Skip to content
Opens in a new window
Listen to this chapter • 5:19

[1] ദൈവേച്ഛയാല്‍ ക്രിസ്തുവിന്‍റെ അപ്പൊസ്തലനായ പൌലൊസ് എന്ന ഞാന്‍ എഴുതുന്നു: യേശുക്രിസ്തുവിലെ വിശ്വാസികളായ എഫെസൊസിലെ ദൈവത്തിന്‍റെ വിശുദ്ധജനത്തിന്.

[2] നിങ്ങള്‍ക്ക് നമ്മുടെ പിതാവായ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയും സമാധാനവും ആശംസിക്കുന്നു.

[3] നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവും ദൈവവുമായവന് സ്തുതി. ക്രിസ്തുവില്‍ ദൈവം എല്ലാ ആത്മീയനുഗ്രഹങ്ങളും സ്വര്‍ഗ്ഗത്തില്‍ നമുക്കു നല്‍കിയിരിക്കുന്നു.

[4] ലോക സൃഷ്ടിക്കു മുമ്പുതന്നെ ദൈവം ക്രിസ്തുവില്‍ നമ്മെ തിരഞ്ഞെടുത്തു. അവനു മുമ്പില്‍ നാം പരിശുദ്ധരും കുറ്റമില്ലാത്തവരും ആകേണ്ടതിന് തന്‍റെ സ്നേഹം നിമിത്തം ദൈവം നമ്മെ തിരഞ്ഞെടുത്തു.

[5] ലോക സൃഷ്ടിക്കു മുമ്പേ നമ്മെ യേശുക്രിസ്തുവില്‍ തന്‍റെ സ്വന്തം മക്കളാക്കുവാന്‍ ദൈവം തീരുമാനിച്ചിരുന്നു. ദൈവം ആഗ്രഹിച്ചത് അതായിരുന്നു. അതവനെ സന്തോഷിപ്പിക്കുകയും ചെയ്തു.

[6] അത് അവന്‍റെ അത്ഭുതകരമായ കാരുണ്യത്തിന് പുകഴ്ച ഉണ്ടാക്കുകയും ചെയ്യുന്നു. അവന്‍ ആ കാരുണ്യം നിര്‍ലോപം നമുക്കു തന്നു. തന്‍റെ പ്രിയപ്പെട്ടവനായ ക്രിസ്തുവിലൂടെയാണ് ആ കാരുണ്യത്തെ അവന്‍ തന്നത്.

[7] ക്രിസ്തുവില്‍ അവന്‍റെ മരണംകൊണ്ട് നാം സ്വതന്ത്രരാക്കപ്പെട്ടു. ദൈവത്തിന്‍റെ കാരുണ്യ സമൃദ്ധിയില്‍ നമുക്ക് പാപങ്ങളില്‍ നിന്നു മാപ്പ്.

[8] ദൈവം തന്‍റെ കാരുണ്യം പൂര്‍ണ്ണമായും സൌജന്യമായും നമ്മില്‍ കോരിച്ചൊരിഞ്ഞു.

[9] അവന്‍ തന്‍റെ രഹസ്യ പദ്ധതിയെ മുഴുവന്‍ വിജ്ഞാനത്തിലും വിവേകത്തിലും നമ്മെ അറിയിച്ചു. ദൈവേച്ഛ അങ്ങനെയായിരുന്നു. അതൊക്കെ ക്രിസ്തുവിലൂടെ നിറവേറ്റാനായിരുന്നു അവന്‍റെ പരിപാടി.

[10] ശരിയായ സമയത്ത് തന്‍റെ പരിപാടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു ദൈവത്തിന്‍റെ ലക്ഷ്യം. ക്രിസ്തുവിനെ ശിരസ്സാക്കിക്കൊണ്ട് ഭൂമിയിലേയും സ്വര്‍ഗ്ഗത്തിലേയും എല്ലാ വസ്തുക്കളേയും കൂട്ടിച്ചേര്‍ക്കാന്‍ ദൈവം പരിപാടിയിട്ടു.

[11] ദൈവത്തിന്‍റെ ജനമായി ക്രിസ്തുവില്‍ അവന്‍ നമ്മെ തെരഞ്ഞെടുത്തു. അവന്‍റെ ആഗ്രഹത്തിനനുസരിച്ച് ഞങ്ങളെ അവന്‍റെ ആളുകളാക്കാന്‍ ദൈവം കാലേതന്നെ ആലോചിച്ചിരുന്നു. എല്ലാം തന്‍റെ തീരുമാനത്തിനും ആഗ്രഹത്തിനുമനുസരിച്ച് ആക്കിത്തീര്‍ക്കുന്നവനാണ് ദൈവം.

