Skip to content
Opens in a new window
Listen to this chapter • 5:08

[1] മക്കളേ, കര്‍ത്താവ് ആഗ്രഹിക്കുന്നതുപോലെ മാതാപിതാക്കളെ അനുസരിക്കുവിന്‍. ശരിയായ ധര്‍മ്മം അതാണ്.

[2] കല്പനയിങ്ങനെ പറയുന്നു, “നിങ്ങളുടെ അപ്പനമ്മമാരെ നിങ്ങള്‍ ബഹുമാനിക്കണം.” വാഗ്ദാനത്തോടു കൂടിയ ആദ്യത്തെ കല്പനയാണിത്.

[3] വാഗ്ദാനം ഇതാണ്: “ അപ്പോള്‍ നിനക്കു നന്മയുണ്ടാകും. നിനക്കു ഭൂമിയില്‍ ഒരു ദീര്‍ഘകാല ജീവിതവുമുണ്ടാകും.”

[4] പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ ഒരിക്കലും പ്രകോപിതരാക്കരുത്. എന്നാല്‍ കര്‍ത്താവിന്‍റെ പരിശീലനത്തിലും ഉപദേശത്തിലും അവരെ വളര്‍ത്തുക.

[5] അടിമകളേ, ഭൂമിയിലെ നിങ്ങളുടെ യജമാനന്മാരെ അനുസരിക്കുവിന്‍. ഭയത്തോടും ആദരവോടും കൂടി അനുസരിക്കുക. ക്രിസ്തുവിനെ നിങ്ങള്‍ അനുസരിക്കുന്നതുപോലെ ഹൃദയംഗമായി അനുസരിക്കുക.

[6] യജമാനന്മാര്‍ നിങ്ങളെ ശ്രദ്ധിക്കുമ്പോള്‍ അവരെ പ്രീതിപ്പെടുത്താന്‍ മാത്രം അനുസരിച്ചാല്‍ പോരാ. ക്രിസ്തുവിനെ അനുസരിക്കുന്നതുപോലെ അവരെ അനുസരിക്കുക. അങ്ങനെ ദൈവത്തിന്‍റെ വിധി ഹൃദയംഗമായി നിറവേറ്റുകയും ചെയ്യുക.

[7] നിങ്ങളുടെ ജോലി സന്തോഷത്തോടെ നിര്‍വ്വഹിക്കുക. മനുഷ്യരെ സേവിക്കുന്നതുപോലെയല്ല, കര്‍ത്താവിനെ സേവിക്കുന്നതുപോലെ വേണം ജോലി ചെയ്യുവാന്‍.

[8] നന്മ ചെയ്യുന്നവര്‍ക്കു കര്‍ത്താവ് തക്ക പ്രതിഫലം തരുമെന്ന് ഓര്‍മ്മിക്കുക. ഓരോരുത്തര്‍ക്കും, അവന്‍ അടിമയായാലും സ്വതന്ത്രനായാലും നന്മ ചെയ്താല്‍ അതിനു തക്ക പ്രതിഫലം കിട്ടും.

[9] യജമാനന്മാരേ അതേപോലെ നിങ്ങളും അടിമകള്‍ക്കു നന്മ ചെയ്യുക. അവരെ ഭീഷണിപ്പെടുത്തുന്ന ഒന്നും പറയരുത്. നിങ്ങളുടേയും അവരുടേയും യജമാനന്‍ സ്വര്‍ഗ്ഗത്തിലുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ. ആ യജമാനനായ ദൈവം എല്ലാവരേയും ഒരുപോലെ വിധിയ്ക്കുന്നു.

[10] ഈ കത്ത് അവസാനിക്കും മുമ്പ് ഒരു കാര്യം കൂടി പറയട്ടെ, കര്‍ത്താവിലും അവന്‍റെ അതി ശക്തിയിലും കരുത്തരാകുക.

[11] ദൈവത്തിന്‍റെപൂര്‍ണ്ണ കവചം ധരിക്കുക. എങ്കില്‍ പിശാചിന്‍റെ കുടിലതന്ത്രങ്ങളെ നിങ്ങള്‍ക്കു ചെറുക്കാനാകും.

[12] നമ്മുടെ പോരാട്ടം ഭൂമിയിലെ ജനങ്ങള്‍ക്കെതിരായല്ല. ഈ ലോകത്തിന്‍റെ അന്ധകാരത്തിന്‍റെ ഭരണാധികാരികള്‍ക്കും വാഴ്ചകള്‍ക്കും ശക്തികള്‍ക്കുമെതിരാണ്. സ്വര്‍ഗ്ഗീയ സ്ഥലങ്ങളിലുള്ള ദുരാത്മാക്കള്‍ക്കെതിരായാണ് നാം പോരാടുന്നത്.

