Skip to content
Opens in a new window
Listen to this chapter • 6:14

[1] കനാനിലെ യുദ്ധങ്ങളിലൊന്നും പങ്കെടുത്ത് യുദ്ധ പരിചയം ഇല്ലാതിരുന്ന യിസ്രായേലിന്റെ തലമുറകളെ പരീക്ഷിക്കേണ്ടതിനും

[2] അവരെ യുദ്ധമുറകൾ അഭ്യസിപ്പിക്കേണ്ടതിനുമായി യഹോവ ശേഷിപ്പിച്ചിരുന്ന ജാതികൾ,

[3] ഫെലിസ്ത്യരുടെ അഞ്ച് പ്രഭുക്കന്മാരും എല്ലാ കനാന്യരും, സീദോന്യരും ബാൽ-ഹെർമ്മോൻ പർവ്വതംമുതൽ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോൻ പർവ്വതത്തിൽ പാർത്തിരുന്ന ഹിവ്യരും ആയിരുന്നു.

[4] മോശെമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാർക്ക് കൊടുത്ത കല്പനകൾ അനുസരിക്കുമോ എന്ന് ഈ ജാതികളാൽ യിസ്രായേലിനെ പരീക്ഷിച്ചറിവാൻ ആയിരുന്നു ഇവരെ ശേഷിപ്പിച്ചിരുന്നത്.

[5] അങ്ങനെ കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ യിസ്രായേൽ മക്കൾ പാർത്തു.

[6] അവരുടെ പുത്രിമാരെ യിസ്രയേൽമക്കൾ ഭാര്യമാരായി സ്വീകരിക്കയും, സ്വന്തം പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കുകയും, ആ ജാതികളുടെ ദേവന്മാരെ സേവിക്കയും ചെയ്തു.

[7] ഇങ്ങനെ യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു, തങ്ങളുടെ ദൈവമായ യഹോവയെ മറന്നു; ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.

[8] അതുകൊണ്ട് യഹോവ യിസ്രായേലിന്റെ നേരെ അത്യന്തം കോപിച്ചു; അവിടുന്ന് അവരെ ഹാരാന്‍ നഹരായീമിലെ ഒരു രാജാവായ കൂശൻരിശാഥയീമിന് അടിമകളായി ഏല്പിച്ചു; അവർ അവനെ എട്ട് വർഷം സേവിച്ചു.

[9] യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേലിനെ അവർക്ക് രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.

[10] അവന്റെമേൽ യഹോവയുടെ ആത്മാവ് വന്നു; അവൻ യിസ്രായേലിന് ന്യായപാലനം ചെയ്തു. അവൻ യുദ്ധത്തിന് പോയപ്പോൾ മെസോപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ ജയിക്കുവാൻ യഹോവയാൽ അവന് സാധിച്ചു; അവൻ കൂശൻരിശാഥയീമിന്റെമേൽ ആധിപത്യം പ്രാപിച്ചു.

[11] അങ്ങനെ ദേശത്തിന് നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.

[12] കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽ മക്കൾ വീണ്ടും യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു; അവർ അങ്ങനെ ചെയ്കകൊണ്ട് യഹോവ മോവാബ്‌രാജാവായ എഗ്ലോനെ യിസ്രായേലിന് വിരോധമായി ബലപ്പെടുത്തി.

[13] അവൻ അമ്മോന്യരെയും അമാലേക്യരെയും ഒരുമിച്ചുകൂട്ടി യിസ്രായേലിനെ പരാജയപ്പെടുത്തി അവർ ഈന്തപ്പനകളുടെ നഗരം കൈവശമാക്കി

[14] അങ്ങനെ യിസ്രായേൽ മക്കൾ മോവാബ്‌രാജാവായ എഗ്ലോനെ പതിനെട്ട് സംവത്സരം സേവിച്ചു.

[15] യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകൻ ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽ മക്കൾ മോവാബ്‌രാജാവായ എഗ്ലോന് കപ്പം കൊടുത്തയച്ചു.

[16] അനന്തരം ഏഹൂദ്, ഒരു മുഴം നീളവും ഇരുപുറവും മൂർച്ചയുമുള്ള ഒരു കഠാര ഉണ്ടാക്കി; അത് വസ്ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടെക്കു കെട്ടി.

[17] അങ്ങനെ അവൻ മോവാബ്‌രാജാവായ എഗ്ലോന്റെ അടുക്കൽ കപ്പം കൊണ്ട് ചെന്നു; എഗ്ലോൻ വളരെ തടിച്ച ശരീരമുള്ളവൻ ആയിരുന്നു.

