Skip to content
Opens in a new window
Listen to this chapter • 5:25

[1] ദൈവത്തിന്‍റെയും യേശുക്രിസ്തുവിന്‍റെയും ദാസനായ യാക്കോബ്, ലോകത്തിലെല്ലായിടത്തുമായി ചിതറിക്കിടക്കുന്ന ദൈവജനത്തിന് വന്ദനം ചൊല്ലുന്നു.

[2] എന്‍റെ സഹോദരരേ, പല തരത്തിലുള്ള ക്ലേശങ്ങള്‍ നിങ്ങള്‍ക്കു കാണും. എന്നാല്‍ ഇവ സംഭവിക്കുമ്പോള്‍ നിങ്ങള്‍ വളരെ സന്തുഷ്ടരാകണം.

[3] എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ വിശ്വാസം പരീക്ഷിക്കുന്നതോടൊപ്പം നിങ്ങളുടെ ക്ഷമയും നിങ്ങള്‍ക്കറിയാം.

[4] നിങ്ങള്‍ ചെയ്യുന്നതെന്തോ അതില്‍ നിങ്ങളുടെ ക്ഷമ പൂര്‍ണ്ണമായും കാണിക്കണം. അപ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണരും കുറ്റമറ്റവരുമാകും. നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം നിങ്ങള്‍ക്കു കിട്ടും.

[5] എന്നാല്‍ നിങ്ങളിലാര്‍ക്കെങ്കിലും ജ്ഞാനം ആവശ്യമാണെങ്കില്‍ നിങ്ങള്‍ ദൈവത്തോട് അതു ചോദിക്കണം. ദൈവം ഉദാരശീലനാണ്. എല്ലാര്‍ക്കും നല്‍കുന്നതില്‍ അവന്‍ ആനന്ദം കൊള്ളുന്നു. അതിനാല്‍ ദൈവം നിങ്ങള്‍ക്കു വിജ്ഞാനം തരും.

[6] നിങ്ങള്‍ ദൈവത്തോടു ചോദിക്കുമ്പോള്‍ വിശ്വാസപൂര്‍വ്വം ചോദിക്കണം. ദൈവത്തെ സംശയിക്കരുത്. സംശയിക്കുന്നവന്‍ കടലിലെ തിര പോലെയാണ്. കാറ്റ് തിരയെ താഴേയ്ക്കും മേലേയ്ക്കും ഉലയ്ക്കുന്നു. സംശയിക്കുന്നവന്‍ ആ തിരപോലെയാണ്.

[7] സംശയിക്കുന്നവന്‍ വിരുദ്ധങ്ങളായ രണ്ടു കാര്യങ്ങള്‍ ഒരേസമയം ചിന്തിക്കുന്നു. അവന്‍ ചെയ്യുന്നതിനെക്കുറിച്ച് അവനൊന്നും തീരുമാനിക്കാന്‍ വയ്യ. കര്‍ത്താവില്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് അത്തരമൊരുവന്‍ വിചാരിക്കരുത്.

[9] ഒരു വിശ്വാസി ദരിദ്രനെങ്കില്‍ ദൈവം അവനെ ആത്മാവില്‍ സമ്പന്നനാക്കിയതില്‍ അവന്‍ അഭിമാനിക്കണം.

[10] ഒരു വിശ്വാസി ധനികനെങ്കില്‍ അവന്‍ ആത്മാവില്‍ ദരിദ്രനാണെന്ന് ദൈവം ചൂണ്ടിക്കാട്ടിയതിലവന്‍ അഭിമാനിക്കട്ടെ. കാട്ടുപൂവ് പോലെ ധനികന്‍ മരിക്കും.

[11] മനോഹരമായ പുഷ്പം ഏറിവരുന്ന സൂര്യതാപത്താല്‍ ഉണങ്ങിക്കരിഞ്ഞു ഭംഗിനശിച്ചു കൊഴിയുമ്പോലെയാണ് ധനികനും. വ്യാപാരപദ്ധതികള്‍ തയ്യാറാക്കുന്നതിനിടയ്ക്ക് അവന്‍ മരിക്കും.

[12] പ്രലോഭിതനായ ശേഷവും ഒരുവന്‍ ദൃഢതയോടെ നില്‍ക്കുന്നുവെങ്കില്‍ അവന്‍ സന്തോഷിക്കും. എന്തുകൊണ്ടെന്നാല്‍ അവന്‍റെ വിശ്വാസം തെളിയിക്കപ്പെട്ടശേഷം നിത്യജീവന്‍റെ പ്രതിഫലം ദൈവം അവനു നല്‍കും. തന്നെ സ്നേഹിക്കുന്ന ഏവര്‍ക്കും ദൈവം ഇത് വാഗ്ദാനം ചെയ്തിട്ടുണ്ട്.

[13] പ്രലോഭിതനാകുമ്പോള്‍ “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ഒരുവന്‍ പറയരുത്. ദുഷ്ടത ദൈവത്തെ പ്രലോഭിപ്പിക്കില്ല. തന്നെയുമല്ല ദൈവം തനിയെ ആരെയും പ്രലോഭിപ്പിക്കുകയും ഇല്ല.

[14] ഒരുവനാഗ്രഹിക്കുന്ന ദുഷ്ടതകളാണ് അവനെ പ്രലോഭിതനാക്കുന്നത്. അവന്‍റെ തന്നെ ദുരാഗ്രഹങ്ങള്‍ അവനെ വഴിമാറ്റുകയും കെണിയിലാക്കുകയും ചെയ്യുന്നു.

