ തിരഞ്ഞെടുത്തു.

[6] എന്നാല്‍ നിങ്ങള്‍ ദരിദ്രരോട് അനാദരവു കാണിച്ചു. നിങ്ങള്‍ക്കറിയാം. സമ്പന്നരാണ് നിങ്ങളുടെ ജീവിതത്തെ എപ്പോഴും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്ന്. അവന്‍ തന്നെയാണ് നിങ്ങളെ കോടതിയില്‍ കയറ്റുന്നതും.

[7] നിങ്ങള്‍ അവകാശമാക്കുന്ന ക്രിസ്തുവിന്‍റെ സല്‍പേരിനെ മലിനപ്പെടുത്താന്‍ ശ്രമിക്കുന്ന ജനവും സമ്പന്നരാണ്.

[8] ഒരു ന്യായപ്രമാണം എല്ലാ ന്യായപ്രമാണത്തെയും ഭരിക്കുന്നു. ഈ രാജകീയ ന്യായപ്രമാണം തിരുവെഴുത്തില്‍ ഇങ്ങനെ കാണുന്നു. “നിങ്ങള്‍ നിങ്ങളെത്തന്നെ സ്നേഹിക്കുന്നതുപോലെ അന്യരെയും സ്നേഹിക്കുക.” ഈ ന്യായപ്രമാണം അനുസരിക്കുന്നുവെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ശരിയാണ്.

[9] എന്നാല്‍ ഒരാളെ നിങ്ങള്‍ മറ്റൊരാളെക്കാള്‍ പ്രാധാന്യമുള്ളവനെപ്പോലെ കരുതി സ്വീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ പാപം ചെയ്യുന്നു. ആ ന്യായപ്രമാണം ദൈവത്തിന്‍റെ ന്യായപ്രമാണ ലംഘനത്തിന് നിങ്ങളില്‍ കുറ്റം ചാര്‍ത്തും.

[10] ദൈവത്തിന്‍റെ ന്യായപ്രമാണമെല്ലാം ഒരുവന്‍ പിന്തുടര്‍ന്നിരിക്കാം. എന്നാലാമനുഷ്യന്‍ ഒരു കല്പന പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അവന്‍ ന്യായപ്രമാണത്തിലെ എല്ലാ കല്പനകളും ലംഘിച്ചതുപോലെ കുറ്റാരോപിതനാകും.

[11] “വ്യഭിചാരം ചെയ്യരുതെന്ന്” എന്നു ആജ്ഞാപിച്ച അതേ ദൈവം തന്നെയാണ് “കൊല്ലരുത്” എന്നും കല്പിച്ചിട്ടുള്ളത്. അതു കൊണ്ട് നീ വ്യഭിചരിക്കുന്നില്ലെങ്കിലും ഒരുവനെ കൊന്നാല്‍ നീ ദൈവത്തിന്‍റെ ന്യായപ്രമാണം എല്ലാം ലംഘിച്ചതിനുള്ള കുറ്റക്കാരനാകും.

[12] സ്വാതന്ത്ര്യത്തെ സംബന്ധിച്ച ന്യായപ്രമാണത്താല്‍ നിങ്ങളെയും വിധിയ്ക്കും. നിങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും എല്ലാം ഇതോര്‍ക്കുവിന്‍.

[13] അതേ, നിങ്ങള്‍ അന്യരോട് കരുണ തീര്‍ച്ചയായും കാണിക്കണം. നിങ്ങള്‍ കരുണ കാണിച്ചില്ലെങ്കില്‍ ദൈവം നിങ്ങളെ വിധിയ്ക്കുമ്പോള്‍ അവന്‍ നിങ്ങളോടും കരുണ കാണിക്കില്ല. എന്നാല്‍ കരുണ കാണിച്ചവന് വിധിനേരത്തും ഭീതി കൂടാതെ നില്‍ക്കാം.

[14] എന്‍റെ സഹോദരരേ, ഒരുവന്‍ വിശ്വാസം ഉണ്ടെന്നു പറയുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്താല്‍ ആ വിശ്വാസത്തിന് ഒരു വിലയുമില്ല. അത്തരം വിശ്വാസം അവനെ രക്ഷിക്കുമോ? ഇല്ല.

[15] ക്രിസ്തുവിലെ ഒരു സഹോദരനോ സഹോദരിക്കോ ഭക്ഷണമോ വസ്ത്രമോ ആവശ്യമായിരിക്കാം.

