[1] “ ‘അതിവിശുദ്ധമായ അകൃത്യയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്:
[2] ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് അകൃത്യയാഗമൃഗത്തെയും അറക്കണം; അതിന്റെ രക്തം യാഗപീഠത്തിന്മേൽ, ചുറ്റും തളിക്കണം.
[3] അതിന്റെ മേദസ്സു മുഴുവനും തടിച്ച വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും
[4] വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അർപ്പിക്കണം.
[5] പുരോഹിതൻ അവയെ യഹോവയ്ക്കു ദഹനയാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അത് അകൃത്യയാഗം.
[6] പുരോഹിതന്റെ കുടുംബത്തിലെ ഏതൊരു ആണിനും അതു ഭക്ഷിക്കാം; എന്നാൽ അതു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം; അത് അതിവിശുദ്ധമാണ്.
[7] “ ‘പാപശുദ്ധീകരണയാഗത്തിനും അകൃത്യയാഗത്തിനും ഒരേ നിയമം ബാധകമാണ്: അവകൊണ്ടു പ്രായശ്ചിത്തം വരുത്തുന്ന പുരോഹിതനുള്ളതാണ് അത്.
[8] ആർക്കെങ്കിലുംവേണ്ടി ഹോമയാഗം അർപ്പിക്കുന്ന പുരോഹിതന് അതിന്റെ തുകൽ എടുക്കാം.
[9] അടുപ്പിൽ ചുട്ടതോ ഉരുളിയിലോ അപ്പച്ചട്ടിയിലോ പാകംചെയ്തതോ ആയ ഭോജനയാഗം ഓരോന്നും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതാണ്.
[10] ഒലിവെണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ ഭോജനയാഗം ഓരോന്നും അഹരോന്റെ എല്ലാ പുത്രന്മാർക്കും തുല്യമായിട്ടുള്ളതാണ്.
[11] “ ‘ഒരാൾ യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്:
[12] “ ‘അത് ഒരു സ്തോത്രാർപ്പണമെങ്കിൽ, ആ സ്തോത്രാർപ്പണത്തോടൊപ്പം അവൻ പുളിപ്പില്ലാതെ ഒലിവെണ്ണചേർത്തുണ്ടാക്കിയ അടകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയമാവുകൊണ്ടുണ്ടാക്കിയ അടകളും അർപ്പിക്കണം.
[13] സ്തോത്രാർപ്പണമായ സമാധാനയാഗത്തോടൊപ്പം അദ്ദേഹം പുളിപ്പിച്ച മാവുകൊണ്ടുണ്ടാക്കിയ വടകളും ഭോജനയാഗമായി അർപ്പിക്കണം.
[14] ആ മനുഷ്യൻ യഹോവയ്ക്കുവേണ്ടി ഓരോ ഇനത്തിൽ ഒന്നുവീതം സ്വമേധാർപ്പണമായി കൊണ്ടുവരണം; അത് സമാധാനയാഗത്തിന്റെ രക്തം യാഗപീഠത്തിനുചുറ്റും തളിക്കുന്ന പുരോഹിതനുള്ളതാണ്.
[15] സ്തോത്രാർപ്പണമായ സമാധാനയാഗത്തിന്റെ മാംസം അത് അർപ്പിക്കുന്ന ദിവസംതന്നെ ഭക്ഷിക്കണം; അതിലൊട്ടും രാവിലെവരെ ശേഷിപ്പിക്കരുത്.
[16] “ ‘എന്നാൽ അദ്ദേഹത്തിന്റെ യാഗം ഒരു നേർച്ചയോ സ്വമേധായാഗമോ ആണെങ്കിൽ, ആ യാഗം അർപ്പിക്കുന്ന ദിവസം അതു ഭക്ഷിക്കണം; എന്നാൽ എന്തെങ്കിലും ശേഷിച്ചാൽ അടുത്തദിവസം ഭക്ഷിക്കാവുന്നതാണ്.
[17] യാഗമാംസത്തിൽ മൂന്നാംദിവസംവരെ അവശേഷിക്കുന്നതു ദഹിപ്പിച്ചുകളയണം.
[18] സമാധാനയാഗത്തിന്റെ ഏതെങ്കിലും മാംസം മൂന്നാംദിവസം ഭക്ഷിച്ചാൽ അതു പ്രസാദകരമല്ല. അത് അർപ്പിക്കുന്നയാളുടെപേരിൽ കണക്കാക്കുകയില്ല, കാരണം അത് അശുദ്ധമായിത്തീരും; അതിന്റെ ഏതെങ്കിലും ഒരുഭാഗം ഭക്ഷിക്കുന്നയാൾ കുറ്റക്കാരനായിരിക്കും.
[19] “ ‘ആചാരപരമായി, അശുദ്ധമായ എന്തിനെയെങ്കിലും സ്പർശിച്ചിട്ടുള്ള മാംസം ഭക്ഷിക്കരുത്; അതു തീയിലിട്ടു ചുട്ടുകളയണം. മറ്റു മാംസമാകട്ടെ, ആചാരപരമായി ശുദ്ധിയുള്ള ഏതൊരാൾക്കും ഭക്ഷിക്കാം.