[15] ഈ ആഗ്രഹം ഒരിക്കല്‍ രൂപം കൊണ്ടാല്‍ വളര്‍ന്നു വലുതാകുകയും പാപത്തിനു ജന്മം നല്‍കുകയും ചെയ്യുന്നു. പാപം മരണത്തെ പ്രസവിക്കുന്നു.

[16] എന്‍റെ പ്രിയ സഹോദരരേ, ഇക്കാര്യത്തെക്കുറിച്ച് നിങ്ങള്‍ വിഢികളാകരുത്.

[17] എല്ലാ നന്മയും ദൈവത്തില്‍ നിന്നു വരുന്നു. എല്ലാ പരിപൂര്‍ണ്ണദാനവും ദൈവത്തില്‍ നിന്നാണ്. ഈ നല്ല ദാനങ്ങളെല്ലാം വരുന്നത് വെളിച്ചത്തിന്‍റെ പിതാവില്‍ നിന്നാണ്. ദൈവം എന്നും ഒരുപോലെയാണ്. അവനു മാറ്റമില്ല.

[18] സത്യവചനത്തിലൂടെ ജീവന്‍ തരുവാന്‍ ദൈവം തീരുമാനിച്ചു. അവന്‍ സൃഷ്ടിച്ച എല്ലാറ്റിനെക്കാളും നമുക്കു പ്രാധാന്യം ഉണ്ടാക്കുവാന്‍ അവനാഗ്രഹിച്ചു.

[19] എന്‍റെ പ്രിയ സഹോദരരേ, സംസാരിക്കുന്നതിനെക്കാള്‍ അധികം കേള്‍ക്കുവാന്‍ താല്പര്യം കാട്ടുക. എളുപ്പം കോപിക്കരുത്.

[20] ഒരു മനുഷ്യന്‍റെ കോപം ദൈവം ആഗ്രഹിക്കും പോലെ ജീവിക്കാന്‍ അവനെ സഹായിക്കില്ല.

[21] അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്ന എല്ലാ ദുഷ്കര്‍മ്മങ്ങളെയും ജീവിതത്തില്‍നിന്നും അകറ്റുക. വിനീതരാകുകയും നിങ്ങളുടെ ഹൃദയത്തില്‍ പാകിയിരിക്കുന്ന ദൈവത്തിന്‍റെ പാഠങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. ഈ ഉപദേശത്തിനു നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാനുള്ള കഴിവുണ്ട്.

[22] ദൈവത്തിന്‍റെ ഉപദേശം പറയുന്നതെന്തെന്നോ അതു ചെയ്യുക. വെറുതെ കേള്‍ക്കുകമാത്രം ചെയ്തുകൊണ്ട് ഒന്നും ചെയ്യാതെ അലസരായി ഇരിക്കുകയുമരുത്. എന്തുകൊണ്ടെന്നാല്‍ വെറുതെ ഇരുന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കബളിപ്പിക്കുകയാണ്.

[23] ദൈവത്തിന്‍റെ ഉപദേശം കേട്ടിട്ട് ഒന്നും ചെയ്യാതിരിക്കുന്നവന്‍ തന്‍റെ തന്നെ മുഖം കണ്ണാടിയില്‍ നോക്കുന്നവനെപ്പോലെയാണ്.

[24] അവന്‍ അവനെത്തന്നെ കാണുകയും പോകുമ്പോള്‍ താന്‍ എങ്ങനെയിരിക്കുന്നുവെന്നു അതിവേഗം മറക്കുകയും ചെയ്യും.

[25] ജനങ്ങളെ സ്വതന്ത്രരാക്കുന്ന ദൈവത്തിന്‍റെ ന്യായപ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കുന്നവനാണ് യഥാര്‍ത്ഥ സന്തോഷവാന്‍. അവന്‍ ആ പഠനം തുടരും. അവന്‍ ദൈവത്തിന്‍റെ ഉപദേശം ശ്രദ്ധിക്കുകയും കേട്ടത് മറക്കാതിരിക്കുകയും ചെയ്യും. പഠിച്ചത് അനുസരിക്കുന്ന ആ മനുഷ്യന്‍ ഇതു ചെയ്യുമ്പോള്‍ അത് അവനെ സന്തോഷവാനാക്കും.

[26] ഒരുവന്‍ ചിന്തിച്ചേക്കാം അവന്‍ ഒരു മതാനുയായി ആണെന്ന്. എന്നാല്‍ അവന്‍ പറയരുതാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ അവനെത്തന്നെ കബളിപ്പിക്കുന്നു. അവന്‍റെ “മതം” ഒന്നിനും കൊള്ളാത്തതാണ്.

[27] ദൈവത്തിനു സ്വീകാര്യമായ മതമോ (ആരാധന) അനാഥരെയും വിധവകളെയും അവരുടെ കഷ്ടപ്പാടുകളില്‍ സഹായിക്കുകയും ലോകത്തിലെ കളങ്കം പുരളാതെ സൂക്ഷിക്കുകയും ചെയ്യുന്നതാകുന്നു. ഇത്തരം ആരാധനയെയാണ് പിതാവായ ദൈവം ശുദ്ധവും കറപുരളാത്തതുമായി കരുതുന്നത്.

യാക്കോബ് — Chapters