Skip to content
Opens in a new window

[1] യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:

[2] “ഇസ്രായേല്യരോടു പറയുക: കരയിൽ ജീവിക്കുന്ന എല്ലാ മൃഗങ്ങളിലും നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണ്:

[3] കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം.

[4] “ ‘ഒന്നുകിൽ അയവിറക്കുന്നവയോ അല്ലെങ്കിൽ കുളമ്പു പിളർന്നവയോ ആയിരിക്കാം ചില മൃഗങ്ങൾ. അവ നിങ്ങൾ ഭക്ഷിക്കരുത്. ഒട്ടകം അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.

[5] കുഴിമുയൽ അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അത് നിങ്ങൾക്ക് അശുദ്ധമാണ്.

[6] മുയൽ അയവിറക്കുന്നെങ്കിലും, കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.

[7] പന്നിയുടെ കുളമ്പു പിരിഞ്ഞ് പൂർണമായി പിളർന്നതാണ്; എന്നാൽ അത് അയവിറക്കുന്നില്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.

[8] നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്; അവ നിങ്ങൾക്ക് അശുദ്ധമാണ്.

[9] “ ‘കടൽവെള്ളത്തിലും പുഴയിലും ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.

[10] എന്നാൽ കടലുകളിലും പുഴകളിലും കൂട്ടമായി ചരിക്കുന്നവയിലും വെള്ളത്തിൽ ജീവിക്കുന്ന മറ്റു ജീവികളിലും, ചിറകും ചെതുമ്പലും ഇല്ലാത്തവ നിങ്ങൾക്കു നിഷിദ്ധമായിരിക്കണം.

[11] അവ നിങ്ങൾക്ക് അറപ്പായിരിക്കണം. അവയുടെ മാംസം ഭക്ഷിക്കരുത്, അവയുടെ പിണം നിങ്ങൾക്കു നിഷിദ്ധമായിരിക്കണം.

[12] വെള്ളത്തിൽ ജീവിക്കുന്ന, ചിറകും ചെതുമ്പലുമില്ലാത്ത എന്തും നിങ്ങൾക്കു നിഷിദ്ധമാണ്.

[13] “ ‘പറവകളിൽ നിങ്ങൾക്ക് നിഷിദ്ധമായിരിക്കുന്നവ ഇവയാണ്: അവ അശുദ്ധമാകുകയാൽ നിങ്ങൾ അവ ഭക്ഷിക്കരുത്: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്

[14] ഗൃദ്ധ്രം, ഏതിനത്തിലുംപെട്ട പരുന്ത്,

[15] എല്ലാ ഇനത്തിലുംപെട്ട കാക്ക,

[16] ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ,

[17] നത്ത്, നീർക്കാക്ക, കൂമൻ,

[18] മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ,

[19] പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.

[20] “ ‘ചിറകുള്ള പ്രാണികളിൽ നാലുകാലിൽ നടക്കുകയും പറക്കുകയും ചെയ്യുന്നവയെല്ലാം നിങ്ങൾക്കു നിഷിദ്ധമാണ്.

[21] നാലുകാലിൽ നടക്കുന്നെങ്കിലും നിലത്തു ചാടിനടക്കേണ്ടതിനു കാലുകളിൽ സന്ധിബന്ധമുള്ളതും ചിറകുള്ളതുമായ പ്രാണികളെ നിങ്ങൾക്കു ഭക്ഷിക്കാം.

[22] ഇവയിൽ ഏതിനം വെട്ടുക്കിളിയും വിട്ടിലും ചീവീടും തുള്ളനും നിങ്ങൾക്കു തിന്നാം.

[23] എന്നാൽ, ചിറകും നാലു കാലുമുള്ള മറ്റെല്ലാ ജീവികളും നിങ്ങൾക്കു നിഷിദ്ധമാണ്.

[24] “ ‘ഇവയാൽ നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കും; അവയുടെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

[25] അവയിലൊന്നിന്റെ പിണം എടുക്കുന്നവരും തങ്ങളുടെ വസ്ത്രം അലക്കണം, അവരും സന്ധ്യവരെ അശുദ്ധരായിരിക്കും.

[26] “ ‘കുളമ്പു പിരിഞ്ഞ് പൂർണമായി പിളരാത്തതും അയവിറക്കാത്തതുമായ മൃഗങ്ങളെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം തൊടുന്നവർ അശുദ്ധരായിരിക്കും.

[27] നാലുകാലിൽ നടക്കുന്ന ജീവികളിൽ ഉള്ളങ്കാൽ പതിച്ചു നടക്കുന്നവയെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

[28] അവയുടെ പിണം എടുക്കുന്നവർ തങ്ങളുടെ വസ്ത്രം അലക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ഈ മൃഗങ്ങൾ നിങ്ങൾക്ക് നിഷിദ്ധമാണ്.

