[1] ഇനി നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നത് മനുഷ്യന് നല്ലത്.
[2] എങ്കിലും ദുർന്നടപ്പ് നിമിത്തം ഓരോ പുരുഷനും സ്വന്തഭാര്യയും, ഓരോ സ്ത്രീക്കും സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.
[3] ഭർത്താവ് ഭാര്യയോടും, ഭാര്യ ഭർത്താവിനോടുമുള്ള ഉത്തരവാദിത്തം നിർവഹിക്കണം.
[4] ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യക്കത്രേ അധികാരം.
[5] പ്രാർത്ഥനയ്ക്കു നിങ്ങളെത്തന്നെ സമർപ്പിക്കുവാനല്ലാതെ, അല്പസമയത്തേക്ക് നിങ്ങൾ തമ്മിൽ പരസ്പര സമ്മതമില്ലാതെ വേർപിരിഞ്ഞിരിക്കരുത്. എന്നാൽ നിങ്ങളുടെ ആത്മസംയമനമില്ലായ്മ നിമിത്തം, സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന് വീണ്ടും ചേർന്നിരിക്കുക.
[6] ഞാൻ ഇത് കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നത്.
[7] സകലമനുഷ്യരും എന്നെപ്പോലെ ആയിരിക്കണം എന്ന് ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും വരം ദൈവം നല്കിയിരിക്കുന്നു.
[8] വിവാഹം കഴിയാത്തവരോടും വിധവമാരോടും: എന്നെപ്പോലെ താമസിക്കുന്നത് അവർക്ക് കൊള്ളാം എന്ന് ഞാൻ പറയുന്നു.
[9] എന്നാൽ, ആത്മസംയമനം ഇല്ലെങ്കിൽ അവർ വിവാഹം ചെയ്യട്ടെ; വികാരാസക്തികൊണ്ട് എരിയുന്നതിനേക്കാൾ വിവാഹം ചെയ്യുന്നത് നല്ലത്.
[10] വിവാഹം കഴിഞ്ഞവരോടോ ഞാൻ-ഞാനല്ല കർത്താവ് തന്നെ - കല്പിക്കുന്നത്:
[11] ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹം കൂടാതെ പാർക്കേണം; അല്ലെങ്കിൽ ഭർത്താവിനോട് യോജിപ്പിലെത്തണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.
[12] എന്നാൽ മറ്റുള്ളവരോട് കർത്താവല്ല ഞാൻ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുകയും അവൾ അവനോടുകൂടെ പാർക്കുവാൻ സമ്മതിക്കുകയും ചെയ്താൽ അവളെ ഉപേക്ഷിക്കരുത്.
[13] അവിശ്വാസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർക്കുവാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുത്.
[14] എന്തെന്നാൽ, അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും, അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്ന് വരുമല്ലോ; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.
[15] എങ്കിലും അവിശ്വാസി വേർപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വക കാര്യങ്ങളിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിക്കുവാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
[16] ഭാര്യയേ, നീ ഭർത്താവിന് രക്ഷ വരുത്തും എന്ന് നിനക്ക് എങ്ങനെ അറിയാം? ഭർത്താവേ, നീ ഭാര്യയ്ക്ക് രക്ഷ വരുത്തും എന്ന് നിനക്ക് എങ്ങനെ അറിയാം?
[17] എന്നാൽ ഓരോരുത്തന് കർത്താവ് വിഭാഗിച്ച് കൊടുത്തതു പോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകലസഭകളിലും ആജ്ഞാപിക്കുന്നത്.
[18] ഒരുവൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമം വരുത്തരുത്; ഒരുവൻ അഗ്രചർമത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുത്.
[19] പരിച്ഛേദന ഒന്നുമില്ല, അഗ്രചർമവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.
[20] ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നെ നിലനിൽക്കട്ടെ.
[21] നീ ദാസനായിരിക്കുമ്പോൾ വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിൽ അതിൽത്തന്നെ ഇരുന്നുകൊള്ളുക.
[22] എന്തെന്നാൽ ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു.
[23] നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു; മനുഷ്യർക്ക് ദാസന്മാരാകരുത്.
[24] സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട അതേ സ്ഥിതിയിൽ തന്നെ ദൈവസന്നിധിയിൽ വസിക്കട്ടെ.
[25] കന്യകമാരെക്കുറിച്ച് എനിക്ക് കർത്താവിന്റെ കല്പനയില്ല; എങ്കിലും കർത്താവ് തന്റെ കരുണയിൽ വിശ്വസ്തൻ ആക്കിയ ഞാൻ അഭിപ്രായം പറയുന്നു.
[26] ഇപ്പോഴത്തെ കഷ്ടത നിമിത്തം, മനുഷ്യൻ ആയിരിക്കുന്നതുപോലെ തന്നെ നിൽക്കുന്നത് അവന് നന്ന് എന്ന് എനിക്ക് തോന്നുന്നു.
[27] നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേർപാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്.
[28] എന്നാൽ നീ വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; കന്യകയും വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; എങ്കിലും വിവാഹിതർക്ക് ജഡത്തിൽ കഷ്ടത ഉണ്ടാകും; അത് നിങ്ങൾക്ക് വരരുത് എന്ന് എന്റെ ആഗ്രഹം.
[29] എന്നാൽ സഹോദരന്മാരേ, ഒന്ന് ഞാൻ പറയുന്നു: സമയം വളരെ ചുരുക്കമാകുന്നു;
[30] ആകയാൽ ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും, കരയുന്നവർ കരയാത്തവരെപ്പോലെയും, സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്ക് വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും
[31] ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കണം. എന്തെന്നാൽ ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
[32] നിങ്ങൾ ആകുലചിന്ത ഇല്ലാത്തവരായിരിക്കണം എന്ന് ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് കർത്താവിന്റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു;
[33] വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു.
[34] അവന്റെ താല്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു; വിവാഹം കഴിയാത്തവളോ കന്യകയോ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന് കർത്താവിന്റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്റെ കാര്യത്തെപ്പറ്റി ചിന്തിക്കുന്നു.
[35] ഞാൻ ഇത് നിങ്ങളുടെമേൽ നിയന്ത്രണം ഇടുവാനല്ല, എന്നാൽ ഉചിതമായത് ചെയ്യുവാനും, നിങ്ങൾ ഏകാഗ്രതയോടെ കർത്താവിനെ സേവിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്.
[36] എന്നാൽ ഒരാൾ തന്റെ കന്യകയ്ക്ക് പ്രായം കടന്നു എന്നതിനാൽ, താൻ ചെയ്യുന്നത് അനുചിതം എന്ന് വിചാരിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ പാപം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ.
[37] എങ്കിലും നിർബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊള്ളുവാൻ സ്വന്തഹൃദയത്തിൽ തീരുമാനിച്ചു എങ്കിൽ അവൻ ചെയ്യുന്നത് നന്ന്.
[38] അങ്ങനെ ഒരുവൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നത് നന്ന്; വിവാഹം കഴിപ്പിക്കാതിരിക്കുന്നത് ഏറെ നന്ന്.
[39] ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം ഭാര്യ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നു; ഭർത്താവ് മരിച്ചുപോയാൽ തനിക്ക് മനസ്സുള്ളവനുമായി വിവാഹം കഴിക്കുവാൻ സ്വാതന്ത്ര്യം ഉണ്ട്; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ.
[40] എന്നാൽ അവൾ അങ്ങനെ തന്നെ ആയിരുന്നാൽ ഭാഗ്യമേറിയവൾ എന്ന് എന്റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്ന് തോന്നുന്നു.