Skip to content
Opens in a new window
Listen to this chapter • 5:06

[1] ആകയാൽ സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ട് നമ്മെ ബലഹീനമാക്കുന്ന സകല ഭാരങ്ങളും എറിഞ്ഞു കളഞ്ഞിട്ട്, നമ്മെ വേഗത്തിൽ മുറുകെ പിടിക്കുന്ന പാപങ്ങളെ വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന മത്സര ഓട്ടം സ്ഥിരനിശ്ചയത്തോടെ ഓടുക.

[2] വിശ്വാസത്തിന്റെ കാരണക്കാരനും, പൂർത്തി വരുത്തുന്നവനുമായ യേശുക്രിസ്തുവിങ്കൽ നമ്മുടെ കണ്ണുകൾ ഉറപ്പിക്കുക; ക്രിസ്തു, തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത് ക്രൂശിനെ സഹിക്കുകയും അതിന്റെ അപമാനം അവഗണിച്ച് ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു.

[3] നിങ്ങൾ മാനസികമായി ക്ഷീണിച്ച് തളരാതിരിപ്പാൻ, പാപികൾ തനിക്കു വിരോധമായി പറഞ്ഞ ഹീനമായതും വെറുപ്പോടെയുമുള്ള കുറ്റപ്പെടുത്തലുകളെ സഹിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊൾവിൻ.

[4] പാപത്തോടുള്ള പോരാട്ടത്തിൽ രക്തച്ചൊരിച്ചിലോളം നിങ്ങൾ ഇതുവരെ എതിർത്ത് നിന്നിട്ടില്ലല്ലോ.

[5] മക്കളോടു എന്നപോലെ ദൈവം നിങ്ങളോടു അരുളിച്ചെയ്ത പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? “എന്റെ മകനേ, കർത്താവിന്റെ ശിക്ഷയെ ലഘുവായി കാണരുത്; അവൻ ശാസിക്കുമ്പോൾ ഹൃദയത്തിൽ മടുപ്പുണ്ടാകുകയുമരുത്.

[6] കർത്താവ് താൻ സ്നേഹിക്കുന്ന ഏവനെയും ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏത് മകനെയും തല്ലുന്നു” എന്നിങ്ങനെ,

[7] ശിക്ഷണത്തിന്റെ ഭാഗമായി പരീക്ഷണങ്ങൾ സഹിക്കുന്ന നിങ്ങളോടു ദൈവം മക്കളോടു എന്നപോലെ പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?

[8] എല്ലാവരും പ്രാപിക്കുന്ന ശിക്ഷണം കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല അപ്പൻ ഏതെന്നറിയാത്ത സന്തതികളത്രേ.

[9] നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോഴും നാം അവരെ ബഹുമാനിച്ചിരുന്നുവല്ലോ; എങ്കിൽ ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി നാം കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?

[10] നിശ്ചയമായും നമ്മുടെ പിതാക്കന്മാർ ശിക്ഷിച്ചത് തൽക്കാലത്തേക്കും തങ്ങൾക്കു ബോധിച്ച പ്രകാരവുമത്രേ; എന്നാൽ ദൈവമോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന് നമ്മുടെ ഗുണത്തിനായി തന്നേ ശിക്ഷിക്കുന്നു.

[11] ഏത് ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ; പിന്നത്തേതിലോ അതിനാൽ ശിക്ഷണം ലഭിച്ചവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും.

[12] ആകയാൽ നിങ്ങളുടെ തളർന്നിരിക്കുന്ന കരങ്ങളെ ഉയർത്തുവിൻ, ബലഹീനമായിരിക്കുന്ന മുട്ടുകളെ ശക്തിപ്പെടുത്തുവിൻ.

[13] നിങ്ങളുടെ പാദങ്ങൾക്ക് നേരായ പാത ഒരുക്കുവിൻ; മുടന്തുള്ളത് വീണ്ടും തളർന്നുപോകാതെ സൗഖ്യം പ്രാപിക്കട്ടെ.

[14] എല്ലാവരോടും സമാധാനത്തോടും, വിശുദ്ധിയോടും കൂടെ പെരുമാറുവിൻ; ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.

[15] ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിൻമാറുവാനും, വല്ല കയ്പുമുള്ള വേരും മുളച്ചുപൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ,

[16] ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനേപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ

[17] അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു എങ്കിലും, തന്റെ പിതാവിന്റെ മുൻപാകെ മാനസാന്തരത്തിനായി ഒരവസരം അന്വേഷിക്കാഞ്ഞതുകൊണ്ട്, കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

[18] സ്പർശിക്കാവുന്നതും തീ കത്തുന്നതുമായ പർവ്വതത്തിനും മേഘതമസ്സ്, കൂരിരുട്ട്, കൊടുങ്കാറ്റ്,

[19] കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവയ്ക്കും അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നത്. ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോട് പറയരുതേ എന്നു അപേക്ഷിച്ചു.

[20] എന്തെന്നാൽ ഒരു മൃഗം പോലും ആ പർവ്വതത്തെ തൊട്ടാൽ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള ദൈവകല്പന അവർക്ക് സഹിക്കുവാൻ കഴിയുമായിരുന്നില്ല.

[21] ഞാൻ അത്യന്തം പേടിച്ചു വിറയ്ക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭീകരമായിരുന്നു.

[22] എന്നാൽ നിങ്ങൾ സീയോൻ പർവ്വതത്തിനും, ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിനും, അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിനും,

[23] സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിയ്ക്കും പൂർണ്ണരായ നീതിമാന്മാരുടെ ആത്മാക്കൾക്കും,

[24] പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും, ഹാബെലിന്റെ രക്തത്തേക്കാൾ ശ്രേഷ്ഠമായത് വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണ രക്തത്തിനും അടുക്കലത്രേ വന്നിരിക്കുന്നത്.

[25] അതുകൊണ്ട് അരുളിച്ചെയ്യുന്നവനെ ഒരിക്കലും നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ രക്ഷപെടാതെ പോയി എങ്കിൽ, സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എങ്ങനെ രക്ഷപ്രാപിക്കും.

[26] അവന്റെ ശബ്ദം അന്ന് ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ പ്രതിജ്ഞ ചെയ്തു.

[27] “ഇനി ഒരിക്കൽ” എന്നത്, ഇളക്കമില്ലാത്തത് നിലനിൽക്കേണ്ടതിന് നിർമ്മിതമായ ഇളക്കമുള്ളതിന് മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.

[28] ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിന് അംഗീകരിക്കപ്പെടും വിധം ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.

[29] നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.

എബ്രായർ — Chapters