Skip to content
Opens in a new window
Listen to this chapter • 4:07

[1] തേജോമയനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച എന്റെ സഹോദരങ്ങളേ, നിങ്ങൾ പക്ഷപാതപരമായി പെരുമാറരുത്.

[2] നിങ്ങളുടെ സഭയിൽ സ്വർണമോതിരമണിഞ്ഞും പകിട്ടേറിയ വസ്ത്രം ധരിച്ചും ഒരാളും, മുഷിഞ്ഞവേഷംമാത്രം ധരിച്ച ഒരു ദരിദ്രനും വരുന്നു എന്നിരിക്കട്ടെ.

[3] വിശിഷ്ടവസ്ത്രം ധരിച്ചയാൾക്കു നിങ്ങൾ പ്രത്യേകപരിഗണന നൽകിക്കൊണ്ട്, “ഈ ആദരണീയമായ ഇരിപ്പിടത്തിൽ ഇരുന്നാലും” എന്നു പറയുകയും, ദരിദ്രനോട്, “നീ അവിടെ മാറിനിൽക്കൂ” എന്നോ “എന്റെ കാൽക്കൽ ഇരിക്കൂ” എന്നോ പറയുകയും ചെയ്യുന്നുവെങ്കിൽ,

[4] നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾ പക്ഷപാതപരമായി പ്രവർത്തിക്കുന്നവരും ദുഷ്ടലാക്കോടെ വിവേചനം കാണിക്കുന്നവരും അല്ലയോ?

[5] എന്റെ പ്രിയസഹോദരങ്ങളേ, ശ്രദ്ധിക്കുക: ദൈവം ഈ ലോകത്തിലെ ദരിദ്രരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിട്ടുള്ള രാജ്യത്തിന്റെ അവകാശികളുമായി തെരഞ്ഞെടുത്തില്ലയോ?

[6] നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. ധനികരല്ലേ നിങ്ങളെ ചൂഷണം ചെയ്യുകയും കോടതികളിലേക്കു വലിച്ചിഴയ്കുകയുംചെയ്യുന്നത്?

[7] നിങ്ങളെ വിളിച്ച കർത്താവിന്റെ മഹനീയനാമത്തെ ദുഷിക്കുന്നതും അവരല്ലേ?

[8] “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെ സ്നേഹിക്കണം” എന്ന തിരുവെഴുത്ത് അനുശാസിക്കുന്ന, രാജകീയനിയമം പാലിക്കുന്നെങ്കിൽ നിങ്ങൾ ഉത്തമമായതു പ്രവർത്തിക്കുന്നു.

[9] പക്ഷപാതം കാണിക്കുന്നെങ്കിലോ പാപംചെയ്യുന്നു; അങ്ങനെ ന്യായപ്രമാണം അനുസരിച്ച് നിങ്ങൾ കുറ്റവാളികളായി വിധിക്കപ്പെടുന്നു.

[10] ഒരാൾ ന്യായപ്രമാണകൽപ്പനകൾ, ഒന്നൊഴികെ സകലവും അനുസരിച്ചാലും അയാൾ സമ്പൂർണന്യായപ്രമാണവും ലംഘിച്ചതിന് സമമാണ്.

[11] “വ്യഭിചാരം ചെയ്യരുത്” എന്ന് കൽപ്പിച്ച അതേ ദൈവംതന്നെയാണ് “കൊല ചെയ്യരുത്” എന്നും കൽപ്പിച്ചിരിക്കുന്നത്. വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നെങ്കിൽ നീ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു.

[12] സ്വാതന്ത്ര്യമേകുന്ന ന്യായപ്രമാണത്താൽ നാം വിധിക്കപ്പെടാനുള്ളവർ ആയതുകൊണ്ട് നമ്മുടെ വാക്കുകളും പ്രവൃത്തികളും അതിന് അനുസൃതമായിരിക്കട്ടെ.

[13] കരുണാരഹിതർക്ക് നിഷ്കരുണമായ ന്യായവിധി ഉണ്ടാകും. കാരുണ്യമുള്ളവരോ ന്യായവിധിയുടെമേൽ വിജയം നേടും.

[14] എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസം ഉണ്ടെന്ന് അവകാശപ്പെടുകയും അതിനനുസൃതമായ പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? ആ വിശ്വാസം അയാളെ രക്ഷിക്കുമോ?

