[1] ഇതിനുശേഷം ലേവ്യരുടെ കുടുംബത്തലവന്മാർ—കനാനിലെ ശീലോവിൽവെച്ച്—പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ മറ്റു ഗോത്രത്തലവന്മാർ എന്നിവരുടെ അടുക്കൽവന്ന് അവരോട്: “ഞങ്ങൾക്കു താമസിക്കാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്കു പുൽമേടുകളും തരാൻ യഹോവ മോശമുഖാന്തരം കൽപ്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു.
[3] അങ്ങനെ ഇസ്രായേൽമക്കൾ തങ്ങളുടെ സ്വന്ത അവകാശത്തിൽനിന്ന് യഹോവയുടെ കൽപ്പനപ്രകാരം ഈ പട്ടണങ്ങളും പുൽമേടുകളും ലേവ്യർക്കു കൊടുത്തു:
[4] കെഹാത്യർക്കു കുലംകുലമായി ആദ്യത്തെ നറുക്കുവീണു. പുരോഹിതനായ അഹരോന്റെ പിൻഗാമികളായ ലേവ്യർക്ക്, യെഹൂദാ, ശിമെയോൻ, ബെന്യാമീൻ, എന്നീ ഗോത്രങ്ങളുടെ അവകാശത്തിൽനിന്നു പതിമ്മൂന്നു പട്ടണങ്ങൾ ലഭിച്ചു.
[5] കെഹാത്തിന്റെ മറ്റു പിൻഗാമികൾക്ക്, എഫ്രയീംഗോത്രം, ദാൻഗോത്രം, മനശ്ശെയുടെ പകുതിഗോത്രം എന്നിവരുടെ അവകാശത്തിൽനിന്നു പത്തു പട്ടണങ്ങൾ ലഭിച്ചു.
[6] ഗെർശോന്റെ പിൻഗാമികൾക്ക്, യിസ്സാഖാർഗോത്രം, ആശേർഗോത്രം, നഫ്താലിഗോത്രം, ബാശാനിലെ മനശ്ശെയുടെ പകുതിഗോത്രം എന്നിവരുടെ അവകാശത്തിൽനിന്ന് പതിമ്മൂന്നു പട്ടണങ്ങൾ ലഭിച്ചു.
[7] മെരാരിയുടെ പിൻഗാമികൾക്കു കുലംകുലമായി രൂബേൻ, ഗാദ്, സെബൂലൂൻ എന്നീ ഗോത്രങ്ങളുടെ അവകാശത്തിൽനിന്ന് പന്ത്രണ്ടു പട്ടണങ്ങൾ ലഭിച്ചു.
[8] ഇപ്രകാരം ഇസ്രായേൽമക്കൾ ലേവ്യർക്ക് ഈ പട്ടണങ്ങളും അവയുടെ പുൽമേടുകളും യഹോവ മോശമുഖാന്തരം കൽപ്പിച്ചതിൻപ്രകാരം വിഭജിച്ചുകൊടുത്തു.
[9] യെഹൂദാഗോത്രത്തിൽനിന്നും ശിമെയോൻഗോത്രത്തിൽനിന്നും താഴേ പേരുപറയുന്ന പട്ടണങ്ങളെ കൊടുത്തു.
[10] (ലേവ്യരിൽ കെഹാത്യകുലങ്ങളിൽപ്പെട്ട അഹരോന്റെ പിൻഗാമികൾക്കാണ് ഇവ ലഭിച്ചത്. കാരണം ആദ്യത്തെ നറുക്ക് അവർക്കാണു വീണത്.)
[11] യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബയും ചുറ്റുപാടുമുള്ള പുൽമേടുകളും അവർക്കു കൊടുത്തു. (അനാക്കിന്റെ പൂർവപിതാവായിരുന്നു അർബാ.)
[12] എന്നാൽ പട്ടണത്തിനു ചുറ്റുമുള്ള നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.
[13] പുരോഹിതനായ അഹരോന്റെ പിൻഗാമികൾക്ക് അവർ ഹെബ്രോൻ (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ലിബ്നാ,
[14] യത്ഥീർ, എസ്തെമോവ,
[15] ഹോലോൻ, ദെബീർ,
[16] ആയിൻ, യുത്ത, ബേത്-ശേമെശ് എന്നീ പട്ടണങ്ങളും അവയുടെ പുൽമേടുകളും ഇങ്ങനെ ഈ രണ്ടു ഗോത്രങ്ങളിൽനിന്നായി ഒൻപതു പട്ടണങ്ങളും;
[17] ബെന്യാമീൻഗോത്രത്തിൽനിന്ന്, ഗിബെയോൻ, ഗേബാ,
[18] അനാഥോത്ത്, അൽമോൻ എന്നിവയും അവയുടെ പുൽമേടുകളുമായി നാലു പട്ടണങ്ങളും കൊടുത്തു.
[19] ഇങ്ങനെ അഹരോന്റെ പിൻഗാമികളായ പുരോഹിതന്മാർക്കെല്ലാംകൂടി പതിമ്മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും ലഭിച്ചു.