[29] “ ‘നിലത്തു സഞ്ചരിക്കുന്ന ജന്തുക്കളിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവയാണ്: പെരുച്ചാഴി, എലി, എല്ലാ ഇനത്തിലുംപെട്ട ഉടുമ്പ്,

[30] അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരപ്പൻ

[31] നിലത്തു സഞ്ചരിക്കുന്ന എല്ലാവകയിലും ഇവ നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ ജഡം സ്പർശിക്കുന്നവരും സന്ധ്യവരെ അശുദ്ധരായിരിക്കും.

[32] അവയിലൊന്നു ചത്ത് എന്തിന്മേലെങ്കിലും വീണാൽ, ആ സാധനത്തിന്റെ ഉപയോഗമെന്തായാലും, അതു മരമോ വസ്ത്രമോ തുകലോ ചാക്കുശീലയോകൊണ്ട് ഉണ്ടാക്കിയതാണെങ്കിലും അശുദ്ധമായിരിക്കും. അതു വെള്ളത്തിൽ ഇടണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കും, പിന്നെ അതു ശുദ്ധമാകും.

[33] അവയിലൊന്ന് ഒരു മൺപാത്രത്തിൽ വീണാൽ അതിലുള്ളതെല്ലാം അശുദ്ധമായിരിക്കും, നിങ്ങൾ ആ പാത്രം ഉടച്ചുകളയണം.

[34] ഭക്ഷിക്കാൻ അനുവാദമുള്ള ഏതെങ്കിലും ആഹാരത്തിൽ അങ്ങനെയുള്ള പാത്രത്തിലെ വെള്ളം വീണാൽ അത് അശുദ്ധമാകും. അതിലുള്ള ഏതു പാനീയവും അശുദ്ധമാകും.

[35] അവയിലൊന്നിന്റെ പിണം എന്തിലെങ്കിലും വീണാൽ വീഴുന്നതെന്തായാലും അത് അശുദ്ധമാകും. അത് അടുപ്പായാലും പാചകപാത്രമായാലും ഉടച്ചുകളയണം. അവ അശുദ്ധമാണ്, അവയെ അശുദ്ധമായി പരിഗണിക്കണം.

[36] എന്നാൽ ഒരു ഉറവയോ ഒരു ജലസംഭരണിയോ ശുദ്ധമായിരിക്കും; ഈ പിണങ്ങളിലൊന്നു സ്പർശിക്കുന്ന വ്യക്തി അശുദ്ധനാണ്.

[37] നടാനുള്ള വിത്തിൽ ഒരു പിണം വീണാൽ. അത് ശുദ്ധമായിത്തന്നെയിരിക്കും.

[38] എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചുകഴിഞ്ഞിട്ടു പിണം അതിന്മേൽ വീണാൽ അതു നിങ്ങൾക്ക് അശുദ്ധമാണ്.

[39] “ ‘നിങ്ങൾക്കു ഭക്ഷിക്കാൻ അനുവാദമുള്ള ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

[40] ആ പിണത്തിൽനിന്ന് ഭക്ഷിക്കുന്നവർ തങ്ങളുടെ വസ്ത്രം കഴുകണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ആരെങ്കിലും ആ പിണം എടുത്താൽ അയാൾ തന്റെ വസ്ത്രം കഴുകണം, അയാൾ സന്ധ്യവരെ അശുദ്ധമായിരിക്കും.

[41] “ ‘നിലത്ത് ഇഴയുന്ന എല്ലാ പ്രാണികളും നിങ്ങൾക്കു നിഷിദ്ധമാണ്; അതു ഭക്ഷിക്കരുത്.

[42] ഉരസ്സുകൊണ്ടോ നാലുകാലുകൊണ്ടോ കൂടുതൽ കാലുകൾകൊണ്ടോ നിലത്തു ചരിക്കുന്ന ഒരു പ്രാണിയെയും നിങ്ങൾ തിന്നരുത്; അവ നിങ്ങൾക്കു നിഷിദ്ധം.

[43] ഇങ്ങനെയുള്ള ഏതെങ്കിലും ഇഴജാതിമൂലം നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. അവ മുഖാന്തിരമോ അവയാലോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.

[44] ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകുകയാൽ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധരായിരിക്കുക. നിലത്തു സഞ്ചരിക്കുന്ന ഒരു ജീവിയാലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.

[45] നിങ്ങളുടെ ദൈവമായിരിക്കാൻ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവ ഞാനാകുന്നു; ആകയാൽ, ഞാൻ വിശുദ്ധനാകുകയാൽ, നിങ്ങളും വിശുദ്ധരായിരിക്കുക.

[46] “ ‘മൃഗങ്ങളെയും പറവകളെയും ജലത്തിൽ ചരിക്കുന്ന ജീവികളെയും നിലത്തു ചരിക്കുന്ന ജീവികളെയും സംബന്ധിച്ച പ്രമാണം ഇവയാകുന്നു.

[47] നിങ്ങൾക്ക് ശുദ്ധവും അശുദ്ധവുംതമ്മിലും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയുമായ ജീവികൾതമ്മിലും തരംതിരിവുണ്ടായിരിക്കണം.’ ”

ലേവ്യാപുസ്തകം — Chapters