[18] കപ്പം കൊണ്ടുവന്നശേഷം അത് ചുമന്നുകൊണ്ടു വന്നവരെ അവൻ പറഞ്ഞയച്ചു

[19] എന്നാൽ അവൻ ഗില്ഗാലിലുള്ള ശിലാവിഗ്രഹങ്ങളുടെ അടുക്കൽനിന്ന് മടങ്ങിച്ചെന്ന്: രാജാവേ, എനിക്ക് അങ്ങയോട് ഒരു രഹസ്യസന്ദേശം അറിയിപ്പാനുണ്ട് എന്ന് പറഞ്ഞു. നിശബ്ദമായിരിപ്പാൻ രാജാവ് ആവശ്യപ്പെട്ട ഉടനെ കൂടെ നിന്നിരുന്ന പരിചാരകരെല്ലാവരും അവനെ വിട്ടു പുറത്തുപോയി.

[20] ഏഹൂദ് അടുത്തുചെന്നു. അപ്പോൾ അവൻ തന്റെ വേനൽക്കാലവസതിയുടെ മുകളിലത്തെ നിലയിലുള്ള സ്വകാര്യമുറിയിൽ തനിച്ച് ഇരിക്കയായിരുന്നു. എനിക്ക് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുവാൻ ഉണ്ട് എന്ന് ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു.

[21] അപ്പോൾ ഏഹൂദ് ഇടത്ത് കൈ നീട്ടി വലത്തെ തുടയിൽ നിന്നു കഠാര ഊരി അവന്റെ വയറ്റിൽ കുത്തിയിറക്കി.

[22] കഠാരയോടുകൂടെ പിടിയും അകത്ത് ചെന്നു; അവന്റെ വയറ്റിൽനിന്നു കഠാര അവൻ വലിച്ചെടുക്കാതിരുന്നതിനാൽ കൊഴുപ്പ് കഠാരമേൽ പൊതിഞ്ഞു; കൊഴുപ്പ് അവന്റെ പിന്നില്‍ക്കൂടി പുറത്തു വന്നു.

[23] പിന്നെ ഏഹൂദ് പൂമുഖത്ത് ഇറങ്ങി മാളികയുടെ വാതിൽ അടച്ചുപൂട്ടി.

[24] അവൻ പുറത്തു പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു, അവരുടെ പ്രതീക്ഷക്ക് വിരുദ്ധമായി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നത് കണ്ടു; അവൻ തന്റെ സ്വകാര്യമുറിയിൽ വിസർജ്ജനത്തിന് ഇരിക്കയായിരിക്കും എന്ന് അവർ പറഞ്ഞു.

[25] അങ്ങനെ അവർ ഏറെനേരം കാത്തിരുന്നു വിഷമിച്ചിട്ടും മുറിയുടെ വാതിൽ തുറന്നുകണ്ടില്ല. അതുകൊണ്ട് അവർ താക്കോൽ എടുത്ത് വാതിൽ തുറന്നു;

[26] അപ്പോൾ അവരുടെ യജമാനൻ നിലത്ത് മരിച്ചു കിടക്കുന്നത് കണ്ടു. എന്നാൽ അവർ കാത്തിരുന്നതിന്നിടയിൽ ഏഹൂദ് ഓടി രക്ഷപ്പെട്ടു, ശിലാവിഗ്രഹങ്ങളെ കടന്ന് സെയീരയിൽ എത്തിച്ചേർന്നു.

[27] അവിടെ എത്തിയശേഷം അവൻ എഫ്രയീംപർവ്വതത്തിൽ കാഹളം ഊതി; യിസ്രായേൽ മക്കൾ അവനോടുകൂടെ പർവ്വതത്തിൽനിന്ന് ഇറങ്ങി; അവൻ അവരുടെ നായകനായി.

[28] അവൻ അവരോട്: എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു; അവർ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; ആരെയും കടക്കുവാൻ സമ്മതിച്ചതുമില്ല.

[29] അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരംപേരെ കൊന്നുകളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;

[30] ഒരുത്തനും രക്ഷപെട്ടില്ല. അങ്ങനെ ആ കാലത്ത് മോവാബ് യിസ്രായേലിന് കീഴടങ്ങി; ദേശത്ത് എൺപത് സംവത്സരം സ്വസ്ഥതയുണ്ടാകുകയും ചെയ്തു.

[31] അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗർ ഒരു കൂർപ്പിച്ച വടികൊണ്ട് ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അവനും അങ്ങനെ യിസ്രായേലിന്റെ രക്ഷകനായി.

ന്യായാധിപന്മാർ — Chapters