[16] അവനോടു നിങ്ങള്‍ “ദൈവം നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നും നിങ്ങള്‍ക്കു വേണ്ടത്ര തിന്നുവാനും തണുപ്പ് കൂടാതെയിരിക്കുവാനും കഴിയുമെന്നു ഞാന്‍ ആശിക്കുന്നു എന്നു പറയുന്നു.” അവനോടു നിങ്ങള്‍ ഇങ്ങനെ പറയുമെങ്കിലും അവനാവശ്യമുള്ളവ നിങ്ങള്‍ കൊടുക്കില്ല. നിങ്ങള്‍ അവനെ സഹായിച്ചില്ലെങ്കില്‍ നിങ്ങളുടെ വാക്ക് വിലകെട്ടതാണ്.

[17] അതുതന്നെയാണ് വിശ്വാസത്തിന്‍റെ കാര്യവും. വിശ്വാസം ഒന്നും ചെയ്യിക്കുന്നില്ലെങ്കില്‍ ആ വിശ്വാസം മരിച്ചതാണ്. കാരണം അത് ഒറ്റയ്ക്കാണ്.

[18] ഒരു മനുഷ്യന്‍ ഇങ്ങനെ പറഞ്ഞിരിക്കാം, “നിനക്കു വിശ്വാസം ഉണ്ട് എനിക്കു പ്രവൃത്തിയും ഉണ്ട്. പ്രവൃത്തിയില്ലാത്ത വിശ്വാസം നീ കാണിക്കൂ. എന്‍റെ പ്രവൃത്തിയാല്‍ എന്‍റെ വിശ്വാസം കാണിക്കാന്‍ എനിക്കു കഴിയും.”

[19] ഏക ദൈവമേയുള്ളൂ എന്നു നിങ്ങള്‍ വിശ്വസിക്കുന്നു. നല്ലത്, പിശാചുക്കളും അതുതന്നെ വിശ്വസിക്കുന്നു. അവന്‍ ഭയംകൊണ്ട് വിറയ്ക്കുകയും ചെയ്യുന്നു.

[20] മൂഢാ, പ്രവൃത്തി കൂടാതെയുള്ള വിശ്വാസം വിലകെട്ടതാണെന്ന് നിന്നെ തീര്‍ച്ചയായും കാണിക്കേണ്ടതുണ്ടോ?

[21] അബ്രാഹാം നമ്മുടെ പിതാവാണ്. അബ്രാഹാം തന്‍റെ പ്രവൃത്തിയാല്‍ ദൈവമുമ്പാകെ നീതിമാനാക്കപ്പെട്ടു. യാഗപീഠത്തില്‍ തന്‍റെ മകനായ യിസ്ഹാക്കിനെ അവന്‍ ദൈവത്തിനര്‍പ്പിച്ചു.

[22] അബ്രാഹാമിന്‍റെ വിശ്വാസവും കര്‍മ്മവും ഒരേപോലെ പ്രവര്‍ത്തിച്ചത് നിങ്ങള്‍ കാണുക. അവന്‍റെ പ്രവൃത്തിയാല്‍ അവന്‍റെ വിശ്വാസം പൂര്‍ത്തീകരിക്കപ്പെട്ടു.

[23] “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു. ആ വിശ്വാസം അബ്രഹാമിനെ ദൈവമുമ്പാകെ നീതീകരിച്ചു.” എന്നുള്ളതു തിരുവെഴുത്തിന്‍റെ പൂര്‍ണ്ണാര്‍ത്ഥം ഇതു കാണിക്കുന്നു. “ദൈവത്തിന്‍റെ സ്നേഹിതനെന്ന്” അബ്രാഹാമിനെ വിളിച്ചു.

[24] ഒരുവന്‍റെ പ്രവൃത്തിയാലാണ് ദൈവസമക്ഷം അവന്‍ നീതീകരിക്കപ്പെടുക എന്നും നിങ്ങള്‍ കാണുന്നു. വിശ്വാസം ഒന്നുകൊണ്ടുമാത്രം ഒരുവനു നീതീകരിക്കപ്പെടാന്‍ കഴിയില്ല.

[25] വേശ്യയായിരുന്ന രാഹാബാണ് മറ്റൊരുദാഹരണം. അവളുടെ പ്രവൃത്തി അവളെ ദൈവസമക്ഷം നീതീകരിച്ചു. ദൈവജനത്തിനായി അവള്‍ ചാരന്മാരെ സഹായിച്ചു. അവള്‍ അവരെ അവളുടെ വീട്ടിലേക്കു സ്വാഗതം ചെയ്യുകയും മറ്റൊരു വഴിയെ രക്ഷപെടാന്‍ അവരെ സഹായിക്കുകയും ചെയ്തു.

[26] ആത്മാവില്ലാത്ത ഒരു മനുഷ്യന്‍റെ ശരീരം മരിച്ചതാണ്. വിശ്വാസത്തിന്‍റെ കാര്യവും അതു തന്നെ. പ്രവര്‍ത്തിയില്ലാ വിശ്വാസം ചത്തതാണ്!

യാക്കോബ് — Chapters