Skip to content
Opens in a new window
Listen to this chapter • 7:12

[1] കൈസര്യയിൽ ഇത്താലിക എന്ന പട്ടാള വിഭാഗത്തിൽ കൊർന്നൊല്യോസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു.

[2] അവൻ ഭക്തനും തന്റെ കുടുംബാംഗങ്ങളോടുകൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി യെഹൂദാ ജനത്തിന് വളരെ ദാനം കൊടുത്തും എപ്പോഴും പ്രാർത്ഥിച്ചും പോന്നു.

[3] അവൻ പകൽ ഏകദേശം ഒമ്പതാംമണി നേരത്ത് ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തുവരുന്നത് സ്പഷ്ടമായി കണ്ട്: “കൊർന്നൊല്യോസേ!” എന്ന് തന്നോട് പറയുന്നതും കേട്ട്.

[4] അവൻ ദൈവദൂതനെ ഉറ്റുനോക്കി ഭയപരവശനായി: “എന്താകുന്നു കർത്താവേ” എന്നു ചോദിച്ചു. അവൻ അവനോട്: “നിന്റെ പ്രാർത്ഥനയും എളിയവരോടുളള നിന്റെ ദാനവും ദൈവത്തിന് സ്വീകാര്യമായിരിക്കുന്നു.

[5] ഇപ്പോൾതന്നെ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്ന് അറിയപ്പെടുന്ന ശിമോനെ വരുത്തുക.

[6] അവൻ തോൽപ്പണി ചെയ്യുന്ന ശിമോൻ എന്നൊരുവനോടുകൂടെ പാർക്കുന്നു. അവന്റെ വീട് കടല്പുറത്ത് ആകുന്നു” എന്നു പറഞ്ഞു.

[7] അവനോട് സംസാരിച്ച ദൂതൻ പോയശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും അംഗരക്ഷകരിൽ ദൈവഭക്തനായൊരു പടയാളിയേയും

[8] വിളിച്ച് സകലവും വിവരിച്ചുപറഞ്ഞ് യോപ്പയിലേക്ക് അയച്ചു.

[9] പിറ്റെന്നാൾ കൊർന്നല്യോസ് അയച്ചവർ യാത്രചെയ്തു പട്ടണത്തോട് സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്ത് പ്രാർത്ഥിക്കുവാൻ മാളികമുറിയിൽ കയറി.

[10] അവൻ വളരെ വിശന്നിട്ട് ഭക്ഷിക്കുവാൻ ആഗ്രഹിച്ചു; അവർ ഭക്ഷണം ഒരുക്കുമ്പോഴേക്കും അവന് ഒരു വിവശത ഉണ്ടായി.

[11] ആകാശം തുറന്നിരിക്കുന്നതും നാല് കോണും കെട്ടീട്ടുള്ള വലിയൊരു വിരിപ്പ് ഭൂമിയിലേക്കു ഇറക്കിവിട്ടൊരു പാത്രംപോലെ വരുന്നതും അവൻ കണ്ട്.

[12] അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജാതികളും ആകാശത്തിലെ പറവകളും ഉണ്ടായിരുന്നു.

[13] “പത്രൊസേ, എഴുന്നേറ്റ് കൊന്നു തിന്നുക” എന്ന് ഒരു ശബ്ദം ഉണ്ടായി.

[14] അതിന് പത്രൊസ്: “ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ”.

[15] ആ ശബ്ദം രണ്ടാം പ്രാവശ്യം അവനോട്: “ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത്” എന്നു പറഞ്ഞു.

[16] ഇങ്ങനെ മൂന്നുപ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു.

[17] ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ആശങ്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കൊർന്നൊല്യോസ് അയച്ച പുരുഷന്മാർ ശിമോന്റെ വീട് ചോദിച്ചുകൊണ്ട് പടിവാതിൽക്കൽ വന്നു:

[18] പത്രൊസ് എന്ന് അറിയപ്പെടുന്ന ശിമോൻ ഇവിടെ പാർക്കുന്നുണ്ടോ എന്നു വിളിച്ചുചോദിച്ചു.

[19] പത്രൊസ് ദർശനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ പരിശുദ്ധാത്മാവ് അവനോട്: “മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു;

[20] നീ എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചിരിക്കുന്നു, ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക” എന്നു പറഞ്ഞു.

[21] പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്ന്: “നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന കാര്യം എന്ത്” എന്നു ചോദിച്ചു.

[22] അതിന് അവർ: “നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നൊല്യോസ് എന്ന ശതാധിപന് നിന്നെ വീട്ടിൽ വരുത്തി നിന്റെ സന്ദേശം കേൾക്കണം എന്ന് ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു” എന്നു പറഞ്ഞു.

[23] അവൻ അവരെ അകത്ത് വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റ് അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി.

[24] പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നൊല്യോസ് ബന്ധുക്കളേയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു.

