Skip to content
Opens in a new window
Listen to this chapter • 4:21

[1] സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലാതിരിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു.

[2] നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ വഴിതെറ്റിച്ചുകളഞ്ഞ ഊമവിഗ്രഹങ്ങളാൽ നടത്തപ്പെട്ടിരുന്നു എന്ന് അറിയുന്നുവല്ലോ.

[3] ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്ന് പറയുകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവ് എന്ന് പറയുവാൻ ആർക്കും കഴിയുകയുമില്ല എന്ന് ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

[4] എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ട്; എങ്കിലും ആത്മാവ് ഒന്നത്രേ.

[5] ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ട്; എങ്കിലും കർത്താവ് ഒരുവൻ.

[6] പ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നെ.

[7] എന്നാൽ ഓരോരുത്തർക്കും ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു.

[8] ഒരാൾക്ക് ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;

[9] വേറൊരാൾക്ക് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരാൾക്ക് അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരങ്ങൾ;

[10] ഒരാൾക്ക് വീര്യപ്രവൃത്തികൾ; മറ്റൊരാൾക്ക് പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവന് പലവിധ ഭാഷകൾ; മറ്റൊരാൾക്ക് ഭാഷകളുടെ വ്യാഖ്യാനം.

[11] എന്നാൽ ഇത് എല്ലാം പ്രവർത്തിക്കുന്നത് താൻ ഇച്ഛിക്കുംപോലെ അവനവന് അതത് വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവ് തന്നെ.

[12] ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങൾ ഉണ്ടല്ലോ. ശരീരത്തിന്റെ അവയവങ്ങൾ പലതായിരിക്കെ അവ എല്ലാം ചേർന്ന് ഒരു ശരീരം ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.

[13] യെഹൂദന്മാരോ യവനന്മാരോ ദാസനോ സ്വതന്ത്രനോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.

[14] ശരീരം ഒരു അവയവമല്ല പലതത്രേ.

[15] ഞാൻ കൈ അല്ലായ്കകൊണ്ട് ശരീരത്തിലുള്ളതല്ല എന്ന് കാൽ പറയുന്നു എങ്കിൽ അതിനാൽ അത് ശരീരത്തിലുള്ളതല്ല എന്ന് വരികയില്ല.

[16] ഞാൻ കണ്ണ് അല്ലായ്കകൊണ്ട് ശരീരത്തിലുള്ളതല്ല എന്ന് ചെവി പറയുന്നു എങ്കിൽ അതിനാൽ അത് ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.

[17] ശരീരം മുഴുവൻ കണ്ണായാൽ കേൾവി എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ?

[18] ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വച്ചിരിക്കുന്നു.

[19] എല്ലാം ഒരു അവയവം എങ്കിൽ ശരീരം എവിടെ?

[20] എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്ന് തന്നെ.

[21] കണ്ണ് കയ്യോട്: നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും തല കാലുകളോട്: നിങ്ങളെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും പറയുവാൻ കഴിയുകയില്ല.

[22] നേരെ മറിച്ച്, ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നെ നമുക്ക് ആവശ്യമുള്ളവയാകുന്നു.

[23] ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്ക് നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴക് കുറഞ്ഞവയ്ക്ക് അധികം അഴക് വരുത്തുന്നു;

[24] നമ്മിൽ അഴകുള്ള അവയവങ്ങൾക്ക് അത് ആവശ്യമില്ലല്ലോ.

[25] എന്നാൽ, ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ട് ശരീരത്തെ ദൈവം കൂട്ടിച്ചേർത്തിരിക്കുന്നു.

[26] അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും അതിനോടുകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന് മാനം വന്നാൽ അവയവങ്ങൾ ഒക്കെയും അതിനോടുകൂടെ സന്തോഷിക്കുന്നു.

[27] എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറെയായി അവയവങ്ങളും ആകുന്നു.

[28] ദൈവം സഭയിൽ ഒന്നാമത് അപ്പൊസ്തലന്മാർ, രണ്ടാമത് പ്രവാചകന്മാർ, മൂന്നാമത് ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കുകയും, പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരങ്ങൾ, സഹായം ചെയ്യുവാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.

[29] എല്ലാവരും അപ്പൊസ്തലന്മാരല്ല. എല്ലാവരും പ്രവാചകന്മാരല്ല. എല്ലാവരും ഉപദേഷ്ടാക്കന്മാരല്ല. എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരല്ല.

[30] എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഇല്ല. എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നില്ല.

[31] എല്ലാവരും വ്യാഖ്യാനിക്കുന്നില്ല. ശ്രേഷ്ഠവരങ്ങളെ വാഞ്ചിക്കുക; ഇനി അതിശ്രേഷ്ഠമായൊരു മാർഗ്ഗം ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം.

1 കൊരിന്ത്യർ — Chapters