[15] ഒരു സഹോദരനോ സഹോദരിക്കോ വസ്ത്രം ധരിക്കാനില്ലാതെയും പ്രതിദിന ആഹാരത്തിനുള്ള മാർഗം ഇല്ലാതെയും ഇരുന്നാൽ

[16] നിങ്ങളിൽ ഒരാൾചെന്ന് അയാളോട്: “വീട്ടിൽ പോയി തീകായുകയും, മൃഷ്ടാന്നഭോജനം കഴിക്കുകയുംചെയ്ത് സ്വസ്ഥമായിരിക്കൂ” എന്നു പറയുന്നതല്ലാതെ, അയാളുടെ സംരക്ഷണത്തിനു വേണ്ടത് ഒന്നും ചെയ്യുന്നില്ലെങ്കിൽ എന്തു പ്രയോജനം?

[17] ഇപ്രകാരമാണ് പ്രവൃത്തിയില്ലാത്ത വിശ്വാസം സ്വയം നിർജീവമായിരിക്കുന്നത്.

[18] എന്നാൽ, “നിനക്കുള്ളത് വിശ്വാസം; എനിക്കുള്ളത് പ്രവൃത്തി” എന്ന് ഒരാൾ പറഞ്ഞാൽ, പ്രവൃത്തികൾകൂടാതെയുള്ള നിന്റെ വിശ്വാസം എനിക്കു തെളിയിച്ചു തരിക, പ്രവൃത്തിയിലൂടെ ഉള്ള എന്റെ വിശ്വാസം ഞാനും തെളിയിച്ചു തരാം.

[19] ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നു. നല്ലതുതന്നെ! അശുദ്ധാത്മാക്കളും അത് വിശ്വസിക്കുകയും ഭയവിഹ്വലരാകുകയുംചെയ്യുന്നു.

[20] വിഡ്ഢിയായ മനുഷ്യാ, പ്രവൃത്തികൾ ഇല്ലാത്ത വിശ്വാസം നിഷ് പ്രയോജനമാണ് എന്നു മനസ്സിലാക്കാൻ നിനക്ക് ആഗ്രഹമുണ്ടോ?

[21] നമ്മുടെ പിതാവായ അബ്രഹാം പുത്രനായ ഇസഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ, പ്രവൃത്തിയാൽ അല്ലേ നീതീകരിക്കപ്പെട്ടത്?

[22] അദ്ദേഹത്തിന്റെ വിശ്വാസം പ്രവൃത്തിയോടു ചേർന്നു പ്രവർത്തിച്ചുവെന്നും പ്രവൃത്തിയാൽ വിശ്വാസം പൂർത്തീകരിക്കപ്പെട്ടുവെന്നും നിങ്ങൾ കാണുന്നല്ലോ?

[23] “അബ്രഹാം ദൈവത്തെ വിശ്വസിച്ചു. അത് അദ്ദേഹത്തിനു നീതിയായി കണക്കാക്കി” എന്നുള്ള തിരുവെഴുത്ത് ഇങ്ങനെ നിറവേറുകയും അദ്ദേഹം ദൈവത്തിന്റെ സ്നേഹിതൻ എന്നു വിളിക്കപ്പെടുകയുംചെയ്തു.

[24] അങ്ങനെ മനുഷ്യൻ വിശ്വാസംകൊണ്ടുമാത്രമല്ല, മറിച്ച് അവർ ചെയ്യുന്ന പ്രവൃത്തികൾകൊണ്ടുമാണ് നീതിനിഷ്ഠരായി കണക്കാക്കപ്പെടുന്നത്.

[25] അതുപോലെ രാഹാബ് എന്ന ഗണികയും ആ ചാരന്മാരെ സ്വീകരിക്കുകയും അവരെ വേറൊരു വഴിക്കു പറഞ്ഞയയ്ക്കുകയും ചെയ്തപ്പോൾ പ്രവൃത്തികളാൽ അല്ലേ നീതീകരിക്കപ്പെട്ടത്?

[26] ആത്മാവില്ലാത്ത ശരീരം നിർജീവം ആയിരിക്കുന്നതുപോലെ, പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു.

യാക്കോബ് എഴുതിയ ലേഖനം — Chapters