[20] യഹോവയ്ക്കുള്ള സമാധാനയാഗത്തിന്റെ ഏതെങ്കിലും മാംസം അശുദ്ധരായ ആരെങ്കിലും ഭക്ഷിച്ചാൽ, അവരെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
[21] ആരെങ്കിലുമൊരാൾ അശുദ്ധമായ എന്തെങ്കിലും—മനുഷ്യന്റെ അശുദ്ധിയോ ഒരു അശുദ്ധമൃഗമോ അശുദ്ധവും നിഷിദ്ധവുമായ എന്തെങ്കിലുമോ—സ്പർശിച്ചിട്ട്, യഹോവയ്ക്കുള്ള സമാധാനയാഗത്തിന്റെ ഏതെങ്കിലും മാംസം ഭക്ഷിച്ചാൽ, ആ വ്യക്തിയെ തന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.’ ”
[22] യഹോവ മോശയോട് അരുളിച്ചെയ്തു:
[23] “ഇസ്രായേല്യരോടു പറയുക: ‘കന്നുകാലിയുടെയോ ചെമ്മരിയാടിന്റെയോ കോലാടിന്റെയോ മേദസ്സ് അൽപ്പംപോലും ഭക്ഷിക്കരുത്.
[24] ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ആയ മൃഗത്തിന്റെ മേദസ്സു മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം, എന്നാൽ അതു ഭക്ഷിക്കരുത്.
[25] യഹോവയ്ക്കു ദഹനയാഗം അർപ്പിക്കാനുള്ള മൃഗത്തിന്റെ മേദസ്സു ഭക്ഷിക്കുന്നയാൾ അവരുടെ ജനത്തിൽനിന്ന് ഛേദിക്കപ്പെടണം.
[26] നിങ്ങൾ എവിടെ ജീവിച്ചാലും ഒരു പക്ഷിയുടെയോ മൃഗത്തിന്റെയോ രക്തം കുടിക്കരുത്.
[27] ആരെങ്കിലും രക്തം കുടിച്ചാൽ ആ മനുഷ്യൻ തന്റെ ജനത്തിൽനിന്ന് ഛേദിക്കപ്പെടണം.’ ”
[28] യഹോവ മോശയോട് അരുളിച്ചെയ്തു:
[29] “ഇസ്രായേല്യരോടു പറയുക: ‘യഹോവയ്ക്കു സമാധാനയാഗം കൊണ്ടുവരുന്നയാൾ അതിന്റെ ഭാഗം ആ മനുഷ്യന്റെ യാഗമായി യഹോവയ്ക്ക് അർപ്പിക്കണം.
[30] അയാൾ സ്വന്തം കൈയാൽ യഹോവയ്ക്കു ദഹനയാഗം കൊണ്ടുവരണം; അവൻ നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവന്ന് ഒരു വിശിഷ്ടയാഗമായി നെഞ്ച് യഹോവയുടെമുമ്പാകെ ഉയർത്തി അർപ്പിക്കുക.
[31] പുരോഹിതൻ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിക്കണം, എന്നാൽ നെഞ്ച് അഹരോനും തന്റെ പുത്രന്മാർക്കുമുള്ളതാണ്.
[32] നിങ്ങളുടെ സമാധാനയാഗത്തിന്റെ വലതുതുട പുരോഹിതന് ഒരു സ്വമേധാദാനമായി കൊടുക്കണം.
[33] അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗത്തിന്റെ രക്തവും മേദസ്സും അർപ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്, വലത്തെ തുട.
[34] ഇസ്രായേല്യരുടെ സമാധാനയാഗത്തിൽനിന്ന് ദൈവസന്നിധിയിൽ ഉയർത്തി അർപ്പിച്ച നെഞ്ചും വിശിഷ്ടയാഗാർപ്പണമായ വലതുതുടയും ഞാൻ എടുത്ത് അവയെ പുരോഹിതനായ അഹരോനും തന്റെ പുത്രന്മാർക്കും ഇസ്രായേല്യരിൽനിന്നുള്ള നിത്യാവകാശമായി കൊടുത്തിരിക്കുന്നു.’ ”
[35] അഹരോനെയും പുത്രന്മാരെയും യഹോവയ്ക്കു പുരോഹിതന്മാരായി സമർപ്പിച്ച നാളിൽ, യഹോവയ്ക്ക് അർപ്പിച്ച ദഹനയാഗങ്ങളിൽനിന്ന് അവർക്കുള്ള ഓഹരി ഇതാണ്.
[36] അവർ അഭിഷിക്തരായ ദിവസം, ഇസ്രായേല്യർ ഇത് അവർക്ക് അവരുടെ നിത്യാവകാശമായി എല്ലാ തലമുറകളിലും നൽകണമെന്ന് യഹോവ കൽപ്പിച്ചു.
[37] ഇവയാണ്, ദഹനയാഗം, ഭോജനയാഗം, പാപശുദ്ധീകരണയാഗം, അകൃത്യയാഗം, പ്രതിഷ്ഠായാഗം, സമാധാനയാഗം എന്നിവയുടെ ചട്ടങ്ങൾ.
[38] സീനായിമരുഭൂമിയിൽവെച്ച് യഹോവയ്ക്ക് അവരുടെ വഴിപാടുകൾ കൊണ്ടുവരാൻ കൽപ്പിച്ച നാളിൽ യഹോവ സീനായിമലയിൽവെച്ച് മോശയ്ക്ക് ഈ കൽപ്പനകൾ ഇസ്രായേല്യർക്കു നൽകി.