[1] എന്റെ സഹോദരങ്ങളേ, കർശനമായ ശിക്ഷ ലഭിക്കും എന്ന് അറിയുന്നതുകൊണ്ട് നിങ്ങളിൽ അധികംപേർ ഉപദേഷ്ടാക്കളാകരുത്.
[2] പലതിലും ഇടറിവീഴുന്നവരാണ് നാമെല്ലാവരും. ഒരാൾക്ക് വാക്കിൽ പിഴവ് സംഭവിക്കാതിരുന്നാൽ, അയാൾ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ള പക്വമതിയാണ്.
[3] കുതിരയെ അനുസരിപ്പിക്കാൻ നാം അതിന്റെ വായിൽ ചെറിയ ഒരു കടിഞ്ഞാൺ ഇട്ട് ആ മൃഗത്തെ മുഴുവനായും തിരിക്കുന്നു.
[4] കപ്പലിന്റെ ഉദാഹരണവും അതുപോലെതന്നെ. അത് വളരെ വലിപ്പം ഉള്ളതും, കാറ്റിന്റെ ശക്തിയാൽ ഓടുന്നതും ആണെങ്കിലും കപ്പിത്താൻ ഒരു ചെറിയ ചുക്കാൻകൊണ്ട് അതിനെ തിരിച്ച് തനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നു.
[5] അതുപോലെതന്നെ നമ്മുടെ നാവും ചെറിയ ഒരു അവയവമെങ്കിലും വളരെ ഡംഭത്തോടെ വീമ്പിളക്കുന്നു. ഒരു ചെറിയ തീപ്പൊരി വലിയ ഒരു വനം ദഹിപ്പിക്കുന്നു.
[6] നാവും അതുപോലെ ഒരു തീതന്നെയാണ്. അവയവങ്ങളുടെ കൂട്ടത്തിൽ അത് തിന്മയുടെ ഒരു പ്രപഞ്ചംതന്നെയാണ്. അത് ഒരു വ്യക്തിയെ മുഴുവനായി ദുഷിപ്പിക്കുകയും ജീവിതത്തിന്റെ സർവമേഖലകൾക്കും തീ കൊളുത്തുകയും നരകാഗ്നിയാൽ സ്വയം ദഹിക്കുകയുംചെയ്യുന്നു.
[7] എല്ലാവിധ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും കടൽജീവികളും മെരുങ്ങുന്നവയാണ്; മനുഷ്യൻ ജീവജാലങ്ങളെ മെരുക്കിയുമിരിക്കുന്നു.
[8] എന്നാൽ നാവിനെ മെരുക്കാൻ ആർക്കും സാധ്യമല്ല. അത് അടങ്ങാത്ത ദോഷമാണ്; മാരകമായ വിഷം നിറഞ്ഞതുമാണ്.
[9] നാവിനാൽ നാം നമ്മുടെ കർത്താവായ പിതാവിനെ സ്തുതിക്കുന്നു; അതേ നാവുകൊണ്ടുതന്നെ, ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ശപിക്കുകയുംചെയ്യുന്നു.
[10] ഇങ്ങനെ ഒരേ വായിൽനിന്ന് സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരങ്ങളേ, ഇത് ഉചിതമല്ല.
[11] ഒരേ ഉറവിൽനിന്നുതന്നെ ശുദ്ധജലവും ലവണജലവും ഉദ്ഗമിക്കുമോ?
[12] എന്റെ സഹോദരങ്ങളേ, അത്തിവൃക്ഷത്തിന് ഒലിവും മുന്തിരിവള്ളിക്ക് അത്തിപ്പഴവും കായ്ക്കാൻ കഴിയുമോ? ഉപ്പുറവയ്ക്ക് ഒരിക്കലും ശുദ്ധജലം പുറപ്പെടുവിക്കാൻ സാധ്യമല്ലല്ലോ.
[13] നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവർ ഉണ്ടോ? എങ്കിൽ അയാൾ ജ്ഞാനത്തിന്റെ ലക്ഷണമായ വിനയത്തോടെ സൽപ്രവൃത്തികളാൽ സമ്പുഷ്ടമായ നല്ല ജീവിതംകൊണ്ട് ആ ജ്ഞാനത്തെ വെളിപ്പെടുത്തട്ടെ.
[14] എന്നാൽ, നിങ്ങൾക്കു ഹൃദയത്തിൽ കടുത്ത അസൂയയും സ്വാർഥമോഹവും ഉണ്ടെങ്കിൽ ജ്ഞാനത്തെക്കുറിച്ചു പ്രശംസിക്കുകയും സത്യത്തെ നിഷേധിക്കുകയും അരുത്.
[15] അങ്ങനെയുള്ള “ജ്ഞാനം” ദൈവികമല്ല; അത് ലൗകികവും അനാത്മികവും പൈശാചികവുമാണ്.
[16] കാരണം, അസൂയയും സ്വാർഥമോഹവും ഉള്ളിടത്തു ക്രമരാഹിത്യവും എല്ലാ ദുഷ് പ്രവൃത്തികളും ഉണ്ട്.
[17] എന്നാൽ സ്വർഗീയജ്ഞാനം, ഏറ്റവും പ്രഥമമായി നിർമലമായിരിക്കും; കൂടാതെ സമാധാനമുള്ളതും സൗമ്യവും വിധേയത്വമുള്ളതും കാരുണ്യമുള്ളതും സൽഫലങ്ങൾ നിറഞ്ഞതും പക്ഷഭേദരഹിതവും നിഷ്കപടവും ആയിരിക്കും.
[18] സമാധാനം ഉണ്ടാക്കുന്നവർ ശാന്തിയിൽ വിതച്ചു നീതിയുടെ ഫലം കൊയ്യും.