[1] കുറച്ച് നാൾ കഴിഞ്ഞ് ഗോതമ്പ് കൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയും കൊണ്ട് തന്റെ ഭാര്യയെ കാണ്മാൻ ചെന്നു: “എന്റെ ഭാര്യയുടെ അടുക്കൽ അവളുടെ മുറിയിൽ ഞാൻ ചെല്ലട്ടെ” എന്ന് പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്ത് കടക്കുവാൻ സമ്മതിക്കാതെ:
[2] “നീ അവളെ വാസ്തവമായും വെറുത്തു എന്ന് വിചാരിച്ച്, അവളെ ഞാൻ നിന്റെ തോഴന് കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? പകരം അവളെ സ്വീകരിക്കുക” എന്ന് പറഞ്ഞു.
[3] അതിന് ശിംശോൻ: “ഇപ്പോൾ ഫെലിസ്ത്യർക്ക് ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല” എന്ന് പറഞ്ഞു.
[4] ശിംശോൻ പോയി മുന്നൂറ് കുറുക്കന്മാരെ പിടിച്ച് വാലോടുവാൽ ചേർത്ത് പന്തം എടുത്ത് ഈ രണ്ട് വാലിനിടയിൽ ഓരോ പന്തം വെച്ച് കെട്ടി.
[5] പന്തത്തിന് തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്ക് വിട്ടു; കറ്റയും വിളവും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും ചുട്ടുകളഞ്ഞു.
[6] “ഇതാരാണ് ചെയ്തത്” എന്ന് ഫെലിസ്ത്യർ അന്വേഷിച്ചപ്പോൾ തിമ്നക്കാരന്റെ മരുമകൻ ശിംശോൻ ആണെന്നും, ശിംശോന്റെ ഭാര്യയെ അവൻ തോഴന് കൊടുത്തതുകൊണ്ടാണെന്നും അവർക്ക് അറിവ് കിട്ടി; ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ അപ്പനെയും തീയിലിട്ട് ചുട്ടുകളഞ്ഞു.
[7] അപ്പോൾ ശിംശോൻ അവരോട്: “നിങ്ങൾ ഇപ്രകാരം ചെയ്യുകയാണെങ്കിൽ ഞാൻ നിങ്ങളോട് പ്രതികാരം ചെയ്യാതിരിക്കയില്ല” എന്ന് പറഞ്ഞ്,
[8] അവരെ കഠിനമായി അടിച്ച് തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്ന് ഏതാംപാറയുടെ പിളർപ്പിൽ പാർത്തു.
[9] എന്നാൽ, ഫെലിസ്ത്യർ ചെന്ന് യെഹൂദയിൽ പാളയമിറങ്ങി ലേഹിയ്ക്കെതിരെ അണിനിരന്നു.
[10] “നിങ്ങൾ ഞങ്ങളുടെ നേരെ വന്നിരിക്കുന്നത് എന്ത്” എന്ന് യെഹൂദ്യർ ചോദിച്ചു. “ശിംശോൻ ഞങ്ങളോട് ചെയ്തതുപോലെ അവനോടും ചെയ്യേണ്ടതിന് അവനെ പിടിപ്പാൻ വന്നിരിക്കുന്നു” എന്ന് അവർ ഉത്തരം പറഞ്ഞു.
[11] അപ്പോൾ യെഹൂദയിൽനിന്ന് മൂവായിരംപേർ ഏതാംപാറയുടെ പിളർപ്പിങ്കൽ ചെന്ന് ശിംശോനോട്: “ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോട് ചെയ്തത് എന്ത്” എന്ന് ചോദിച്ചു. “അവർ എന്നോട് ചെയ്തതുപോലെ തന്നെ അവരോടും ചെയ്തു” എന്ന് അവൻ അവരോട് പറഞ്ഞു.
[12] അവർ അവനോട്: “ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന് നിന്നെ പിടിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞു. ശിംശോൻ അവരോട്: “നിങ്ങൾ എന്നെ കൊല്ലുകയില്ല എന്ന് എന്നോട് സത്യം ചെയ്‌വിൻ” എന്ന് പറഞ്ഞു.
[13] അവർ അവനോട്: “ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യിൽ ഏല്പിക്കേയുള്ളു” എന്ന് പറഞ്ഞു. അങ്ങനെ അവർ രണ്ട് പുതിയ കയർ കൊണ്ട് അവനെ കെട്ടി പാറയിൽനിന്ന് കൊണ്ടുപോയി.
[14] അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ട് ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയായി അവന്റെമേൽ വന്നു, അവന്റെ കൈ കെട്ടിയിരുന്ന കയർ തീയിൽ കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ അഴിഞ്ഞുപോയി.
[15] അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ല് കണ്ട് കൈ നീട്ടി എടുത്തു; അതുകൊണ്ട് ആയിരംപേരെ കൊന്നുകളഞ്ഞു.
[16] “കഴുതയുടെ താടിയെല്ലുകൊണ്ട് കുന്ന് ഒന്ന്, കുന്ന് രണ്ട്; കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരംപേരെ ഞാൻ സംഹരിച്ചു” എന്ന് ശിംശോൻ പറഞ്ഞു.
[17] ഇങ്ങനെ പറഞ്ഞുകഴിഞ്ഞ് അവൻ താടിയെല്ല് കയ്യിൽനിന്ന് എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന് രാമത്ത്--ലേഹി എന്ന് പേരായി.
[18] പിന്നെ അവൻ വളരെ ദാഹിച്ചിട്ട് യഹോവയോട് നിലവിളിച്ചു: “അടിയന്റെ കയ്യാൽ ഈ മഹാജയം അങ്ങ് നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ട് മരിച്ച് അഗ്രചർമ്മികളുടെ കയ്യിൽ വീഴേണമോ” എന്ന് പറഞ്ഞു.
[19] അപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്ന് വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ച്, വീണ്ടും ജീവിച്ചു. അതുകൊണ്ട് അതിന് അവൻ ഏൻ-ഹക്കോരേ എന്ന് പേരിട്ടു; അത് ഇപ്പോഴും ലേഹിയിൽ ഉണ്ട്.
[20] അവൻ ഫെലിസ്ത്യരുടെ കാലത്ത് യിസ്രായേലിന് ഇരുപത് വർഷം ന്യായപാലനം ചെയ്തു.