[20] ലേവ്യരിൽ കെഹാത്യകുലത്തിൽ ശേഷിച്ചവർക്ക് എഫ്രയീംഗോത്രത്തിൽനിന്നും പട്ടണങ്ങൾ ലഭിച്ചു.
[21] എഫ്രയീം മലനാട്ടിൽ ശേഖേം (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ഗേസെർ,
[22] കിബ്സയീം, ബേത്-ഹോരോൻ, ഇങ്ങനെ നാലു പട്ടണവും അവയുടെ പുൽമേടുകളും,
[23] ദാൻഗോത്രത്തിൽനിന്ന് എൽ-തെക്കേ, ഗിബ്ബെഥോൻ,
[24] അയ്യാലോൻ, ഗത്ത്-രിമ്മോൻ ഇങ്ങനെ നാലു പട്ടണവും അവയുടെ പുൽമേടുകളും,
[25] മനശ്ശെയുടെ പകുതിഗോത്രത്തിൽനിന്ന് താനാക്ക്, ഗത്ത്-രിമ്മോൻ ഇങ്ങനെ രണ്ടു പട്ടണവും അവയുടെ പുൽമേടുകളും;
[26] ഈ പത്തു പട്ടണങ്ങളും അവയുടെ പുൽമേടുകളും കെഹാത്യകുലത്തിൽ ശേഷിച്ചവർക്കു ലഭിച്ചു.
[27] ലേവിഗോത്രത്തിൽപ്പെട്ട ഗെർശോന്യർക്ക്, മനശ്ശെയുടെ പകുതിഗോത്രത്തിൽനിന്ന്: ബാശാനിലെ ഗോലാൻ (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ബെയെസ്തേര ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ പുൽമേടുകളും,
[28] യിസ്സാഖാർ ഗോത്രത്തിൽനിന്ന്, കിശ്യോൻ, ദാബെരത്ത്,
[29] യർമൂത്ത്, ഏൻ-ഗന്നീം ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
[30] ആശേർ ഗോത്രത്തിൽനിന്ന്, മിശാൽ, അബ്ദോൻ,
[31] ഹെൽക്കത്ത്, രെഹോബ് ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
[32] നഫ്താലിഗോത്രത്തിൽനിന്ന്, ഗലീലായിലെ കേദേശ് (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ഹമ്മോത്ത്-ദോർ, കർഥാൻ. ഇങ്ങനെ മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
[33] ആകെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും ഗെർശോന്യർക്ക് കുലംകുലമായി ലഭിച്ചു.
[34] ശേഷം ലേവ്യരിൽ മെരാര്യകുലത്തിന്, സെബൂലൂൻഗോത്രത്തിൽനിന്ന്. യൊക്നെയാം, കർഥ,
[35] ദിമ്നി, നഹലാൽ. ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും
[36] രൂബേൻഗോത്രത്തിൽനിന്ന്: ബേസെർ, യാഹാസ്,
[37] കെദേമോത്ത്, മേഫാത്ത് ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
[38] ഗാദ്ഗോത്രത്തിൽനിന്ന്, ഗിലെയാദിലെ രാമോത്ത് (കൊലചെയ്തവർക്കുള്ള അഭയപട്ടണം), മഹനയീം,
[39] ഹെശ്ബോൻ, യാസേർ എന്നീ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും.
[40] ഇങ്ങനെ ആകെ പന്ത്രണ്ടു പട്ടണങ്ങൾ, ശേഷം ലേവ്യരിൽപ്പെട്ട മെരാര്യകുലത്തിനു ലഭിച്ചു.
[41] ഇസ്രായേല്യരുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് ആകെ നാൽപ്പത്തെട്ടു പട്ടണങ്ങളും അവയുടെ പുൽമേടുകളും ലഭിച്ചു.
[42] ഓരോ പട്ടണത്തിനുചുറ്റും പുൽമേടുകൾ ഉണ്ടായിരുന്നു. എല്ലാ പട്ടണങ്ങളുടെയും ഭൂപ്രകൃതി ഏകദേശം ഒരുപോലെതന്നെയായിരുന്നു.
[43] അങ്ങനെ യഹോവ, ഇസ്രായേലിന്, താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ശപഥംചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശപ്പെടുത്തി അവിടെ താമസമുറപ്പിച്ചു.
[44] പിതാക്കന്മാരോടു ശപഥംചെയ്തതുപോലെ യഹോവ എല്ലാ ഭാഗത്തുനിന്നും അവർക്കു സ്വസ്ഥതനൽകി. ശത്രുക്കളിൽ ഒരുവനുപോലും അവരുടെനേരേ നിൽക്കാൻ സാധിച്ചില്ല; അവരുടെ ശത്രുക്കളെയെല്ലാം യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.
[45] യഹോവ ഇസ്രായേൽഗോത്രത്തിനു നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറപ്പെടാതിരുന്നില്ല; അവയെല്ലാം നിറവേറി.