[13] അതുകൊണ്ടാണ് നിങ്ങള്‍ക്ക് ദൈവീക കവചം വേണമെന്നു പറഞ്ഞത്. അപ്പോള്‍ ദുര്‍ദിവസങ്ങളില്‍ നിങ്ങള്‍ക്കു കരുത്തോടെ നില്‍ക്കാനാകും. യുദ്ധം മുഴുവന്‍ കഴിയുമ്പോഴും നിങ്ങള്‍ക്കു നേരെ നില്‍ക്കാന്‍ കഴിയും.

[14] നിങ്ങളുടെ അരയില്‍ സത്യത്തിന്‍റെ അരപ്പട്ട കെട്ടി ശക്തരായി നില്‍ക്കുക. നീതിയുടെ മാര്‍ച്ചട്ടയും അണിയുക.

[15] കരുത്തോടെ നില്‍ക്കുവാന്‍ നിങ്ങളുടെ കാലുകളില്‍ സമാധാനത്തിന്‍റെ സുവിശേഷം ധരിക്കുക.

[16] വിശ്വാസത്തിന്‍റെ പരിചയും ഉപയോഗിക്കുക. അങ്ങനെ ദുഷ്ടനയയ്ക്കുന്ന ഓരോ തീയമ്പും തടുക്കുവാന്‍ നിങ്ങള്‍ക്കു കഴിയും.

[17] രക്ഷയുടെ യുദ്ധത്തൊപ്പി ധരിക്കുക. ദൈവവചനമാകുന്ന ആത്മാവിന്‍റെ വാളുമെടുക്കുക.

[18] എല്ലായ്പ്പോഴും ആത്മാവില്‍ പ്രാര്‍ത്ഥിക്കുക. എല്ലാത്തരം സ്തുതികളുപയോഗിച്ചും പ്രാര്‍ത്ഥിച്ച് നിങ്ങള്‍ക്കു വേണ്ടത് ചോദിക്കുക. അങ്ങനെ ചെയ്യാന്‍ നിങ്ങളെപ്പോഴും തയ്യാറായിരിക്കണം. ജാഗ്രത കൈവെടിയാതെ എല്ലാ ദൈവ ജനത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കുക.

[19] എനിക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക. ഒരിക്കല്‍ മറച്ചുവച്ചിരിക്കുന്ന സുവിശേഷത്തിന്‍റെ സത്യം എനിക്കു ധൈര്യപൂര്‍വ്വം വിളിച്ചുപറയാന്‍ എന്‍റെ പ്രസംഗവേളകളില്‍ എനിക്കു വാക്കുകള്‍ തരുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക.

[20] സുവിശേഷം പ്രസംഗിക്കേണ്ടതിലേക്കായി ഞാനിപ്പോള്‍ തടവറയിലാണ്. സുവിശേഷം പ്രസംഗിക്കേണ്ട രീതിയില്‍ ഭയരഹിതനായി അത് ചെയ്യാന്‍വേണ്ടി എനിക്കായി പ്രാര്‍ത്ഥിക്കുക. ഞാനെങ്ങനെയോ ചെയ്യേണ്ടത് അങ്ങനെ ഭയലേശമില്ലാതെ സുവിശേഷം പ്രസംഗിക്കാന്‍ എനിക്കു കഴിയണമെന്നും നിങ്ങള്‍ പ്രാര്‍ത്ഥിക്കുക.

[21] ഞങ്ങള്‍ സ്നേഹിക്കുന്ന തിഹിക്കോസ് എന്ന സഹോദരനെ ഞാന്‍ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നു. കര്‍ത്താവിന്‍റെ വിശ്വസ്തനായ ദാസനാണവന്‍. എനിക്കു സംഭവിക്കുന്നതെല്ലാം അവന്‍ പറഞ്ഞുതരും. അപ്പോള്‍ എന്നെപ്പറ്റിയും എന്‍റെ പ്രവൃത്തികളെപ്പറ്റിയും നിങ്ങള്‍ക്കറിയാന്‍ കഴിയും.

[22] അതിനാലാണ് ഞാനവനെ അയയ്ക്കുന്നത്. ഞങ്ങള്‍ എങ്ങനെയിരിക്കുന്നുവെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടിയാണ് ഞാന്‍ അവനെ അയയ്ക്കുന്നത്.

[23] പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും വിശ്വാസത്തോടെയുള്ള സ്നേഹവും സമാധാനവും നിങ്ങള്‍ക്കുണ്ടാകട്ടെ.

[24] നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ അന്തമില്ലാതെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ദൈവത്തിന്‍റെ കൃപയുമുണ്ടാകട്ടെ.

എഫെസ്യര്‍ — Chapters