Skip to content
Opens in a new window
Listen to this chapter • 4:46

[1] എന്നാൽ ആദ്യ ഉടമ്പടിക്കു പോലും ഭൂമിയിൽ ആരാധനയ്ക്കായുള്ള സ്ഥലങ്ങളും ക്രമങ്ങളും ഉണ്ടായിരുന്നു.

[2] സമാഗമനകൂടാരത്തിനുള്ളിൽ ആദ്യഭാഗത്ത് നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന് വിശുദ്ധസ്ഥലം എന്നു പേർ.

[3] രണ്ടാം തിരശ്ശീലയ്ക്ക് പിന്നിലോ അതിവിശുദ്ധം എന്ന ഭാഗം.

[4] അതിൽ പൊന്നുകൊണ്ടുള്ള ധൂപപീഠവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിനകത്ത് മന്ന ഇട്ട് വെച്ച പൊൻപാത്രവും അഹരോന്റെ തളിർത്തവടിയും നിയമത്തിന്റെ കല്പലകകളും

[5] അതിന് മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അത് ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിയുന്നില്ല.

[6] ഇവ ഇങ്ങനെ തീർന്നശേഷം പുരോഹിതന്മാർ നിത്യം മുൻകൂടാരത്തിൽ ചെന്ന് ശുശ്രൂഷ കഴിക്കും.

[7] രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അത് അവൻ തനിക്കുവേണ്ടിയും ജനത്തിന്റെ മന:പൂർവ്വമല്ലാത്ത തെറ്റുകൾക്കുവേണ്ടിയും അർപ്പിക്കും.

[8] ഈ മുൻകൂടാരം നില്ക്കുന്നേടത്തോളം കാലം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്ന് പരിശുദ്ധാത്മാവ് ഇതിനാൽ വെളിപ്പെടുത്തുന്നു.

[9] ആ സമാഗമനകൂടാരം ഈ കാലത്തേക്ക് ഒരു സാദൃശ്യമത്രേ. ആരാധകന്റെ മനസ്സാക്ഷിയിൽ പൂർണ്ണ സമാധാനം വരുത്തുവാൻ പര്യാപ്തമല്ലാത്ത വഴിപാടും യാഗവുമാണ് അന്ന് അർപ്പിച്ചുപോന്നത്.

[10] അവ ഭക്ഷണങ്ങൾ, പാനീയങ്ങൾ, ആചാരസംബന്ധമായ ശുദ്ധീകരണങ്ങൾ, എന്നിവയോട് കൂടിയ ആ ബാഹ്യാചാരങ്ങൾ, ദൈവം പുതിയ വ്യവസ്ഥിതികൾ ഏർപ്പെടുത്തുന്നത് വരെ അനുഷ്ഠിക്കുവാനുള്ളതായിരുന്നു.

[11] ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ട്, കൈപ്പണിയല്ലാത്തതായി, എന്നുവച്ചാൽ ഈ ലോക സൃഷ്ടിയിൽ ഉൾപ്പെടാത്തതായി മഹത്വവും പൂർണ്ണവുമായ ഒരു കൂടാരത്തിൽ കൂടി

[12] ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നേ ഒരിക്കലായിട്ട് വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളൊരു വീണ്ടെടുപ്പ് ഉറപ്പാക്കി.

[13] ആചാരപ്രകാരം ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും പശുഭസ്മവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്നതു നിമിത്തം അവർക്ക് ശാരീരികശുദ്ധി വരുത്തുന്നു എങ്കിൽ,

[14] നിത്യദൈവാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം, നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവ അനുഷ്ഠാനങ്ങളിൽ നിന്നും മോചിപ്പിച്ച്, ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ എത്ര അധികമായി ശുദ്ധീകരിക്കും?

[15] അത് നിമിത്തം ആദ്യ ഉടമ്പടിയിൻ കീഴിലുള്ളവരുടെ ലംഘനങ്ങൾക്കുള്ള ശിക്ഷയായ മരണത്തിൽ നിന്നുള്ള വീണ്ടെടുപ്പിനായി ഒരു മരണം ഉണ്ടാകയും, അതിലൂടെ നിത്യാവകാശത്തിന്റെ വാഗ്ദത്തം ദൈവത്താൽ വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന് ക്രിസ്തു പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുകയും ചെയ്തു.

[16] വിൽപത്രം ഉള്ള ഇടത്ത് അത് എഴുതിയ ആളിന്റെ മരണം തെളിയിക്കപ്പെടേണ്ടത് ആവശ്യം.

[17] വിൽപത്രം തയ്യാറാക്കിയ ആളിന്റെ ജീവകാലത്തോളം അതിന് ഉറപ്പില്ല; മരണശേഷമാണ് അത് പ്രാബല്യത്തിൽ വരുന്നത്.

[18] അതുകൊണ്ട് ആദ്യഉടമ്പടിയും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.

[19] മോശെ ന്യായപ്രമാണത്തിലെ സകല കല്പനയും ജനത്തോടു പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തക ചുരുളുകളിന്മേലും സകല ജനത്തിന്മേലും തളിച്ചു:

[20] “ഇതു ദൈവം നിങ്ങളോടു കല്പിച്ച ഉടമ്പടിയുടെ രക്തം” എന്നു പറഞ്ഞു.

[21] അങ്ങനെ തന്നെ അവൻ കൂടാരത്തിന്മേലും ആരാധനയ്ക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.

[22] ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു: രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.

[23] ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നത് ആവശ്യം എങ്കിൽ, സ്വർഗ്ഗീയമായവയ്ക്കോ ഇവയേക്കാൾ നല്ല യാഗങ്ങൾ ആവശ്യം.

[24] ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി മനുഷ്യനിർമ്മിതമായ ഒരു വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാകുവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചത്.

[25] മഹാപുരോഹിതൻ ആണ്ടുതോറും തന്റേതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ, ക്രിസ്തു തന്നെത്താൻ വീണ്ടുംവീണ്ടും അർപ്പിക്കേണ്ടിയ ആവശ്യമില്ല.

[26] അങ്ങനെയായാൽ ലോകസ്ഥാപനം മുതൽ അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ കാലസമ്പൂർണതയിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ മാത്രം പ്രത്യക്ഷനായി.

[27] മനുഷ്യരെല്ലാം ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയുണ്ടാകുകയും ചെയ്യുന്നു.

[28] ക്രിസ്തുവും അങ്ങനെ തന്നെ അനേകരുടെ പാപങ്ങളെ നീക്കുവാൻ ഒരിക്കൽ യാഗമായി അർപ്പിക്കപ്പെട്ടു. ഇനിയും വരുന്നത് പാപത്തിന് പരിഹാരം വരുത്തുവാനല്ല, പ്രത്യുത തനിക്കായി ക്ഷമയോടെ കാത്തുനില്ക്കുന്നവരുടെ രക്ഷക്കായി രണ്ടാമത് പ്രത്യക്ഷനാകും.

എബ്രായർ — Chapters