[1] ഒരിക്കൽ പത്രൊസും യോഹന്നാനും പ്രാർത്ഥനാസമയത്ത് ഒമ്പതാംമണി നേരം ദൈവാലയത്തിലേക്ക് പോകുമ്പോൾ
[2] അമ്മയുടെ ഗർഭംമുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോട് ഭിക്ഷ യാചിക്കുവാൻ ദിനംപ്രതി ദൈവാലയത്തിന്റെ സുന്ദരം എന്ന ഗോപുരത്തിനരികെ ഇരുത്തുക പതിവായിരുന്നു.
[3] അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ പ്രവേശിക്കുവാൻ പോകുന്നത് കണ്ടിട്ട് ഭിക്ഷ ചോദിച്ചു.
[4] പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: “ഞങ്ങളെ നോക്കൂ” എന്ന് പറഞ്ഞു.
[5] അവൻ തനിക്ക് വല്ലതും കിട്ടും എന്ന് കരുതി അവരെ ശ്രദ്ധിച്ചുനോക്കി.
[6] അപ്പോൾ പത്രൊസ്: “നിനക്ക് നല്കാനായി വെളളിയും പൊന്നും എന്റെ പക്കൽ ഇല്ല; എന്നാൽ എന്റെ പക്കൽ ഉള്ളത് നിനക്കുതരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക” എന്ന് പറഞ്ഞ്
[7] അവനെ വലങ്കൈയ്ക്ക് പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ പാദങ്ങളും കണങ്കാലുകളും ഉറച്ചിട്ട് ചാടി എഴുന്നേറ്റ്;
[8] നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ പ്രവേശിച്ചു.
[9] അവൻ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ട്,
[10] ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നവൻ എന്ന് അറിഞ്ഞ് അവന് സംഭവിച്ചതിനെക്കുറിച്ച് വിസ്മയവും ആശ്ചര്യവും നിറഞ്ഞവരായി തീർന്നു.
[11] അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്ന് നില്ക്കുമ്പോൾ ജനം എല്ലാം അത്ഭുതപ്പെട്ട് ശലോമോന്റെ പേരിൽ അറിയപ്പെട്ടിരുന്ന മണ്ഡപത്തിൽ, അവരുടെ അടുത്തേക്ക് ഒാടിയെത്തി.
[12] അത് കണ്ടിട്ട് പത്രൊസ് കൂടിവന്ന ജനങ്ങളോട് പറഞ്ഞത്: “യിസ്രായേൽ പുരുഷന്മാരേ, ഈ സംഭവത്തിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്ത ശക്തിയും, ഭക്തിയും നിമിത്തം ഇവൻ നടക്കുവാൻ പ്രാപ്തനായി എന്ന നിലയിൽ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്?
[13] അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; പക്ഷേ നിങ്ങൾ അവനെ കൊലചെയ്യുവാൻ ഏല്പിച്ചുകൊടുക്കുകയും, വിട്ടയപ്പാൻ വിധിച്ച പീലാത്തോസിന്റെ മുമ്പിൽവച്ചു തള്ളിപ്പറയുകയും ചെയ്തു.
[14] പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരണം എന്ന് ആവശ്യപ്പെട്ടു,
[15] ദൈവം മരിച്ചവരിൽനിന്നും ഉയിർത്തെഴുന്നേല്പിച്ചു ജീവന്റെ അധിപനെ നിങ്ങൾ കൊന്നുകളഞ്ഞു. അതിന് ഞങ്ങൾ സാക്ഷികൾ ആകുന്നു.
[16] അവന്റെ നാമത്തിലെ വിശ്വാസത്താൽ, അവന്റെ നാമംതന്നെ നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യന് ബലം പ്രാപിക്കുവാൻ കാരണമായി തീർന്നു; അതെ, അവനിലുള്ള വിശ്വാസം തന്നെ അവന്, നിങ്ങളുടെ മുന്നിൽവച്ചു തന്നെ, പൂർണ്ണമായ സൗഖ്യം ലഭിക്കുവാൻ കാരണമായി തീർന്നു.
[17] സഹോദരന്മാരേ, നിങ്ങളുടെ അധികാരികളെപ്പോലെ നിങ്ങളും അറിവില്ലായ്മകൊണ്ട് പ്രവർത്തിച്ചു എന്നു ഞാൻ അറിയുന്നു.
[18] ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്ന് സകല പ്രവാചകന്മാർ മുഖാന്തരം മുന്നറിയിച്ചത് ഇങ്ങനെ നിവർത്തിച്ചു.
[19] ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന് മാനസാന്തരപ്പെട്ട് തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സന്നിധിയിൽനിന്നും
[20] ഉന്മേഷകാലങ്ങൾ വരികയും നിങ്ങൾക്കുവേണ്ടി മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ ദൈവം അയക്കുകയും ചെയ്യും.
[21] ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.
[22] ‘ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോട് സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്ക് കേൾക്കണം.
[23] ആ പ്രവാചകന്റെ വാക്ക് കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്ന് ഛേദിക്കപ്പെടും’ എന്ന് മോശെ പറഞ്ഞുവല്ലോ.
[24] അത്രയുമല്ല ശമൂവേൽ മുതൽ സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ച് പ്രസ്താവിച്ചു.
[25] ‘ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും’ എന്ന് ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടിയുടേയും പ്രവാചകന്മാരുടെയും മക്കൾതന്നെ നിങ്ങൾ.
[26] ദൈവം തന്റെ പുത്രനായ യേശുവിനെ ഉയിർത്തെഴുന്നേല്പിച്ച്, ഓരോരുത്തനെ അനുഗ്രഹിക്കുവാനും അവനവന്റെ അകൃത്യങ്ങളിൽ നിന്ന് പിൻതിരിക്കുവാനുമായി ആദ്യമേ നിങ്ങൾക്കായി അവനെ അയച്ചിരിക്കുന്നു”.