[25] പത്രൊസ് അകത്ത് പ്രവേശിച്ചപ്പോൾ കൊർന്നൊല്യോസ് അവനെ എതിരേറ്റ് കാൽക്കൽ വീണു വണങ്ങി.

[26] പത്രൊസ് അവനോട് “എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ” എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു,

[27] അവനോട് സംസാരിച്ചുംകൊണ്ട് അകത്ത് ചെന്ന്, അനേകർ വന്നു കൂടിയിരിക്കുന്നത് കണ്ട് അവനോട്:

[28] “അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി സഹകരിക്കുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്ന് ദൈവം എനിക്ക് കാണിച്ചുതന്നിരിക്കുന്നു.

[29] അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ചത് എന്തിന് എന്ന് അറിഞ്ഞാൽ കൊള്ളാം” എന്നു പറഞ്ഞു.

[30] അതിന് കൊർന്നൊല്യോസ്: “നാലുനാൾ മുൻപ് ഈ നേരത്ത് ഞാൻ വീട്ടിൽ ഒമ്പതാംമണി നേരത്തുളള പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ തേജസ്സുള്ള വസ്ത്രം ധരിച്ചൊരു പുരുഷൻ എന്റെ മുമ്പിൽനിന്നു:

[31] ‘കൊർന്നൊല്യോസേ ദൈവം നിന്റെ പ്രാർത്ഥന കേട്ട്, എളിയവരോടുളള നിന്റെ ദാനധർമ്മം ഓർത്തിരിക്കുന്നു.

[32] യോപ്പയിലേക്ക് ആളയച്ച് പത്രൊസ് എന്നു പേരുള്ള ശിമോനെ വിളിപ്പിക്കുക; അവൻ കടല്പുറത്ത് തോൽപ്പണി ചെയ്യുന്ന ശീമോന്റെ വീട്ടിൽ പാർക്കുന്നു’ എന്നു പറഞ്ഞു.

[33] ഉടൻ തന്നെ ഞാൻ നിന്റെ അടുക്കൽ ആളയച്ച്; നീ ദയതോന്നി വന്നത് ഉപകാരം. കർത്താവ് നിന്നോട് കല്പിച്ചതൊക്കെയും കേൾക്കുവാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ സന്നിഹിതരായിരിക്കുന്നു” എന്നു പറഞ്ഞു.

[34] അപ്പോൾ പത്രൊസ് വായ് തുറന്ന് പറഞ്ഞത്: “ദൈവത്തിന് മുഖപക്ഷമില്ല എന്നും

[35] ഏത് ജാതിയിലും ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ അവൻ അംഗീകരിക്കുന്നു എന്നും ഇപ്പോൾ ഞാൻ യഥാർത്ഥമായി ഗ്രഹിക്കുന്നു.

[36] യിസ്രായേൽ മക്കൾക്ക് ദൈവം അയച്ചവചനം, എല്ലാവരുടെയും കർത്താവായ യേശുക്രിസ്തു പ്രസംഗിച്ച സമാധാനം,

[37] യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന് ശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും പ്രസിദ്ധമായ ആ വചനം തന്നെ നിങ്ങൾ അറിയുന്നുവല്ലോ.

[38] ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും എങ്ങനെ അഭിഷേകം ചെയ്തതു എന്നും അവൻ നന്മചെയ്തതും പിശാചിനാൽ പീഢിപ്പിക്കപ്പെട്ടവരെ ഒക്കെയും എങ്ങനെ സൗഖ്യമാക്കി എന്നതും നിങ്ങൾതന്നെ അറിയുന്നുവല്ലോ.

[39] അവർ കൊന്ന് മരത്തിൽ തൂക്കിയ അവൻ യെഹൂദ്യദേശത്തിലും യെരൂശലേമിലും ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു.

[40] ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,

[41] സകല ജനത്തിനുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കുതന്നെ വെളിവാകുകയും,

[42] ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ന്യായം വിധിക്കേണ്ടതിന് ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നെ എന്ന് ജനത്തോടു പ്രസംഗിക്കുവാനും സാക്ഷീകരിക്കുവാനും അവൻ തന്നെ ഞങ്ങളോടു കല്പിക്കുകയും ചെയ്തു.

[43] അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്ന് ഇവനെക്കുറിച്ച് സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു”.

[44] ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവ് വന്നു.

[45] അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കുകയാൽ

[46] പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെ മേലും പകർന്നത് കണ്ട് വിസ്മയിച്ചു.

[47] “നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചുകൂടാതവണ്ണം വിലക്കുവാൻ ആർക്ക് കഴിയും” എന്നു പറഞ്ഞു.

[48] പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുവാൻ കല്പിച്ചു. അവൻ ചില ദിവസം കൂടെ അവിടെ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു.

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ — Chapters