[12] ക്രിസ്തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പിച്ചവരാണ് ഞങ്ങള്‍. ദൈവമഹത്വത്തെ ഞങ്ങള്‍ വാഴ്ത്തും എന്നതിനാലാണ് ഞങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്.

[13] നിങ്ങളെ സംബന്ധിച്ചും അങ്ങനെ തന്നെ സത്യ ഉപദേശമായ രക്ഷയുടെ സുവിശേഷം നിങ്ങള്‍ കേട്ടു. അതു കേട്ടപ്പോള്‍ നിങ്ങള്‍ യേശുവില്‍ വിശ്വസിച്ചു. ദൈവം തന്‍റെ വാഗ്ദാനമനുസരിച്ച് പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കിക്കൊണ്ട് ക്രിസ്തുവില്‍ അവന്‍ തന്‍റെ അടയാളം നിങ്ങളുടെമേല്‍ ചാര്‍ത്തി.

[14] ദൈവം തന്‍റെ ജനതയ്ക്കു വാഗ്ദാനം ചെയ്തതെല്ലാം നമുക്കു ലഭിക്കുമെന്നതിനു തെളിവാണ് ഈ പരിശുദ്ധാത്മാവ്. അത് ദൈവത്തിന്‍റെ ജനതയെ പൂര്‍ണ്ണ സ്വതന്ത്രരാക്കും. ഇതിന്‍റെ എല്ലാം ആത്യന്തിക ലക്ഷ്യം ദൈവമഹത്വത്തിന്‍റെ പുകഴ്ചയാണ്.

[15] അതുകൊണ്ടൊക്കെ ഞാന്‍ നിങ്ങളെ എന്‍റെ പ്രാര്‍ത്ഥനകളില്‍ എപ്പോഴും ഓര്‍മ്മിക്കുകയും നിങ്ങള്‍ക്കായി ദൈവത്തോടു നന്ദി പറയുകയും ചെയ്യുന്നു. കര്‍ത്താവായ യേശുവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തെക്കുറിച്ചും ദൈവത്തിന്‍റെ ജനതയോടു നിങ്ങള്‍ കാട്ടുന്ന സ്നേഹത്തെക്കുറിച്ചും കേട്ടതുമുതല്‍ ഞാന്‍ എപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്.

[17] നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവമായ മഹത്വം നിറഞ്ഞ പിതാവിനോട് ഞാനെപ്പോഴും പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് അവനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന വിവേകത്തിന്‍റെയും അറിവിന്‍റെയും ആത്മാവിനെ ദൈവം നല്‍കണം എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

[18] നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ധാരണയുണ്ടാക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത് എന്തിനെന്ന പ്രത്യാശ നിങ്ങളറിയും. ദൈവം തന്‍റെ വിശുദ്ധജനത്തിനു വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങള്‍ സമ്പന്നവും മഹത്തുമാണെന്നു നിങ്ങളറിയും.

[19] വിശ്വസിക്കുന്ന നമുക്ക് ദൈവത്തിന്‍റെ ശക്തി വളരെ മഹത്താണെന്നും നിങ്ങളറിയും.

[20] ക്രിസ്തുവിനെ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിക്കാന്‍ ദൈവം ഉപയോഗിച്ച അതേ മഹല്‍ശക്തിയാണത്. സ്വര്‍ഗ്ഗീയസ്ഥലങ്ങളില്‍ ദൈവം ക്രിസ്തുവിനെ തന്‍റെ വലതു വശത്തു ഇരുത്തി.

[21] ദൈവം യേശുവിനെ എല്ലാ ഭരണാധിപന്മാരിലും അധികാരികളിലും ശക്തികളിലും രാജാക്കന്മാരിലും പ്രധാനിയാക്കി. ഈ ലോകത്തിലോ അടുത്ത ലോകത്തിലോ ഉള്ള ശക്തിയുള്ള എന്തിനേക്കാളും പ്രധാനമാണ് ക്രിസ്തു.

[22] ദൈവം എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ ശക്തിയിന്‍ കീഴിലാക്കി. സഭയ്ക്കുവേണ്ടി എല്ലാറ്റിന്‍റെയും അധിപതിയായും (തല) ദൈവം യേശുവിനെ വാഴിച്ചു.

[23] സഭ ക്രിസ്തുവിന്‍റെ ശരീരമാണ്. സഭ ക്രിസ്തുവിനാല്‍ നിറയ്ക്കപ്പെട്ടിരിക്കുന്നു. അവന്‍ എല്ലാം എല്ലാത്തരത്തിലും പൂര്‍ണ്ണമാക്കുന്നു.

എഫെസ്യര്‍ — Chapters